എൻ.പി.എസ്: 60 വയസിന് ശേഷം നിങ്ങളുടെ നിക്ഷേപം പൂർണമായി പിൻവലിക്കാൻ കഴിയുമോ? നികുതി നിയമങ്ങൾ അറിയാം
60 വയസ് തികഞ്ഞ ഒരു എൻ.പി.എസ് വരിക്കാരൻ തന്‍റെ നിക്ഷേപം പൂർണ്ണമായും പിൻവലിക്കാൻ ആഗ്രഹിക്കുന്നു, എന്നാൽ അദ്ദേഹത്തിന്‍റെ സമ്പാദ്യം പുതുക്കിയ പരിധിയായ 8 ലക്ഷത്തിൽ താഴെയാണ്. പി.എഫ്.ആർ.ഡി.എയുടെ പുതിയ നിയമങ്ങൾ അനുസരിച്ച് ഇത്തരം സാഹചര്യങ്ങളിൽ 100 ശതമാനം തുകയും പിൻവലിക്കാൻ അനുവദിക്കുന്നുണ്ടെങ്കിലും ആദായനികുതി നിയമപ്രകാരം മൊത്തം തുകയുടെ 60 ശതമാനത്തിന് മാത്രമേ നികുതി ഇളവ് ലഭിക്കൂ.
2025 ജൂണിലാണ് പി.എഫ്.ആർ.ഡി.എ എൻ.പി.എസ് ടയർ 1 അക്കൗണ്ടിൽ നിന്നുള്ള തുക പിൻവലിക്കുന്നതിനുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തിയത്. 15 വർഷത്തിന് ശേഷമോ അല്ലെങ്കിൽ 60 വയസ് തികഞ്ഞതിന് ശേഷമോ അക്കൗണ്ടിലെ മൊത്തം തുക 8 ലക്ഷം രൂപയിൽ കവിയുന്നില്ലെങ്കിൽ മുഴുവൻ തുകയും പിൻവലിക്കാൻ വരിക്കാരന് അനുവാദമുണ്ട്.
മുമ്പ് 100% തുക പിൻവലിക്കാനുള്ള ഈ പരിധി 5 ലക്ഷമായിരുന്നു. പുതിയ നിയമപ്രകാരം അക്കൗണ്ടിലെ തുക 8 ലക്ഷത്തിനും 12 ലക്ഷത്തിനും ഇടയിലാണെങ്കിൽ, വരിക്കാരൻ കുറഞ്ഞത് 6 ലക്ഷം രൂപയുടെയെങ്കിലും ആനുവിറ്റി വാങ്ങണം, ബാക്കി തുക നികുതിരഹിതമായി ലഭിക്കും. അക്കൗണ്ടിലെ തുക 12 ലക്ഷത്തിൽ കൂടുതലാണെങ്കിൽ, മൊത്തം തുകയുടെ 20% തുകക്ക് നിർബന്ധമായും ആനുവിറ്റി വാങ്ങണം, ബാക്കി 80 ശതമാനം തുക നികുതിരഹിതമായി പിൻവലിക്കാം. എന്നാൽ നേരത്തെ, അക്കൗണ്ട് ബാലൻസ് 5 ലക്ഷത്തിൽ കൂടുതലാണെങ്കിൽ 40% തുകക്ക് ആനുവിറ്റി വാങ്ങണമായിരുന്നു, ബാക്കി 60% തുക മാത്രമാണ് നികുതിരഹിതമായി ലഭിച്ചിരുന്നത്.
1961ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 10(12A), 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന 2025ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 11നൊപ്പം വായിക്കാവുന്ന ഷെഡ്യൂൾ IIIലെ ഇനം 6 എന്നിവ പ്രകാരം, മൊത്തം നിക്ഷേപത്തിന്‍റെ 60 ശതമാനത്തിന് തുല്യമായ തുക മാത്രമാണ് വരിക്കാരന് നികുതിരഹിതമായി ലഭിക്കുന്നത്. പി.എഫ്ആർ.ഡി.എയുടെ പഴയ നിയമങ്ങൾക്ക് അനുസൃതമായാണ് ഈ നികുതി നിയമം നിലനിൽക്കുന്നത്.
പി.എഫ്.ആർ.ഡി.എ തുക പിൻവലിക്കലിന്‍റെ പരിധി വർധിപ്പിച്ചെങ്കിലും, അതിനനുസരിച്ചുള്ള മാറ്റങ്ങൾ ആദായനികുതി നിയമത്തിൽ ഇതുവരെ വരുത്തിയിട്ടില്ല. അതുകൊണ്ട് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് മുഴുവൻ തുകയും പിൻവലിക്കാൻ അനുവാദമുണ്ടെങ്കിലും, 60 ശതമാനം തുകക്ക് മാത്രമേ നികുതി ഇളവ് ലഭ്യമാകൂ. നിങ്ങളുടെ അക്കൗണ്ടിൽ ശേഷിക്കുന്ന തുകയുടെ അടിസ്ഥാനത്തിൽ മുഴുവനായോ ഭാഗികമായോ തുക പിൻവലിച്ചാലും 60 ശതമാനത്തിന്‍റെ ഈ നികുതി ഇളവ് മാത്രമേ ബാധകമാകൂ. അതിനാൽ, നിക്ഷേപം 8 ലക്ഷം രൂപയിൽ കവിയാത്തതിനെ തുടർന്ന് എൻ.പി.എസ് ടയർ I അക്കൗണ്ടിൽ നിന്ന് മുഴുവൻ തുകയും പിൻവലിക്കുന്നവർ പോലും പിൻവലിക്കുന്ന തുകയുടെ ബാക്കി 40 ശതമാനത്തിന് ആദായനികുതി നൽകേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.