ഇ.പി.എഫ് വിഹിതം വർധിക്കുമോ? നിർബന്ധമാകുമോ?ഇ.പി.എഫ് ശമ്പള പരിധി വർധന സംബന്ധിച്ച പ്രധാന സംശയങ്ങൾ
പി.എഫ് ശമ്പള പരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്താനുള്ള സർക്കാറിന്‍റെ തീരുമാനം അടുത്തകാലത്തെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക സുരക്ഷാ പരിഷ്കാരങ്ങളിലൊന്നാണ്. ഈ നീക്കം കൂടുതൽ ജീവനക്കാരിലേക്ക് പി.എഫ്, പെൻഷൻ, ഇൻഷുറൻസ് പരിരക്ഷ എന്നിവ വ്യാപിപ്പിക്കുമെന്നും, അതോടൊപ്പം നിലവിലുള്ള അംഗങ്ങളുടെ വിരമിക്കൽ ആനുകൂല്യങ്ങൾ വർധിപ്പിക്കുമെന്നുമാണ് പ്രതീക്ഷ.
ഈ അവസരത്തിൽ ജീവനക്കാരെ സംബന്ധിച്ചിടത്തോളം പ്രാഥമികമായ ചോദ്യം ഒന്നായിരിക്കും: ഇത് തന്നെ എങ്ങനെ ബാധിക്കും?
ഒരു ജീവനക്കാരന്‍റെ ശമ്പള ഘടന, പ്രൊവിഡന്‍റ് ഫണ്ട് അംഗത്വ പദവി, പെൻഷൻ പരിരക്ഷ എന്നിവയെ ആശ്രയിച്ചായിരിക്കും ഇതിന്‍റെ ഉത്തരം. ചില ജീവനക്കാർക്ക് ഉയർന്ന പി.എഫ് വിഹിതം ഈടാക്കുമ്പോൾ, മറ്റു ചിലർക്ക് ആദ്യമായി സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമായേക്കാം. ഈ മാറ്റം ദീർഘകാല റിട്ടയർമെന്‍റ് സമ്പാദ്യത്തിലും പെൻഷൻ അവകാശത്തിലും കാര്യമായ സ്വാധീനം ചെലുത്തും.
ജീവനക്കാർ അറിഞ്ഞിരിക്കേണ്ട ചില പ്രധാന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും
ഞാൻ നിർബന്ധമായും പി.എഫ് പരിധിയിൽ വരുമോ?
2020ലെ 'കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി' പ്രകാരമുള്ള അധിഷ്ഠിത ശമ്പളം 25,000 രൂപ വരെയുള്ള ജീവനക്കാർ ഇനി നിർബന്ധമായും പി.എഫ് പരിധിയിൽ വരും. മുമ്പ് നിർബന്ധിത പരിധിക്ക് പുറത്തായിരുന്ന, 15,000 രൂപയ്ക്കും 25,000 രൂപയ്ക്കും ഇടയിൽ ശമ്പളമുള്ള ജീവനക്കാരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുക.
പി.എഫ് വിഹിതം എത്രത്തോളം വർധിക്കും? ടേക്ക്-ഹോം (കൈയിൽ കിട്ടുന്ന) ശമ്പളം കുറയുമോ?
ചില ജീവനക്കാർക്ക് ടേക്ക് ഹോം ശമ്പളം കുറയാൻ സാധ്യതയുണ്ട്. ഈ മാറ്റം പ്രധാനമായും രണ്ട് വിഭാഗം ജീവനക്കാരെ ബാധിച്ചേക്കാം:
- പ്രതിമാസ ശമ്പളം 25,000 രൂപയോ അതിൽ കൂടുതലോ ഉള്ളവരും, എന്നാൽ പി.എഫ് വിഹിതം മുമ്പത്തെ പരിധിയായ 15,000 രൂപയിൽ ക്ലിപ്പ് ചെയ്തിരുന്നവരുമായ ജീവനക്കാർ.
- പ്രതിമാസ ശമ്പളം 15,000 രൂപയ്ക്ക് മുകളിലും 25,000 രൂപ വരെയുമുള്ള ജീവനക്കാർ (പുതായി നിർബന്ധിത പരിധിയിൽ വന്നവർ ഉൾപ്പെടെ).
ഈ ജീവനക്കാരുടെ പി.എഫ് വിഹിതം ഇനി മുതൽ പരിഷ്കരിച്ച 25,000 രൂപ എന്ന പരിധിയിലോ അല്ലെങ്കിൽ അവരുടെ യഥാർഥ ശമ്പളത്തിലോ (ശമ്പളം പരിധിയേക്കാൾ കുറവാണെങ്കിൽ) കണക്കാക്കും.
ഇതിനകം തന്നെ 25,000 രൂപയ്ക്ക് മുകളിലുള്ള ശമ്പളത്തിൽ പി.എഫ് വിഹിതം നൽകുന്ന ജീവനക്കാരുടെ ആകെ പ്രതിമാസ പി.എഫ് വിഹിതത്തിൽ വർദ്ധനവുണ്ടാകില്ല. എങ്കിലും, തൊഴിൽ ദാതാവിന്‍റെ വിഹിതത്തിൽ പ്രൊവിഡന്‍റ് ഫണ്ടിലേക്കും പെൻഷനിലേക്കുമുള്ള വിഭജനത്തിൽ മാറ്റം വന്നേക്കാം.
മുമ്പ് 15,000 രൂപ പരിധിയിലായിരുന്നപ്പോൾ പരമാവധി പ്രതിമാസ വിഹിതം 1,800 രൂപയായിരുന്നു. എന്നാൽ ശമ്പള പരിധി 25,000 രൂപയായി ഉയർത്തിയതോടെ പ്രതിമാസ വിഹിതം 3,000 രൂപ വരെയാകാം. അതിനാൽ, ജീവനക്കാരുടെ പ്രതിമാസ പി.എഫ് വിഹിതത്തിൽ 1,200 രൂപ വരെ കൂടുതൽ പിടിക്കാനും അത് കൈയിൽ കിട്ടുന്ന ശമ്പളം കുറയ്ക്കാനും ഇടയാക്കും.
മുമ്പ് പി.എഫ് പരിധിക്ക് പുറത്തായിരുന്നതും ഇപ്പോൾ പുതുതായി ഇതിൽ ഉൾപ്പെട്ടതുമായ ജീവനക്കാരെയായിരിക്കും ഇത് കൂടുതൽ ബാധിക്കുക. മുമ്പ് ഇവരുടെ ശമ്പളത്തിൽ നിന്ന് തുകയൊന്നും ഈടാക്കാതിരുന്നതിനാൽ, പുതിയ വിഹിതത്തിന്‍റെ മുഴുവൻ തുകയും ഇവരുടെ കൈയിൽ കിട്ടുന്ന ശമ്പളത്തിൽ കുറവായി പ്രതിഫലിക്കാം.
കൈയിൽ കിട്ടുന്ന ശമ്പളത്തിൽ ഉണ്ടാകുന്ന ഈ കുറവ് തുക നഷ്ടപ്പെടുകയോ നികുതിയായി നൽകുകയോ ചെയ്യുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇത് ജീവനക്കാരന്‍റെ പി.എഫ് അക്കൗണ്ടിൽ നിക്ഷേപിക്കപ്പെടുകയും റിട്ടയർമെന്‍റ് സമ്പാദ്യത്തിന്‍റെ ഭാഗമാവുകയും ചെയ്യുന്നു. ചുരുക്കത്തിൽ, ജീവനക്കാരുടെ കൈവശമുള്ള തുക തൽക്കാലം കുറയുമെങ്കിലും ദീർഘകാല സാമ്പത്തിക ഭദ്രത വർധിക്കും.
ഈ മാറ്റം പി.എഫിനെ മാത്രമാണോ അതോ മറ്റ് ആനുകൂല്യങ്ങളെയും ബാധിക്കുമോ?
ഇല്ല, ഇത് പി.എഫിനെ മാത്രമല്ല ബാധിക്കുന്നത്. പരിഷ്കരിച്ച ശമ്പള പരിധി പ്രധാനപ്പെട്ട മൂന്ന് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളെ ബാധിക്കുന്നു.
ഇ.പി.എഫ്: ജീവനക്കാർക്ക് റിട്ടയർമെന്‍റ് സമ്പാദ്യം ഉണ്ടാക്കാൻ സഹായിക്കുന്നു.
എംപ്ലോയീസ് പെൻഷൻ സ്കീം: യോഗ്യരായ അംഗങ്ങൾക്ക് പ്രതിമാസ പെൻഷൻ നൽകുന്നു.
എംപ്ലോയീസ് ഡിപ്പോസിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് സ്കീം: ജോലിയിലായിരിക്കുമ്പോൾ ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷ നൽകുന്നു.
അതിനാൽ ഈ പരിഷ്കാരം കേവലം ഒരു പി.എഫ് വിഹിത വർധനവ് മാത്രമല്ല. ഇത് റിട്ടയർമെന്‍റ് സമ്പാദ്യം, പെൻഷൻ പരിരക്ഷ/അവകാശം, ഇൻഷുറൻസ് ആനുകൂല്യങ്ങൾ എന്നിവയെയും ബാധിക്കുന്നു.
നിർബന്ധമായും പെൻഷൻ സ്കീമിൽ അംഗമാകേണ്ടതുണ്ടോ?
ശമ്പള പരിധി ഉയർത്തിയതോടെ, 15,000 രൂപയ്ക്ക് മുകളിലും 25,000 രൂപ വരെയുമുള്ള ശമ്പളമുള്ള ജീവനക്കാർ മുമ്പ് പെൻഷൻ സ്കീമിൽ അംഗങ്ങളല്ലായിരുന്നുവെങ്കിൽ അവർ ഇനി പെൻഷൻ പരിരക്ഷയ്ക്ക് കീഴിൽ വരും.
നിലവിൽ പെൻഷൻ സ്കീമിൽ അംഗമാണെങ്കിൽ പെൻഷൻ വിഹിതത്തിൽ മാറ്റമുണ്ടാകുമോ?
ഉണ്ടാകും. തൊഴിൽ ദാതാവിന്റെ 12% വിഹിതം പ്രൊവിഡന്റ് ഫണ്ടിലേക്കും പെൻഷൻ സ്കീമിലേക്കുമായി വിഭജിക്കപ്പെടുന്നു. പെൻഷൻ സ്കീമിലേക്ക് മാറ്റുന്ന തുക ശമ്പളത്തിന്‍റെ 8.33% ആണ് (ബാധകമായ ശമ്പള പരിധിക്ക് വിധേയമായി). ബാക്കി തുക ജീവനക്കാരന്റെ പി.എഫ് അക്കൗണ്ടിലേക്ക് പോകുന്നു.
പരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തിയതോടെ, പെൻഷൻ സ്കീമിലേക്ക് പോകുന്ന പരമാവധി പ്രതിമാസ തുക 1,250 രൂപയിൽ നിന്ന് 2,083 രൂപയായി ഉയരാം. ഇതിന്റെ ഫലമായി, തൊഴിൽ ദാതാവിന്‍റെ വിഹിതത്തിൽ വലിയൊരു പങ്ക് പെൻഷനിലേക്ക് പോകുകയും, പ്രൊവിഡന്‍റ് ഫണ്ട് അക്കൗണ്ടിലേക്ക് പോകുന്ന തുക അതിനനുസരിച്ച് കുറയുകയും ചെയ്യാം. 25,000 രൂപയ്ക്ക് മുകളിൽ ശമ്പളമുള്ള നിലവിലുള്ള പെൻഷൻ അംഗങ്ങളെയും ഈ മാറ്റം ബാധിച്ചേക്കാം.
ഭാവിയിൽ ലഭിക്കുന്ന പെൻഷൻ തുക വർധിക്കുമോ?
വർധിക്കാൻ സാധ്യതയുണ്ട്. പെൻഷൻ സ്കീമിന് കീഴിലുള്ള പ്രതിമാസ പെൻഷൻ തുക, പെൻഷന് അർഹമായ ശമ്പളത്തെയും (പരിധിക്ക് വിധേയമായി) സർവിസ് കാലയളവിനെയും അടിസ്ഥാനമാക്കിയുള്ളതാണ്. പെൻഷന് അർഹമായ ശമ്പള പരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തിയതിനാൽ, യോഗ്യരായ ജീവനക്കാർക്ക് വിരമിക്കുമ്പോൾ മുമ്പത്തേതിനേക്കാൾ ഉയർന്ന പെൻഷൻ ലഭിച്ചേക്കാം.
എന്നാൽ, ഈ വർധനവ് എല്ലാവർക്കും ഒരേപോലെയായിരിക്കില്ല. ശരാശരി പെൻഷൻ ശമ്പളം, സർവിസ് വർഷങ്ങൾ, പുതിയ പരിധിയിൽ വിഹിതം അടച്ച കാലയളവ്, സ്കീമിന്‍റെ നിബന്ധനകൾ എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും യഥാർഥ പെൻഷൻ തുക നിർണ്ണയിക്കുന്നത്.
മാറ്റങ്ങളുടെ ആഘാതം മനസ്സിലാക്കാൻ ശമ്പള സ്ലിപ്പിലോ പി.എഫ് പാസ്ബുക്കിലോ എന്താണ് പരിശോധിക്കേണ്ടത്?
ഈ മാറ്റം നിങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കാൻ ശമ്പള സ്ലിപ്പിലും പി.എഫ് പാസ്ബുക്കിലും താഴെ പറയുന്ന കാര്യങ്ങൾ പരിശോധിക്കാവുന്നതാണ്:
- പി.എഫ്, പെൻഷൻ അംഗത്വ പദവി
- ജീവനക്കാരന്റെ പി.എഫ് വിഹിതം
- തൊഴിൽ ദാതാവിന്റെ ആകെ വിഹിതം
- വിഹിതം കണക്കാക്കാൻ എടുത്ത ശമ്പളം
- EPF, EPS എന്നിവ തമ്മിലുള്ള വിഭജനം
പ്രതിമാസ വിഹിതത്തിനും അപ്പുറമുള്ള കാര്യങ്ങൾ
പല ജീവനക്കാരുടെയും ഉടനടിയുള്ള ശ്രദ്ധ കൈയിൽ കിട്ടുന്ന ശമ്പളത്തിലുണ്ടാകുന്ന കുറവിലേക്കായിരിക്കും. എങ്കിലും, ഈ പുതുക്കിയ ശമ്പള പരിധിയെ ദീർഘകാല വീക്ഷണത്തോടെ കാണേണ്ടതുണ്ട്.
പുതായി നിർബന്ധിത പരിധിയിൽ വന്ന ജീവനക്കാർക്ക് ഈ മാറ്റം ഔദ്യോഗിക റിട്ടയർമെന്റ് സമ്പാദ്യം, പെൻഷൻ പരിരക്ഷ, ഇൻഷുറൻസ് എന്നിവ ഉറപ്പാക്കുന്നു. നിലവിലുള്ള അംഗങ്ങൾക്ക് ഇത് ഉയർന്ന വിഹിതം നൽകാനും, പി.എഫും പെൻഷനും തമ്മിൽ മെച്ചപ്പെട്ട രീതിയിൽ വിഭജിക്കാനും, ഭാവിയിൽ ഉയർന്ന പെൻഷൻ ലഭിക്കാനും വഴിയൊരുക്കുന്നു.
ശമ്പളത്തിൽ നിന്ന് എത്ര തുക പിടിക്കുന്നു എന്നതുമാത്രമല്ല, ആ തുക എവിടെ നിക്ഷേപിക്കപ്പെടുന്നുവെന്നും അത് തങ്ങളുടെ ദീർഘകാല സാമ്പത്തിക ഭദ്രതയെ എങ്ങനെ സഹായിക്കുന്നുവെന്നും ജീവനക്കാർ മനസ്സിലാക്കണം. കൂടാതെ, വിവാഹം, വീട് വാങ്ങൽ, ചികിത്സ തുടങ്ങിയ പ്രധാന ആവശ്യങ്ങൾക്ക് ഇ.പി.എഫ്.ഒ (EPFO) ഓൺലൈൻ പോർട്ടൽ വഴി ലളിതമായ പ്രക്രിയയിലൂടെ ഭാഗികമായി തുക പിൻവലിക്കാനും സാധിക്കും.
അതുകൊണ്ട് ഈ പരിഷ്കാരത്തെ കേവലം ഒരു പ്രതിമാസ ശമ്പളക്കുറവായി കാണാതെ, ജീവനക്കാരുടെയും കുടുംബത്തിന്റെയും മെച്ചപ്പെട്ട സാമ്പത്തിക ഭദ്രതയ്ക്കുള്ള ഒരു നിക്ഷേപമായി കാണാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.