സ്വർണം, വെള്ളി വില കുത്തനെ ഇടിയുന്നു; ഇ.ടി.എഫ് നിക്ഷേപകർ നഷ്ടത്തിൽ

മുംബൈ: സർവകാല റെക്കോഡിൽനിന്ന് സ്വർണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഇടിഞ്ഞതോടെ കനത്ത നഷ്ടത്തിലായി ആയിരക്കണക്കിന് നിക്ഷേപകർ. വില കുതിച്ചുയരുന്നതിനിടെ തിരക്കിട്ട് സ്വർണവും വെള്ളിയും വാങ്ങിക്കൂട്ടിയവർക്കും ഗോൾഡ്, സിൽവർ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിൽ നിക്ഷേപം നടത്തിയവർക്കുമാണ് നഷ്ടം നേരിട്ടത്. ഒക്ടോബർ 17ന് സർവകാല റെക്കോഡ് തൊട്ട സ്വർണ വിലയിൽ അഞ്ച് ശതമാനത്തിന്റെ ഇടിവാണുണ്ടായത്. അതായത് 97,360 രൂപയിൽനിന്ന് 91,720 രൂപയിലെത്തി. അ​തുപോലെ വെള്ളി വിലയും കൂപ്പുകുത്തി. 15 ശതമാനത്തിന്റെ ഇടിവാണ് വെള്ളി വിലയിലുണ്ടായത്. ഇന്ത്യൻ ബുള്ള്യൻ ആൻഡ് ജ്വല്ലേസ് അസോസിയേഷൻ കണക്കുകൾ പ്രകാരം ഒരു കിലോ ഗ്രാം ​വെള്ളിക്ക് 1.89 ലക്ഷത്തിൽനിന്ന് 1.59 ലക്ഷത്തിലേക്കാണ് കുറഞ്ഞത്. എന്നാൽ, നഷ്ടം നേരിട്ടതിൽ നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.

ഒരാഴ്ചക്കിടെയുണ്ടായ കനത്തിൽ വിലയിടിവിൽ സിൽവർ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾക്കാണ് ഏറ്റവും നഷ്ടം നേരിട്ടത്. നിപ്പോൺ സിൽവർ ബീസ്, ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ സിൽവർ ഇ.ടി.എഫ് എന്നിവർ കൈകാര്യം ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ സിൽവർ ഇ.ടി.എഫുകളിൽ 21 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. മൂന്ന് ശതമാനത്തിലേറെ നഷ്ടത്തിലാണ് ഗോൾഡ് ഇ.ടി.എഫ് വ്യാപാരം ചെയ്യപ്പെടുന്നത്.

ചെറുകി നിക്ഷേപകർ വാങ്ങിയതുകൊണ്ട് മാത്രമല്ല, വിവിധ രാജ്യങ്ങളുടെ സെൻട്രൽ ബാങ്കുകളും നിക്ഷേപ സ്ഥാപനങ്ങളും കോടിക്കണക്കിന് രൂപ നിക്ഷേപിച്ചത് കാരണമാണ് സ്വർണ വില കഴിഞ്ഞ ആഴ്ച സർവകാല റെക്കോഡ് തൊട്ടതെന്ന് ആനന്ദ്‍ രതി വെൽതിന്റെ കറൻസി ആൻഡ് കമ്മോഡിറ്റീസ് ഡയറക്ടറായ നവീൻ മഥൂർ പറഞ്ഞു.

ഡോളറിന് പകരമാണ് സുരക്ഷിത ആസ്തിയായ സ്വർണം കരുതൽ ശേഖരമായി സെൻട്രൽ ബാങ്കുകൾ വാങ്ങിക്കൂട്ടിയത്. സെൻട്രൽ ബാങ്കുകളും പെൻഷൻ ഫണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ് കമ്പനികൾ, ഹെഡ്ജ് ഫണ്ടുകൾ എന്നിവ ഉൾപ്പെടുന്ന വൻകിട നിക്ഷേപ സ്ഥാപനങ്ങളും ദീർഘകാല നിക്ഷേപകരാണ്. വില കുതിച്ചുയർന്നതിനാൽ ഒരു വിഭാഗം നിക്ഷേപകർ സ്വർണം വിറ്റ് ലാഭമെടുത്തതോടെയാണ് ഇടിവുണ്ടായത്. എന്നാൽ, ആശങ്കപ്പെടുന്നത് പോലെ സ്വർണ വിലയിടിവ് രൂക്ഷമാകില്ലെന്നും മഥൂർ ഉറപ്പുനൽകി.

സ്വർണം ഈ വർഷം 62 ശതമാനത്തിന്റെയും വെള്ളി 77 ശതമാനത്തിന്റെയും ലാഭമാണ് നിക്ഷേപകർക്ക് സമ്മാനിച്ചത്. ആഗോള രാഷ്ട്രീയ സാമ്പത്തിക അനിശ്ചിതാവസ്ഥയും താരിഫ് ഭീഷണിയും വിലക്കയറ്റത്തിന് ഇന്ധനം പകർന്നു. ഇന്ത്യയുടെ മാത്രം സ്വർണത്തിന്റെ കരുതൽ ശേഖരം ജൂണിലെ 9.6 ശതമാനത്തിൽനിന്ന് 13.1 ശതമാനത്തിലേക്ക് വളർന്നു.

അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണ വിലയിൽ 7.9 ശതമാനത്തിന്റെ കുറവാണുണ്ടായത്. ചൈനയുമായി വ്യാപാര കരാറിലെത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ സൂചനകളാണ് സ്വർണം വിൽക്കാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത്.

വ്യവസായ മേഖലയിൽനിന്നും ദീപാവലിക്ക് നിക്ഷേപകരിൽനിന്നും ശക്തമായ ഡിമാൻഡുണ്ടായത് കാരണം ഒക്ടോബർ പത്ത് മുതൽ വളരെ ഉയർന്ന വിലയിലാണ് സിൽവർ ഇ.ടി.എഫുകൾ ട്രേഡ് ചെയ്യപ്പെട്ടത്. ഭൗതിക രൂപത്തിലുള്ള വെള്ളിക്ക് ക്ഷാമം നേരിട്ടതോടെ ഡിമാൻഡ് കത്തിക്കയറി. എന്നാൽ, ​വെള്ളിയുടെ ക്ഷാമവും വിതരണത്തിൽ നേരിട്ട പ്രതിസന്ധിയും അയഞ്ഞതോടെ വില താഴേക്ക് വീണു. ഇതുകാരണം സിൽവർ ഇ.ടി.എഫിൽ നിക്ഷേപം തുടങ്ങിയവർ കനത്ത നഷ്ടത്തിലാണ്.

അതേസമയം, വെള്ളി വിലയിൽ കുറച്ചുകാലം അനിശ്ചിതാവസ്ഥ തുടരുമെങ്കിലും ദീർഘകാല നിക്ഷേപത്തിനുള്ള സാഹചര്യം ​പോസിറ്റിവാണെന്ന് നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ടിലെ കമോഡിറ്റീസ് മേധാവിയും ഫണ്ട് മാനേജറുമായ വിക്രം ധവാൻ അഭിപ്രായപ്പെട്ടു. ​വ്യത്യസ്ത ആസ്തികളിൽ ദീർഘകാലത്തേക്ക് നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് വെള്ളി ഇപ്പോഴും വാങ്ങിക്കാം. ഇ.ടി.എഫ്, മ്യൂച്ച്വൽ ഫണ്ടുകൾ, ഫിസിക്കൽ വെള്ളി തുടങ്ങിയ എല്ലാത്തിലുമായി കുറച്ചു നിക്ഷേപം ക്രമീകരിക്കണം. എന്നാൽ, ആഗോള സാമ്പത്തിക വളർച്ചയിലും നയം മാറ്റത്തിലും നിക്ഷേപകർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

നവംബർ, ഡിസംബർ കാലയളവ് അവധി ആഘോഷ സമയമായതിനാൽ അന്താരാഷ്ട്ര വിപണിയിൽ വെള്ളി വ്യാപാരം മന്ദഗതിയിലാകും. ഈ കാലയളവിൽ വിലയിൽ കാര്യമായ ഏറ്റക്കുറച്ചിലുണ്ടാകാൻ സാധ്യതയുണ്ട്. മാത്രമല്ല, വ്യവസായ മേഖലയുടെ ഡിമാൻഡിന് അനുസരിച്ചും വെള്ളി വിലയിൽ മാറ്റമുണ്ടാകും. ഇലക്ട്രിക് വാഹങ്ങളിലും സോളാർ പാനലുകളിലും വൻ തോതിൽ വെള്ളി ഉപയോഗിക്കുന്നതിനാലാണിത്. യു.​എസിൽ പുനരുൽപാദന ഊർജ മേഖലയുടെയും ചൈനയുടെ ഉത്പാദന മേഖലയുടെയും വളർച്ച കുറയുകയും ഡോളർ ഡിമാൻഡും ബോണ്ട് ആദായവും വർധിക്കുകയും ചെയ്താൽ നിക്ഷേപകർ വെള്ളി വിൽക്കുമെന്നും ധവാൻ കൂട്ടിച്ചേർത്തു.

അതേസമയം, സ്വർണ വിലയിൽ ഇനിയും കുറച്ച് ഇടിവ് നേരിടാൻ സാധ്യതയുമെങ്കിലും വൻ വിലക്കുറവ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ദീപാവലി ആഘോഷത്തിന് തുടക്കം കുറിക്കുന്ന ധൻതേരസ് ദിവസത്തിന് ശേഷം സ്വർണ വില എല്ലാ വർഷവും ഇടിയാറുണ്ടെന്ന് ആൾ ഇന്ത്യ ജെംസ് ആൻഡ് ജ്വല്ലറി കൗൺസിൽ ചെയർമാൻ രാജേഷ് റോക്ഡെ ചൂണ്ടിക്കാട്ടി. വില ഇടിയുമെങ്കിലും ദീപാവലിക്ക് ശേഷം സ്വർണത്തിന്റെ ഡിമാൻഡ് വർധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗോൾഡ്, സിൽവർ ഇ.ടി.എഫുകൾക്ക് പകരം സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്.ഐ.പി), അല്ലെങ്കിൽ സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാനുകളാണ് ദീർഘകാല നിക്ഷേപകർക്ക് മികച്ചതെന്ന് കൊട്ടക് അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ ഫണ്ട് മാനേജർ സതീഷ് ദൊൻഡപതി പറഞ്ഞു.

Tags:    
News Summary - gold, silver price fall hits etf investors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.