പഞ്ചസാര വില കുതിക്കുന്നു; ഒരു മാസത്തിനിടെ കൂടിയത് നാലു രൂപയിലേറെ
ന്യൂഡൽഹി: രാജ്യത്ത് പഞ്ചസാര വില കുതിച്ചുയരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ചില്ലറ, മൊത്തവ്യാപാര വിപണികളിൽ കിലോക്ക് നാലുരൂപയിലേറെയാണ് വർധിച്ചത്. ഉത്സവകാലത്ത് ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടും വിലക്കയറ്റം തുടരുകയാണ്.
ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം പഞ്ചസാരയുടെ ശരാശരി ചില്ലറ വില കിലോക്ക് 59.50 രൂപയും മൊത്തവില 55.40 രൂപയുമാണ്. ഒരു വർഷത്തിനിടെ കിലോക്ക് 12-13 രൂപയുടെ വർധനവുണ്ടായി. കഴിഞ്ഞ വർഷം ഇതേ സമയത്ത് ചില്ലറ വില 46.50 രൂപയും മൊത്തവില 43.23 രൂപയുമായിരുന്നു.
മെട്രോ നഗരങ്ങളിൽ ഏറ്റവും ഉയർന്ന ചില്ലറ വില കൊൽക്കത്തയിലാണ്. നവംബർ മൂന്നിലെ കണക്കുപ്രകാരം കിലോക്ക് 65 രൂപയാണ് ഇവിടെ വില. കഴിഞ്ഞ വർഷം ഇത് 50 രൂപയായിരുന്നു. ഡൽഹിയിൽ 64 രൂപയും മുംബൈയിൽ 61 രൂപയുമാണ്.
2025-26 സീസണിലെ പഞ്ചസാര ഉൽപാദനം നേരത്തെ പ്രതീക്ഷിച്ചതിലും കുറഞ്ഞതാണ് വിലവർധനക്ക് പ്രധാന കാരണം. ഉത്സവ കാലത്തെ അധിക ആവശ്യം, കൃഷിനാശം, ആഗോള വിപണിയിലെ ലഭ്യതക്കുറവ്, പൂഴ്ത്തിവെപ്പ് എന്നിവയും വില ഉയരാൻ ഇടയാക്കി.
അതേസമയം, 2026-27 പഞ്ചസാര ഉൽപാദന സീസണിന്റെ ആദ്യ മാസത്തിൽ രാജ്യത്ത് 8.45 ലക്ഷം ടൺ ഉൽപാദിപ്പിച്ചതായി നാഷനൽ ഫെഡറേഷൻ ഓഫ് കോഓപറേറ്റിവ് ഷുഗർ ഫാക്ടറീസ് ലിമിറ്റഡ് അറിയിച്ചു. ഒക്ടോബർ എട്ടിന് ആരംഭിച്ച സീസണിൽ 30 വരെ 152 പഞ്ചസാര മില്ലുകളാണ് പ്രവർത്തിച്ചത്. ഉത്സവകാലത്ത് ആഭ്യന്തര വിപണിയിലേക്കുള്ള വിതരണം വർധിപ്പിക്കാൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.