യു.പി.ഐ വഴി പ്രൊവിഡന്‍റ് ഫണ്ട് പിൻവലിക്കണോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

യു പി ഐ വഴി പ്രൊവിഡന്‍റ് ഫണ്ട് തുക പിൻവലിക്കുന്നത് ഇനി കൂടുതൽ എളുപ്പമാകും. ഇ.പി.എഫ്.ഒ ബാങ്കുകളുമായി ചേർന്ന് ഇതിന്‍റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പരിശോധന ആരംഭിച്ചു. ഡിസംബർ അവസാനത്തോടെ ഈ സൗകര്യം നിലവിൽ വരുമെന്നാണ് ലഭിക്കുന്ന വിവരം. യു പി ഐ വഴി പി. എഫ് തുക പിൻവലിക്കാൻ വരിസംഖ്യാക്കാരെ അനുവദിക്കുന്നതാണ് നിർദ്ദിഷ്ട സൗകര്യം. പിൻവലിക്കൽ പ്രക്രിയ ലളിതമാക്കുന്നതിനായി യു.എ.എൻ  പോർട്ടലിനെ വരിസംഖ്യാക്കാരുടെ യു.പി.ഐ അക്കൗണ്ടുകളുമായി ബന്ധിപ്പിക്കാൻ ഇ.പി.എഫ്.ഒ പദ്ധതിയിടുന്നുണ്ട്.

വരിസംഖ്യാക്കാരുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച ഒരു പുതിയ ആപ്പ് ഇ.പി.എഫ്.ഒ അവതരിപ്പിക്കാൻ പദ്ധതിയിടുന്നുവെന്നാണ് വിവരം. ഭീം ആപ്പ് മറ്റ് യു.പി.ഐ ആപ്പുകൾ എന്നിവയുമായി ഇത് ഘടിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. നിലവിൽ, യു.എ.എൻ പോർട്ടൽ വഴി ഓൺലൈനായാണ് വരിസംഖ്യാക്കാർ ക്ലെയിം സമർപ്പിക്കുന്നത്. ക്ലെയിം പരിശോധിച്ച് അംഗീകരിച്ച ശേഷം ഇ.പി.എഫ്.ഒ തുക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നു. തുടർന്ന് ബാങ്ക് വഴിയാണ് ജീവനക്കാർക്ക് ഈ പണം ഉപയോഗിക്കാൻ സാധിക്കുന്നത്. നിർദ്ദിഷ്ട സംവിധാനം വഴി ഇത് കൂടുതൽ എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ സാധിക്കും.

പിൻവലിക്കലിന് പരിധിയുണ്ടാകും

വരിസംഖ്യാക്കാർക്ക് അവരുടെ അർഹതപ്പെട്ട പി.എഫ് ബാലൻസിന്റെ 75% വരെ യു.പി.ഐ വഴി പിൻവലിക്കാൻ സാധിക്കും. ഇത് ചില നിബന്ധനകൾക്ക് വിധേയമായിരിക്കും. നിലവിലെ നിയമപ്രകാരം കുറഞ്ഞത് 25% തുക പി.എഫ് അക്കൗണ്ടിൽ തന്നെ നിലനിർത്തണം. വിദ്യാഭ്യാസം, വിവാഹം, ഭവന ആവശ്യങ്ങൾ തുടങ്ങിയ ഹ്രസ്വകാല ആവശ്യങ്ങൾക്കാണ് ഈ പിൻവലിക്കൽ അനുമതിയുള്ളത്. അക്കൗണ്ടിൽ അവശേഷിക്കുന്ന തുകക്ക് നികുതിരഹിത പലിശ തുടർന്നും ലഭിക്കും. 

Tags:    
News Summary - provident fund withdrawal through UPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.