വാങ്ങലുകാരായി വീണ്ടും വിദേശനിക്ഷേപകർ വിപണിയിൽ പുതു പ്രതീക്ഷ

കൊച്ചി: വർഷാന്ത്യം ഇന്ത്യൻ മാർക്കറ്റിൽ ഉടലെടുത്ത ബുൾ റാലിയിൽ ആഭ്യന്തര നിക്ഷേപകർക്ക്‌ ഒപ്പം വിദേശ ഫണ്ടുകളും അണിനിരന്നത്‌ നാല്‌ വർഷമായി തുടരുന്നു കുതിപ്പിന്‌ ആവേശം പകർന്നു. കൊറോണ ഭീതിയിൽ വർഷാരംഭത്തിൽ വിപണി ആടി ഉലഞ്ഞങ്കിലും വാക്‌സിൻ വിതരണം ഊർജിതമായത്‌ നിക്ഷേപക മേഖലയ്‌ക്ക്‌ പ്രതീക്ഷ സമ്മാനിച്ചു.

കടന്ന്‌ പോയ വർഷം ബോംബെ സെൻസെക്‌സ്‌ 10,500 പോയിൻറ്റും നിഫ്‌റ്റി സൂചിക 3370 പോയിൻറ്റും വർദ്ധിച്ചു. പിന്നിട്ടവാരം സെൻസെക്‌സ്‌ ഉയർന്നത്‌ 1129 പോയിൻറ്റും നിഫ്‌റ്റി 350 പോയിൻറ്റുമാണ്‌. വിപണിയിലെ ഈ ഉണർവ്‌ 2022 ആദ്യ വാരത്തിലും നിലനിർത്തുമെന്ന പ്രതീക്ഷയിലാണ്‌ പ്രദേശിക ഇടപാടുകാർ.

നിഫ്റ്റിയിൽ ടാറ്റ സ്റ്റീൽ ഓഹരി മികച്ച നേട്ടമുണ്ടാക്കി, ഓഹരി വില 162.61 ശതമാനം ഉയർന്നു. ഹിൻഡാൽകോ ഇൻഡസ്ട്രീസ് 97.36 ശതമാനവും വിപ്രോ 85.19 ശതമാനവും ബജാജ്ഫിൻസെർവ് 84.72 ശതമാനം, ടെക് മഹീന്ദ്ര 84.13 ശതമാനവും ഗ്രാസിം, ജെ.എസ്.ഡബ്ല്യു സ്റ്റീൽ, സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ, ടൈറ്റൻ, യു.പി.എൽ തുടങ്ങിയവ പിന്നിടുന്ന വർഷം 60 ശതമാനത്തിലധികം തിളങ്ങി.

പുതിയ വർഷത്തിൽ സെൻസെക്‌സ്‌ 65,000‐75,000 റേഞ്ചിനെ ലക്ഷ്യമാക്കി ചുവടുവെക്കുമെന്ന കണക്ക്‌ കൂട്ടലിലാണ്‌ നിക്ഷേപകർ. പോയ വർഷം നിഫ്‌റ്റി സൂചിക ഉയർന്ന നിലവാരമായ 18,604 പോയിൻറ്റ്‌ വരെ കയറുകയും താഴ്‌ന്ന റേഞ്ചായ 13,597 ലേയ്‌ക്ക്‌ തളരുകയും ചെയ്‌തു. പിന്നിട്ടവാരം നിഫ്‌റ്റി 17,003ൽ നിന്ന്‌ 16,939 ലേയ്‌ക്ക്‌ തളർന്ന ശേഷം വാരാന്ത്യത്തിലെ തിരിച്ചു വരവിൽ 17,400ലേയ്‌ക്ക്‌ കയറിയ ശേഷം 17,354 ൽ ക്ലോസിങ്‌ നടന്നു. ഡെയ്‌ലി, വീക്കിലി ചാർട്ടുകളിൽ നിഫ്‌റ്റി ബുള്ളിഷായി മാറിയ സാഹചര്യത്തിൽ സൂചിക 17,500‐17,600 നെ ലക്ഷ്യമാക്കി ജനുവരി ആദ്യ വാരം ചുവടുവെക്കാം.

