വാങ്ങലുകൾക്ക് ഉത്സാഹിച്ച് വിദേശനിക്ഷേപകർ; കുതിച്ച് വിപണി

വിദേശ ഓപ്പറേറ്റർമാർ ഇന്ത്യൻ ഓഹരി വിപണിയിൽ പുതിയ വാങ്ങലുകൾക്ക്‌ മത്സരിച്ചത്‌ മുൻ നിര ഇൻഡക്‌സുകളെ സർവകാല റെക്കോർഡ്‌ നിലവാരത്തിലേക്ക്‌ ഉയർത്തി. വർഷാന്ത്യം വിൽപ്പനക്ക്‌ മത്സരിക്കാറുള്ള വിദേശ ഫണ്ടുകൾ ഇക്കുറി നിക്ഷേപകൻറ മേലങ്കി അണിഞ്ഞതോടെ തുടർച്ചയായ എഴാം വാരത്തിലും പ്രമുഖ സൂചികകൾ തളർച്ച അറിയാതെ മുന്നേറുകയാണ്‌.

യു.എസ്‌ ഫെഡ്‌ റിസർവ്‌ അടുത്ത വർഷം പലിശ നിരക്കിൽ 75 ബേസിസ്‌ പോയിൻറ്‌ കുറവ്‌ വരുത്തുമെന്ന വിലയിരുത്തലാണ്‌ ഇന്ത്യയിലേയ്‌ക്കുള്ള ഡോളർ പ്രവാഹത്തിന്‌ അവസരം ഒരുക്കിയത്‌. ഇതോടെ ഓഹരി ഇൻഡക്‌സുകൾക്ക്‌ മാത്രമല്ല ഫോറെക്‌സ്‌ മാർക്കറ്റിൽ രൂപയ്‌ക്കും തിളക്കം വർധിച്ചു. ബുൾ റാലിയിൽ മുൻ നിര രണ്ടാം നിര ഓഹരികളിൽ ശക്തമായ വാങ്ങൽ താൽപര്യം ദൃശ്യമായി. ബോംബെ സെൻസെക്‌സ്‌ 1658 പോയിൻറ്റും നിഫ്‌റ്റി 487 പോയിൻറ്റും പ്രതിവാര മികവിലാണ്‌. കഴിഞ്ഞവാരം മുൻ നിര സൂചികൾ രണ്ടര ശതമാനം ഉയർന്നു

സെൻസെക്‌സ്‌ 69,893 ൽ നിന്നും ആദ്യ ദിനം 70,000 പോയിൻറ്‌ പ്രതിരോധം മറികടന്ന്‌ പിന്നീട്‌ 71,000 പോയിന്റിലെ തടസവും ഭേദിച്ച്‌ ചരിത്രത്തിൽ ആദ്യമായി 71,605 പോയിൻറ്‌ വരെ കയറി. വ്യാപാരാന്ത്യം സൂചിക 71,483 ലാണ്‌. ഈ വാരം 69,857- 68,232 പോയിന്റിലെ താങ്ങ്‌ നിലനിർത്തി 72,356- 73,230 നെ ലക്ഷ്യമാക്കി നീങ്ങാം. സൂചിക ചരിത്ര നേട്ടങ്ങൾ തിരുത്തി മുന്നേറുന്നതിനിടയിൽ ലാഭമെടുപ്പിന്‌ ഫണ്ടുകൾ രംഗത്ത്‌ ഇറങ്ങാൻ ഇടയുണ്ട്‌. വിപണിയുടെ സാങ്കേതിക ചലനങ്ങൾ പരിശോധിച്ചാൽ സൂപ്പർ ട്രെൻറ്‌, പാരാബോളിക്ക്‌ എസ്‌.ഏആർ, എം.എ.സി.ഡി തുടങ്ങിയവ നിക്ഷേപകർക്ക്‌ അനുകൂലമായാണ്‌ നീങ്ങുന്നത്‌.

