അപകട മരണ ഇൻഷുറൻസ്: 1 കോടി വരെ ലഭിക്കുന്ന ആക്‌സിഡെന്റൽ ഡെത്ത് ബെനിഫിറ്റ് റൈഡർ എടുക്കേണ്ടതിന്‍റെ ആവശ്യകത
അപകട മരണങ്ങൾ കുടുംബങ്ങളെ വൈകാരികവും സാമ്പത്തികവുമായ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടും, പ്രത്യേകിച്ചും മരിച്ചയാൾ കുടുംബത്തിലെ പ്രധാന വരുമാന സ്രോതസ്സായിരുന്നെങ്കിൽ. ടേം ഇൻഷുറൻസ് സാധാരണ മരണങ്ങളിൽ നിന്ന് സാമ്പത്തിക പരിരക്ഷ നൽകുമ്പോൾ അപകടം മൂലം മരണം സംഭവിക്കുകയാണെങ്കിൽ ഒരു ആക്‌സിഡെന്റൽ ഡെത്ത് ബെനിഫിറ്റ് റൈഡർ വഴി അധിക തുക ലഭിക്കും.
എന്താണ് ആക്‌സിഡെന്റൽ ഡെത്ത് ബെനിഫിറ്റ് (ADB) റൈഡർ?
അടിസ്ഥാന ടേം ലൈഫ് ഇൻഷുറൻസ് പോളിസിയോടൊപ്പം ചേർക്കാവുന്ന ഒരു ഓപ്ഷനൽ ആഡ്-ഓൺ ആണ് എ.ഡി.ബി (ADB) റൈഡർ. റൈഡർ പരിധിയിൽ വരുന്ന ഒരു അപകടത്തിൽ പോളിസി ഉടമ മരിക്കുകയാണെങ്കിൽ, നോമിനിക്ക് അടിസ്ഥാന സം അഷുർ തുകയ്ക്ക് പുറമെ അധിക തുകയായി ലംപ്സം (lump-sum) തുക ലഭിക്കും.
ഉദാഹരണത്തിന്, ഒരാൾക്ക് 1 കോടി രൂപയുടെ ടേം ഇൻഷുറൻസ് പോളിസിയുണ്ടെന്നും അതിനോടൊപ്പം 50 ലക്ഷം രൂപയുടെ എ.ഡി.ബി റൈഡറും ചേർത്തിട്ടുണ്ടെന്നും കരുതുക. റൈഡറിനായി പ്രതിമാസം 800 മുതൽ 1,000 രൂപ വരെ അധികമായി നൽകുകയാണെങ്കിൽ, അപകടത്തിൽ മരണം സംഭവിച്ചാൽ കുടുംബത്തിന് മൊത്തം 1.5 കോടി രൂപ ലഭിക്കും (അടിസ്ഥാന പോളിസിയിൽ നിന്ന് 1 കോടിയും റൈഡറിൽ നിന്ന് 50 ലക്ഷവും). എന്നാൽ, അസുഖം മൂലമോ മറ്റ് അപകടമല്ലാത്ത കാരണങ്ങളാലോ ആണ് പോളിസി ഉടമ മരിക്കുന്നതെങ്കിൽ, 1 കോടി രൂപയുടെ അടിസ്ഥാന കവർ മാത്രമേ സാധാരണയായി ലഭിക്കൂ.
അധിക തുക എന്തിനൊക്കെ ഉപയോഗിക്കാം?
അപകടത്തെത്തുടർന്നുണ്ടാകുന്ന പെട്ടെന്നുള്ള സാമ്പത്തിക ബാധ്യതകൾ നേരിടാൻ ഈ അധിക തുക സഹായിക്കും. മെഡിക്കൽ ചെലവുകൾ, കുടിശ്ശികയായ വായ്പകൾ, ഗാർഹിക ചെലവുകൾ, മറ്റ് അപ്രതീക്ഷിത ചെലവുകൾ എന്നിവ ഇതിൽ ഉൾപ്പെടാം. എന്നാൽ, എ.ഡി.ബി റൈഡറിന് ചില നിബന്ധനകളും ഒഴിവാക്കലുകളും ഉണ്ട്. പോളിസി അനുസരിച്ച്, സ്വയം വരുത്തിവയ്ക്കുന്ന പരിക്കുകൾ, മദ്യപാനമോ ലഹരിമരുന്ന് ഉപയോഗമോ മൂലമുള്ള അപകടങ്ങൾ, അപകടകരമായ പ്രവർത്തനങ്ങൾ, നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ പങ്കാളിയാകൽ തുടങ്ങിയ സാഹചര്യങ്ങളിൽ ക്ലെയിം ലഭിക്കണമെന്നില്ല.
അപകടവും തുടർന്നുള്ള മരണവും തമ്മിലുള്ള സമയപരിധി ചില പോളിസികൾ വ്യക്തമാക്കുന്നുണ്ട്. ഇത് സാധാരണയായി 90 മുതൽ 180 ദിവസം വരെയാകാം. അതിനാൽ പോളിസി വ്യവസ്ഥകൾ ഉപയോക്താക്കൾ ശ്രദ്ധാപൂർവ്വം വായിച്ചു മനസ്സിലാക്കണം.
ആരെല്ലാം എ.ഡി.ബി (ADB) റൈഡർ പരിഗണിക്കണം?
തങ്ങളുടെ വരുമാനത്തെ ആശ്രയിക്കുന്ന കുടുംബാംഗങ്ങളുള്ളവർ, ഫാക്ടറികൾ പോലുള്ള താരതമ്യേന ഉയർന്ന അപകടസാധ്യതയുള്ള തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്നവർ, ജോലിയുടെ ഭാഗമായി നിരന്തരം യാത്ര ചെയ്യുന്നവർ എന്നിവർക്ക് ഈ റൈഡർ വളരെ പ്രയോജനപ്രദമായിരിക്കും. എല്ലാവർക്കും എ.ഡി.ബി റൈഡർ അത്യാവശ്യമാണെന്നില്ല. നിലവിലുള്ള ടേം ഇൻഷുറൻസ് കവർ ഇതിനകം തന്നെ പര്യാപ്തമാണെങ്കിൽ അടിസ്ഥാന സം അഷുർ തുക വർധിപ്പിക്കുന്നത് കൂടുതൽ മികച്ച പരിരക്ഷ നൽകും.
ഒരു എ.ഡി.ബി റൈഡർ വാങ്ങുന്നതിന് മുമ്പ്, ഉപയോക്താക്കൾ അതിന്റെ ചെലവും അധിക കവറേജും താരതമ്യം ചെയ്യുകയും, അപകടത്തിന്‍റെ നിർവ്വചനം പരിശോധിക്കുകയും, ഒഴിവാക്കലുകളും ക്ലെയിം വ്യവസ്ഥകളും മനസിലാക്കുകയും വേണം. ചുരുക്കത്തിൽ, ടേം ഇൻഷുറൻസിന് പകരമായിട്ടല്ല, മറിച്ച് അതിനൊരു അനുബന്ധമായിട്ടാണ് എ.ഡി.ബി റൈഡറെ കാണേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.