17,225 ന്‌ മുകളിൽ പിടിച്ചു നിൽക്കുവോളം മുന്നേറ്റ സാധ്യതകൾക്ക്‌ ശക്തിയേറും. സെൻസെക്‌സ്‌ 56,979 ൽ നിന്നുള്ള കുതിപ്പിൽ 58,400 റേഞ്ചിലേയ്‌ക്ക്‌ കയറിയെങ്കിലും വ്യാപാരാന്ത്യം 58,253 പോയിൻറ്റിലാണ്‌. നീണ്ട ഇടവേളയ്‌ക്ക്‌ ശേഷം വിദേശ ധനകാര്യസ്ഥാപനങ്ങൾ കഴിഞ്ഞവാരം വാങ്ങലുകാരായി രംഗത്ത്‌ ഇറങ്ങിയത്‌ ശുഭസൂചനയാണ്‌.

ഡിസംബറിൽ ആദ്യമായാണ്‌ വിദേശ ഓപ്പറേറ്റർമാർ നിക്ഷേപകരുടെ മേലങ്കി അണിയുന്നത്‌. രണ്ട്‌ ദിവസങ്ങളിലായി അവർ 782കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര ഫണ്ടുകൾ 4274 കോടി രൂപ നിക്ഷേപിച്ചു. ജനുവരി ആദ്യ 73.30 ൽ ഇടപാടുകൾക്ക്‌ തുടക്കം കുറിച്ച രൂപയുടെ വിനിമയ മൂല്യം

ഡോളറിന്‌ മുന്നിൽ രൂപ 72.27 ലേയ്‌ക്ക്‌ ശക്തിപ്രാപിച്ചങ്കിലും പിന്നിട്‌ 75.57ലേയ്‌ക്ക്‌ തളർന്നു. വിദേശ ഓപ്പറേറ്റർമാർ നിക്ഷേപം തിരിച്ചു പിടിക്കാൻ ഒക്‌ടോബറിലും ഡിസംബറിലും നടത്തിയ നീക്കങ്ങൾ രൂപയെ കൂടുതൽ ദുർബലമാക്കി. ഡിസംബർ അവസാനം രൂപയുടെ മൂല്യം 74.04 ലാണ്‌. ആഗോള ക്രൂഡ്‌ ഓയിൽ വിപണിയിലെ ചലനങ്ങളാണ്‌ ഫോറെക്‌സ്‌ മാർക്കറ്റിൽ രൂപയ്‌ക്ക്‌ മേൽ സമ്മർദ്ദം ഉയർത്തിയത്‌. വർഷാരാരംഭത്തിൽ ബാരലിന്‌ 50 ഡോളറിൽ ഇടപാടുകൾ നടന്ന എണ്ണ പിന്നീട്‌ 86 ഡോളർ വരെ കത്തി കയറി. ഇതിനിടയിൽ എണ്ണ ഉൽപാദനം ഉയർത്തണമെന്നആവശ്യവുമായി ഇന്ത്യ ഒപ്പക്കിനെ സമീപിച്ചെങ്കിലു അവർ ഇക്കാര്യത്തിൽ നിശബ്‌ദത പാലിച്ചു.

ഡിസംബറിലെ അവസാന ട്രൈഡിങ്‌ ദിനത്തിൽ ക്രൂഡ്‌ ബാരലിന്‌ 78 ഡോളറിലാണ്‌. ആഗോള വിപണിയിൽ പോയവർഷം മഞ്ഞലോഹത്തിന്‌ തിളക്കം നഷ്‌ടപ്പെട്ടു. ട്രോയ്‌ ഔൺസിന്‌ 1952 ഡോളർ വരെ കുതിച്ച സ്വർണം പിന്നീട്‌ 1681 ഡോളറിലേയ്‌ക്ക്‌ ഇടിഞ്ഞങ്കിലും വർഷാന്ത്യം 1830 ഡോളറിലാണ്‌.

Tags:    
News Summary - Stock market review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT