കൊച്ചി: സർവകാല റെക്കോഡിലേക്ക് കുതിച്ച സ്വർണവില പവന് 45,000 രൂപയില്‍ എത്തി. ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർധിച്ചതോടെ ഗ്രാമിന് 5625 രൂപയും പവന് 45,000 രൂപയുമായാണ് വില ഉയർന്നത്. ചൊവ്വാഴ്ചത്തെ വിലയായ 44,240 രൂപയായിരുന്നു സംസ്ഥാനത്തെ ഇതിന് മുമ്പുള്ള ഏറ്റവും ഉയർന്ന നിരക്ക്. കഴിഞ്ഞ മൂന്നുദിവസമായി കുറഞ്ഞുകൊണ്ടിരുന്ന വില ചൊവ്വാഴ്ച പൊടുന്നനെ കയറുകയായിരുന്നു. ചൊവ്വാഴ്ച പവന് 480 രൂപ വർധിച്ചിരുന്നു. ഒരുഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 90 രൂപ ഉയർന്ന് 4685 രൂപയിലെത്തി.
വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. രണ്ടുരൂപ ഉയർന്നതോടെ ഒരുഗ്രാം സാധാരണ വെള്ളിയുടെ വില 80ലെത്തി. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരുഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണിവില 90രൂപയാണ്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 2022 ഡോളറും രൂപയുടെ വിനിമയ നിരക്ക് ഡോളറിന് 82.10 രൂപയുമാണ്. 24 കാരറ്റ് തങ്കത്തിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 62 ലക്ഷത്തിനടുത്താണ്. അന്താരാഷ്ട്ര സ്വർണവില നേരിയതോതിൽ കുറഞ്ഞപ്പോൾ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും വൻകിട നിക്ഷേപകരും സ്വർണം വാങ്ങി കൂട്ടിയതോടെയാണ് വില കുത്തനെ ഉയർന്നത്.
യു.എസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പുറത്തുവിട്ട കണക്കുകളും സ്വർണവില ഉയരാൻ കാരണമായതായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോ. സംസ്ഥാന ട്രഷറർ അഡ്വ.എസ്. അബ്ദുന്നാസർ പറഞ്ഞു. നിലവിൽ സ്വർണം 2021ഡോളറിലാണ്. അമേരിക്കയിലെ ബാങ്കിങ് മേഖല ഇപ്പോഴും തകർച്ചയിലാണ്.
നിലവിലെ പ്രതിസന്ധി തുടരുമ്പോൾ ഭാവിയിൽ സാമ്പത്തികനയത്തിൽ സാരമായ പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്നാണ് സൂചനയെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. എക്കാലത്തെയും ഉയർന്ന വിലയായ 2078 ഡോളർ കടക്കുമോ എന്നാണ് ഉറ്റുനോക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 10 വർഷം മുമ്പുള്ള വിലയുടെ ഇരട്ടിയിലേറെ വിലയാണിപ്പോൾ സ്വർണത്തിന്. 2013 ഏപ്രിൽ അഞ്ചിന് ഒരു ഗ്രാമിന്റെ വില 2715 രൂപയും പവന് 21,720 രൂപയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.