ഇ കോമേഴ്‌സ് നിയമങ്ങളിൽ മാറ്റം ഉടൻ; അടുത്ത ഓൺലൈൻ പർച്ചേഴ്‌സിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

2027 ജനുവരി 1 മുതൽ ഇ-കൊമേഴ്സ് നിയമങ്ങൾ മാറ്റത്തിന് ഒരുങ്ങുകയാണ്. ഇത് ഡിസ്കൗണ്ടുകൾ, സ്പോൺസേർഡ് ഉൽപ്പന്നങ്ങൾ, സെർച്ച് ഫലങ്ങൾ, പരാതി പരിഹാരങ്ങൾ, ഉൽപ്പന്ന വിവരങ്ങൾ എന്നിവ ഉപഭോക്താക്കൾക്ക് കാണാൻ കഴിയുന്ന രീതിയിൽ പുതിയ മാറ്റങ്ങൾ വരുത്തും. ഇതിലൂടെ ഓൺലൈൻ ഷോപ്പിങ് കൂടുതൽ സുതാര്യമാകും.

പരിഷ്കരിച്ച ഇ - കോമേഴ്‌സ് നിയമങ്ങൾ പ്രാബല്യത്തിൽ വരുമ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന വിലക്കിഴിവുകൾ, സ്പോൺസേർഡ് ആണെന്ന് വ്യക്തമാക്കാത്ത ഉൽപ്പന്നങ്ങൾ, ഉപഭോക്താക്കളെ ചതിക്കുന്ന പ്ലാറ്റ്‌ഫോം ഡിസൈനുകൾ എന്നിവ പ്ലാറ്റ്ഫോമുകൾക്ക് ഒഴിവാക്കേണ്ടി വരും. ഓരോ ഇടപാടിലും ഡിജിറ്റൽ ഉപഭോക്താക്കൾക്ക് കൂടുതൽ സുതാര്യതയും സുരക്ഷയും ഉറപ്പുനൽകുക എന്നതാണ് ഈ പുതിയ നിയമനിർമ്മാണം ലക്ഷ്യമിടുന്നത്. അടുത്ത ഓൺലൈൻ പർച്ചേസിന് മുന്നോടിയായി നിങ്ങൾ അറിഞ്ഞിരിക്കേണ്ട കുറച്ച് സുപ്രധാന മാറ്റങ്ങൾ താഴെ നൽകുന്നു.

തെറ്റിദ്ധരിപ്പിക്കുന്ന ഡിസ്‌കൗണ്ടുകൾ ഇനിയില്ല

വലിയ ഡിസ്‌കൗണ്ടുകളുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാൻ ഇ -കോമേഴ്സ് സൈറ്റുകൾക്ക് ഇനി മുതൽ ഉൽപ്പന്നങ്ങളുടെ വില കൂട്ടിക്കാണിക്കാൻ സാധിക്കില്ല. മുൻപത്തെ ഉൽപ്പന്നത്തിന്റെ വില (prior price) സൈറ്റുകൾ നിർബന്ധമായും പ്രദർശിപ്പിക്കണം. കഴിഞ്ഞ 30 ദിവസത്തിനിടയിൽ ഉൽപ്പന്നത്തിന് നൽകിയ ഏറ്റവും കുറഞ്ഞ വില തന്നെയായിരിക്കണം ഇങ്ങനെ വെളിപ്പെടുത്തേണ്ടത്.

സെർച്ച് റിസൾട്ടുകളിലെ സുതാര്യത

സർച്ച് റാങ്കിങ്ങിൽ തിരിമറി നടത്താൻ ഓൺലൈൻ സൈറ്റുകൾക്ക് അനുവാദമില്ല. ഉപഭോക്താവ് തിരയുന്ന കാര്യത്തിനും വിവരങ്ങൾക്കും പൂർണ്ണമായും യോജിക്കുന്ന രീതിയിൽ മാത്രമേ സെർച്ച് അൽഗോരിതങ്ങൾ ഉൽപ്പന്നങ്ങൾ കാണിക്കാൻ പാടുള്ളൂ.