നിഫ്‌റ്റി സൂചിക 20,696 ൽ നിന്നും 21,006 ലെ റെക്കോർഡ്‌ തുടക്കത്തിൽ തന്നെ തകർത്ത്‌ പുതിയ ഉയരങ്ങളിലേക്ക്‌ മുന്നേറി. ഇതിനിടയിൽ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ ലാഭമെടുപ്പിനായി രംഗത്ത്‌ ഇറങ്ങിയത്‌ വിപണിയെ 20,768 ലേയ്‌ക്ക്‌ തളർത്തി. വിപണിയിലെ തിരുത്തലിനിടയിൽ അമേരിക്കൻ കേന്ദ്ര ബാങ്കിന്റെ പുതിയ തീരുമാനങ്ങൾ വിദേശ ഫണ്ടുകളെ കനത്ത വാങ്ങലിന്‌ പ്രേരിപ്പിച്ചതോടെ വെളളിയാഴ്‌ച്ച നിഫ്‌റ്റി 21,492 പോയിൻറ്‌ വരെ ഉയർന്ന ശേഷം ക്ലോസിങിൽ 21,456 പോയിൻറ്റിലാണ്‌.

വിപണിയിലെ കുതിച്ചു ചാട്ടം അങ്ങേയറ്റം അപകടകരമായ അവസ്ഥയിലേയ്‌ക്ക്‌ നീങ്ങുമോയെന്ന ആശങ്കയിലാണ്‌ ഒരുവിഭാഗം പ്രദേശിക നിക്ഷപകർ. കഴിഞ്ഞ ഏഴ്‌ ആഴ്ച കാര്യമായ സാങ്കേതിക തിരുത്തലിന്‌ അവസരം ലഭിക്കാതെയുള്ള കുതിച്ചു ചാട്ടമായതിനാൽ ലാഭമെടുപ്പ്‌ വിൽപ്പന തരംഗത്തിന്‌ ഇടയാക്കാനുള്ള സാധ്യതകൾ തള്ളികളയാനാവില്ല.

മുൻ നിര ഓഹരിയായ എച്ച്.സി.എൽ ടെക്‌ ഒമ്പര ശതമാനം വർദ്ധിച്ചു. വിപ്രോ, ഇൻഫോസീസ്‌ ടെക്‌നോളജി, ടി.സി.എസ്, എച്ച്.സി.എൽ, ടെക്‌ മഹീന്ദ്ര, എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ബാങ്ക്‌, ഐ.സി.ഐ.സി.ഐ ബാങ്ക്‌, ഇൻഡസ്‌ ബാങ്ക്‌, ടാറ്റാ മോട്ടേഴ്‌സ്‌, എം ആൻറ്‌ എം, ടാറ്റാ സ്‌റ്റീൽ, എൽ ആൻറ്‌ ടി, എച്ച്.യു.എൽ, സൺ ഫാർമ്മ ഓഹരികളിലും വാങ്ങൽ താൽപര്യം ശക്തമായിരുന്നു.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2023-24 സാമ്പത്തിക വർഷം സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 7.6 ശതമാനം വളർച്ച കൈവരിച്ചു. ആഗോള തലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറി. ജി ഡി പി യെ ഉദ്ധരിച്ചാണ്‌ സ്ഥിതി വിവരക്കണക്ക് മന്ത്രാലയം പുറത്തുവിട്ടു.

രാജ്യാന്തര സ്വർണ വില ട്രോയ്‌ ഔൺസിന്‌ 2004 ഡോളറിൽ നിന്നും 1972 ലേയ്‌ക്ക്‌ തുടക്കത്തിൽ ഇടിഞ്ഞ ശേഷം 2047 ഡോളറിലേയ്‌ക്ക്‌ തിരിച്ചു വരവ്‌ കാഴ്‌ച്ചവെച്ചു. എന്നാൽ ഉയർന്ന തലത്തിൽ വീണ്ടും വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതോടെ നിരക്ക്‌ 2018 ഡോളറായി താഴ്‌ന്നു. വിപണിയുടെ ഡെയ്‌ലി ചാർട്ട്‌ വിലയിരുത്തിയാൽ സ്വർണം വിൽപ്പനക്കാർക്ക്‌ അനുകൂലമായി മാറുകയാണ്‌. പുതിയ സാഹചര്യത്തിൽ മഞ്ഞലോഹം പുതു വർഷം താഴ്‌ന്ന റേഞ്ചിലേയ്‌ക്ക്‌ നീങ്ങാം.

Tags:    
News Summary - stock market review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT