കാർ ലോൺ അടച്ചുതീർത്തിട്ടും വിൽക്കാൻ കഴിയുന്നില്ലേ? ഹൈപ്പോതെക്കേഷൻ പരിശോധിക്കുക

അവസാന ഇ.എം.ഐ അടച്ചതുകൊണ്ട് മാത്രം വാഹന രേഖകളിൽ നിന്ന് ബാങ്കിന്‍റെ പേര് സ്വയം ഒഴിവാകില്ല. ഹൈപ്പോതെക്കേഷൻ ഔദ്യോഗികമായി റദ്ദാക്കുന്നതുവരെ കാർ വിൽക്കാനോ ഉടമസ്ഥാവകാശം മാറ്റാനോ ശ്രമിക്കുമ്പോൾ നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം.

മാസങ്ങൾക്ക് മുമ്പ് കാർ ലോൺ അടച്ചുതീർത്ത് ഇപ്പോൾ വാഹനം വിൽക്കാൻ ആഗ്രഹിക്കുന്നുവെന്ന് കരുതുക. വാങ്ങുന്നയാൾ തയാറാണ്, വിലയും ഉറപ്പിച്ചു, എന്നാൽ ഉടമസ്ഥാവകാശം മാറ്റാൻ തുടങ്ങുമ്പോഴാണ് കാർ ഇതുവരെയും ബാങ്കിന്റെ ഹൈപ്പോതെക്കേഷനിലാണ് എന്ന് നിങ്ങൾ അറിയുന്നത്. ലോൺ തിരിച്ചടയ്ക്കുന്നതും വാഹനത്തിന്റെ രജിസ്ട്രേഷൻ രേഖകളിൽ നിന്ന് ധനകാര്യ സ്ഥാപനത്തിന്റെ പേര് ഒഴിവാക്കുന്നതും രണ്ട് വ്യത്യസ്ത നടപടിയായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

എന്താണ് ഹൈപ്പോതെക്കേഷൻ?

നിങ്ങൾ ലോൺ എടുത്താണ് കാർ വാങ്ങുന്നതെങ്കിൽ വാഹനം ആ ലെണ്ടറുടെ (ധനകാര്യ സ്ഥാപനത്തിന്റെ) ഹൈപ്പോതെക്കേഷനിലായിരിക്കും. നിങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ (ആർസി - RC) ഈ വിവരം രേഖപ്പെടുത്തിയിട്ടുണ്ടാകും. അതായത് വാഹനം നിങ്ങളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെങ്കിലും, നിലവിലുള്ള ലോൺ കാരണം അതിൽ ബാങ്കിന് സാമ്പത്തിക താൽപ്പര്യമുണ്ട് എന്ന് ഇത് വ്യക്തമാക്കുന്നു. ലോൺ പൂർണ്ണമായി തിരിച്ചടച്ചുകഴിഞ്ഞാൽ, വാഹന രേഖകളിൽ നിന്ന് ഈ താൽപ്പര്യം ഒഴിവാക്കേണ്ടതുണ്ട്.

ലോൺ അടച്ചുതീർത്ത ശേഷം ചെയ്യേണ്ട കാര്യങ്ങൾ:

ആവശ്യമായ രേഖകൾ വാങ്ങുക: ലോൺ ക്ലോസ് ചെയ്തതിന് ശേഷം ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ലെണ്ടറിൽ നിന്ന് ആവശ്യമായ രേഖകൾ വാങ്ങുക എന്നതാണ്. ലോൺ തിരിച്ചടച്ചുവെന്നും ഹൈപ്പോതെക്കേഷൻ ഒഴിവാക്കുന്നതിൽ ബാങ്കിന് എതിർപ്പില്ലെന്നും സ്ഥിരീകരിക്കുന്ന നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഇതിൽ ഉൾപ്പെടുന്നു. കൂടാതെ നിങ്ങൾക്ക് സാധാരണയായി ഫോം 35 (Form 35) ആവശ്യമായി വരും. മോട്ടോർ വാഹനത്തിനെതിരെ രേഖപ്പെടുത്തിയിട്ടുള്ള ഹൈപ്പൊതെക്കേഷൻ അല്ലെങ്കിൽ ലീസ് കരാർ അവസാനിപ്പിക്കുന്നതിനുള്ള നിശ്ചിത ഫോമാണിത്.

ഗതാഗത വകുപ്പിൽ അപേക്ഷിക്കുക: ഈ രേഖകൾ വാങ്ങി വെറുതെ മാറ്റിവെക്കരുത്. ഹൈപ്പോതെക്കേഷൻ ഔദ്യോഗികമായി അവസാനിപ്പിക്കുന്നതിനായി ബന്ധപ്പെട്ട ട്രാൻസ്പോർട്ട് അതോറിറ്റിക്ക് നിങ്ങൾ അപേക്ഷ നൽകേണ്ടതുണ്ട്. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്‍റെ പരിവാഹാൻ സിസ്റ്റം ഓൺലൈൻ വാഹന സേവനങ്ങൾ നൽകുന്നുണ്ട്, എങ്കിലും കൃത്യമായ നടപടിക്രമങ്ങളും ഓൺലൈൻ സേവനങ്ങളുടെ ലഭ്യതയും സംസ്ഥാനത്തിനനുസരിച്ച് വ്യത്യാസപ്പെടാം.

ആവശ്യമായ രേഖകൾ

ഹൈപ്പോതെക്കേഷൻ റദ്ദാക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി സാധാരണയായി ആവശ്യമുള്ള രേഖകൾ താഴെ പറയുന്നവയാണ്:

  • ഒറിജിനൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
  • ഫോം 35
  • എല്ലാ കുടിശ്ശികകളും തീർത്തുവെന്ന് വ്യക്തമാക്കുന്ന ഫിനാൻഷ്യറുടെ സത്യപ്രസ്താവന

നിങ്ങളുടെ അപേക്ഷയുടെ സംസ്ഥാനവും സാഹചര്യങ്ങളും അനുസരിച്ച് കൂടുതൽ രേഖകൾ ആവശ്യമായി വന്നേക്കാം. നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം, ഫിനാൻഷ്യർ ഹൈപ്പോതെക്കേഷൻ റദ്ദാക്കിയത് സ്ഥിരീകരിക്കുന്നതിനായി വാഹന രേഖകൾ പരിശോധിക്കേണ്ടതാണ്.

Tags:    
News Summary - hypothecation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.