ഒക്ടോബർ 1 മുതൽ എൻ.ആർ.ഐയിൽ നിന്ന് വസ്തു വാങ്ങുന്നത് കൂടുതൽ ലളിതമാകും: വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഒക്ടോബർ 1 മുതൽ, നോൺ-റസിഡന്‍റിൽ നിന്ന് പ്രോപ്പർട്ടി വാങ്ങുന്ന റസിഡന്‍റുകളായ വ്യക്തികളും ഹിന്ദു അൺഡിവൈഡഡ് ഫാമിലികളും സ്രോതസിൽ നികുതി കുറയ്ക്കുന്നതിന് (TDS) പ്രത്യേകമായി ടാൻ (TAN) എടുക്കേണ്ടതില്ല. പകരം, ടി.ഡി.എസ് കുറയ്ക്കുന്നതിനും അടയ്ക്കുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനും വാങ്ങുന്നവർക്ക് അവരുടെ പെർമനന്‍റ് അക്കൗണ്ട് നമ്പറായ പാൻ ഉപയോഗിക്കാം.

പുതിയ ആദായനികുതി നിയമത്തിലേക്കുള്ള മാറ്റത്തിന്‍റെ ഭാഗമായാണിത്. പ്രവാസി വിൽപ്പനക്കാരുമായി ഇടപാട് നടത്തുന്ന വ്യക്തികൾക്ക് നിയമപരമായ നടപടിക്രമങ്ങൾ എളുപ്പമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

1. എൻ.ആർ.ഐയിൽ നിന്ന് വസ്തു വാങ്ങുമ്പോൾ ഇനി പ്രത്യേക 'ടാൻ' ആവശ്യമില്ല

നിലവിലെ സംവിധാനം: നിലവിൽ ഒരു പ്രവാസിയിൽ നിന്ന് പ്രോപ്പർട്ടി വാങ്ങുന്ന റസിഡന്റായ വ്യക്തിയോ എച്ച്.യു.എഫോ (HUF) ടി.ഡി.എസ് ഈടാക്കുകയും ഇടപാടിനായി ഒരു ടാൻ കരസ്ഥമാക്കുകയും വേണം. വലിയ ഇടപാടുകളിലെ ഭാരം കുറയുന്നു. പ്രോപ്പർട്ടി വാങ്ങുന്നത് ഒരു  വ്യക്തിയാണെങ്കിൽ വലിയൊരു പ്രോപ്പർട്ടി ഇടപാടിനിടയിൽ ടാൻ മറ്റൊരു നൂലാമാലയായി മാറാറുണ്ട്.

2026 ലെ ബജറ്റ് ആദായ നികുതി വകുപ്പ് ടാൻ വ്യവസ്ഥ 2026 ഒക്ടോബർ 1 മുതൽ ഒഴിവാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ടാനിനു പകരം ടി.ഡി.എസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വാങ്ങുന്നവർക്ക് അവരുടെ പാൻ (PAN) ഉപയോഗിക്കാം. പ്രത്യേക ടാൻ എടുക്കുന്നതിന് പകരം പാൻ അടിസ്ഥാനമാക്കിയുള്ള ചലാൻ-കം-സ്റ്റേറ്റ്‌മെന്‍റ് സംവിധാനം വഴി വാങ്ങുന്നവർക്ക് ഇടപാട് റിപ്പോർട്ട് ചെയ്യാൻ സാധിക്കും.

2. എൻ.ആർ.ഐ പ്രോപ്പർട്ടി വിൽപ്പനക്ക് ടി.ഡി.എസ് ഇനിയും ബാധകമാണ്

ടി.ഡി.എസ് ഒഴിവാക്കിയിട്ടില്ല: പ്രവാസി വിൽപ്പനക്കാരുമായി ബന്ധപ്പെട്ട പ്രോപ്പർട്ടി ഇടപാടുകളിൽ നിന്ന് ടി.ഡി.എസ് പൂർണ്ണമായി ഒഴിവാക്കപ്പെട്ടു എന്ന് ഇതിനർഥമില്ല. ടി.ഡി.എസ് ബാധ്യത തുടരുന്നുണ്ട്. എന്നാൽ അത് പാലിക്കേണ്ട രീതിയിലാണ് മാറ്റം വന്നിരിക്കുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ബാധകമായ ടി.ഡി.എസ് എത്രയെന്ന് കണ്ടെത്തുകയും, നിശ്ചിത ഘട്ടത്തിൽ നികുതി കുറയ്ക്കുകയും, നിശ്ചിത നടപടിക്രമങ്ങളിലൂടെ അത് അടയ്ക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യേണ്ട ഉത്തരവാദിത്തം വാങ്ങുന്നവർക്ക് ഇപ്പോഴുമുണ്ട്.

ടാനുമായി ബന്ധപ്പെട്ട കടലാസ് ജോലികൾ കുറയുന്നുണ്ടെങ്കിലും, റസിഡന്‍റായ ഒരു വ്യക്തിയിൽ നിന്ന് വസ്തു വാങ്ങുന്നതുപോലെ പൂർണ്ണമായും സാധാരണ രീതിയിൽ മാത്രം ഈ ഇടപാടിനെ കാണാൻ കഴിയില്ല. ചുരുക്കത്തിൽ, ഒക്ടോബർ 1 മുതൽ പ്രവാസികളായ വിൽപ്പനക്കാരിൽ നിന്ന് വസ്തുവകകൾ വാങ്ങുന്നവർക്ക് പുതിയ നിയമങ്ങൾ ഇടപാടുകൾ കൂടുതൽ ലളിതവും ബുദ്ധിമുട്ടില്ലാത്തതുമാക്കി മാറ്റും.

Tags:    
News Summary - Buying property from NRIs will become easier from October 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.