സ്പോൺസേർഡ് ലിസ്റ്റിങ്ങുകൾ വ്യക്തമാക്കുക

ഉപഭോക്താക്കൾക്ക് വ്യക്തമായി മനസ്സിലാകാത്ത രീതിയിൽ പണം നൽകി സെർച്ച് റാങ്കിങ്ങിൽ മുന്നിലെത്താൻ വിൽപ്പനക്കാർക്ക് കഴിയില്ല. ഉപഭോക്താവ് കാണുന്ന ഉൽപ്പന്നം പണം നൽകി പ്രമോട്ട് ചെയ്തതാണോ എന്ന് തിരിച്ചറിയാൻ ആപ്പുകൾ 'സ്പോൺസേർഡ്' അല്ലെങ്കിൽ "പെയ്ഡ്" എന്ന് വ്യക്തമായി പ്രദർശിപ്പിക്കണം.

ഡാർക്ക് പാറ്റേണുകൾക്ക് നിരോധനം

നിർബന്ധിത സബ്‌സ്‌ക്രിപ്‌ഷനുകൾ, വ്യാജ കൗണ്ട്ഡൗൺ ടൈമറുകൾ, ഉപഭോക്താവ് അറിയാതെ ആഡ്-ഓണുകൾ പ്രീ-ചെക്ക് ചെയ്തു വെക്കുക തുടങ്ങിയ തന്ത്രങ്ങൾ കർശനമായി ഈ നിയമങ്ങൾ നിരോധിക്കുന്നുണ്ട്. ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകൾ വർഷത്തിലൊരിക്കൽ സ്വയം പരിശോധന (Self-audit) നടത്തുകയും, ഡാർക്ക് പാറ്റേൺ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന സർട്ടിഫിക്കറ്റ് ആപ്പിൽ പ്രസിദ്ധീകരിക്കുകയും വേണം.

എളുപ്പത്തിലുള്ള പരാതി പരിഹാരം

ഇ - കോമേഴ്‌സ് സൈറ്റുകൾ ഉപഭോക്താക്കൾ നൽകുന്ന ഏതൊരു പരാതിയുടെയും ഔദ്യോഗിക കോപ്പി ഉടനടി നൽകണം. കൂടാതെ, റിട്ടേൺ, റീഫണ്ട് വൈകുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിന് പ്ലാറ്റ്‌ഫോമുകൾ നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനുമായി ഉപഭോക്താക്കളെ നേരിട്ട് ബന്ധിപ്പിക്കേണ്ടതാണ്.

കൃത്യമായ വിവരങ്ങൾ വ്യക്തമാക്കൽ

എക്സ്പെയറി ഡേറ്റ്, റിട്ടേൺ കാലാവധി, വാറന്റി വ്യവസ്ഥകൾ, ഡെലിവറി ചാർജുകൾ എന്നിവ ഉൽപ്പന്ന പേജുകളിൽ വ്യക്തമായി പ്രദർശിപ്പിക്കേണ്ടതുണ്ട്. ഇറക്കുമതി ചെയ്ത സാധനങ്ങൾക്ക്, ഉൽപ്പന്നം നിർമ്മിച്ച രാജ്യവും ഇമ്പോർട്ടറുടെ വിവരങ്ങളും പർച്ചേസ് പൂർത്തിയാക്കുന്നതിന് മുൻപ് ഉപഭോക്താക്കൾക്ക് വെളിപ്പെടുത്തിയിരിക്കണം.

അധിക ഫീസുകൾക്കും ഡാറ്റ ദുരുപയോഗത്തിനുമുള്ള നിയന്ത്രണം

ഇടപാടുകളുമായോ ഉപഭോക്താവ് തെരഞ്ഞെടുത്തിട്ടുള്ള ലോയൽറ്റി പ്രോഗ്രാമുകളുമായോ നേരിട്ട് ബന്ധമില്ലാത്ത അധിക ഫീസുകൾ ഈടാക്കാൻ ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകൾക്ക് സാധിക്കില്ല. കൂടാതെ, ഉപഭോക്താവിന്റെ സമ്മതമില്ലാതെ അവരുടെ വിവരങ്ങൾ വിപണന ആവശ്യങ്ങൾക്കായി പങ്കുവെക്കാൻ പാടില്ല.

Tags:    
News Summary - New Online Shopping Rules Coming Soon: Know Them Before You Buy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.