സ്മാർട്ട് ഫോൺ വിൽപന മൂന്നിലൊന്ന് കുറഞ്ഞു; വിലക്കൊരു കുറവുമില്ല

സാധാരണക്കാർ ഉപയോഗിക്കുന്ന എൻട്രി ലെവൽ സ്മാർട്ട് ഫോണുകളുടെ വിൽപന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്നിലൊരു ഭാഗം കുറഞ്ഞു. 2026 മേയ് മാസത്തെ വിൽപന കണക്ക് കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ വിവിധ കമ്പനികളുടേത് 30 മുതൽ 35 ശതമാനം വരെയാണ് കുറഞ്ഞത്. സാധാരണ നിലക്ക് ഡിമാൻഡ് കുറയുമ്പോൾ വില കുറയേണ്ടതാണ്. എന്നാൽ, ഇവിടെ ഓരോ മാസവും വില കൂടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം നവംബർ മുതൽ കമ്പനികൾ ഇടക്കിടെ വില വർധിപ്പിക്കുന്നു. വില വർധന തുടരുമെന്നാണ് വിലയിരുത്തൽ. 2027 ആദ്യ പകുതിക്ക് ശേഷമേ വിലസ്ഥിരത കൈവരിക്കൂ എന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. 6000 -12000 രൂപ വിലയിൽ നേരത്തെ ലഭിച്ചിരുന്ന ഫോണുകളുടെ വില 3000-5000 രൂപ കൂടി. 15000 -20000 രൂപ വില നിലവാരമുണ്ടായിരുന്ന മിഡ് റേഞ്ച് ഫോണുകൾക്കും വില കൂടിയിട്ടുണ്ട്. നിർമാണച്ചെലവ് കൂടിയതാണ് വില വർധനക്ക് കാരണമായി കമ്പനികൾ പറയുന്നത്. മെമ്മറി ചിപ്പുകളുടെയും മറ്റു ഘടകങ്ങളുടെയും വില കൂടിക്കൊണ്ടിരിക്കുന്നതിനാൽ വില വർധിപ്പിക്കാതെ വഴിയില്ലെന്നാണ് കമ്പനികൾ പറയുന്നത്. മെമ്മറി ചിപ്പുകളുടെ ചെലവ് 30-40 ശതമാനം വർധിച്ചു. മെമ്മറി നിർമാതാക്കൾ സ്മാർട്ട് ഫോൺ കമ്പനികളേക്കാൾ മുൻഗണന എ.ഐ ഡേറ്റാ സെന്ററുകൾക്കും ഹൈപ്പർ സ്കെയിലർമാർക്കും നൽകുന്നതാണ് ക്ഷാമത്തിനും വില വർധനക്കും കാരണമാകുന്നത്. വില കൂട്ടിയതിന് പുറമെ റാം/സ്റ്റോറേജ് സ്പേസ് കുറച്ചുമാണ് കമ്പനികൾ ഉൽപാദന ചെലവ് കൂടിയത് തട്ടിക്കിഴിക്കുന്നത്.

പ്രതിസന്ധിയിലായത് റീട്ടെയിൽ വ്യാപാരികൾ

കച്ചവടം കുറഞ്ഞതോടെ പ്രതിസന്ധിയിലാകുന്നത് സാധാരണ റീട്ടെയിൽ കച്ചവടക്കാരാണ്. വില കൂട്ടിയതുകൊണ്ട് കമ്പനികൾക്ക് പിടിച്ചുനിൽക്കാം. രാജ്യത്തെ മൊത്തം സ്മാർട്ട് ഫോൺ വിൽപനയുടെ 60 ശതമാനം ഓഫ് ലൈനും ബാക്കി ഓൺലൈനുമാണ്. എന്നാൽ, ആപ്പിൾ ഐഫോണും സംസങ്ങിന്റെ എസ് സീരീസും ഉൾപ്പെടെ പ്രീമിയം ഫോണുകളുടെ വിൽപന വല്ലാതെ കുറഞ്ഞിട്ടില്ല. സാധാരണ റീട്ടെയിൽ സ്ഥാപനങ്ങൾക്ക് പ്രീമിയം ഫോൺ വിൽപനയുടെ മെച്ചം കാര്യമായി ലഭിക്കുന്നുമില്ല. ഐഫോൺ ഉൾപ്പെടെ പ്രീമിയം ഫോണുകൾ ഓൺലൈനായോ സ്പെഷലൈസ്ഡ് ഷോറൂമുകളിലൂടെയോ ആണ് ആളുകൾ വാങ്ങുന്നത്.

സെക്കൻഡ് ഹാൻഡ് വിൽപന തകൃതി

10000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ മുമ്പ് വാങ്ങിയിരുന്ന സാധാരണക്കാരായ ഉപഭോക്താക്കൾ പലരും വാങ്ങൽ വൈകിപ്പിക്കുകയോ തൽക്കാലം സെക്കൻഡ് ഹാൻഡ് മതിയെന്ന് തീരുമാനിക്കുകയോ ചെയ്യുന്നു. ഫീച്ചർ ഫോണുകൾക്കും താഴെത്തട്ടിലെ സ്മാർട്ട് ഫോണുകൾക്കും ഇടയിലെ വില വ്യത്യാസം വർധിച്ചതോടെ സ്മാർട്ട് ഫോൺ വേണമെന്ന ആഗ്രഹം അടക്കിപ്പിടിക്കാൻ പ്രാരാബ്ധക്കാരായ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു. ഇത് സെക്കൻഡ് ഹാൻഡ് വിൽപനയും അറ്റകുറ്റപ്പണിയും റീട്ടെയിൽ വ്യാപാരികൾക്ക് ചെറിയ തോതിൽ ആശ്വാസം പകരുന്നു.

പണപ്പെരുപ്പവും വില്ലൻ

സ്മാർട്ട് ഫോണുകൾക്ക് മാത്രമല്ല വില കൂടിയിട്ടുള്ളത്. പണപ്പെരുപ്പം/വിലക്കയറ്റം കാരണം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ സാധാരണക്കാർ പാടുപെടുകയാണ്. അവരുടെ വരുമാനം കൂടാതിരിക്കുകയോ പലപ്പോഴും കുറയുകയോ ചെയ്യുമ്പോൾ ചെലവ് വർധിച്ചുകൊണ്ടേയിരിക്കുകയാണ്. ഭക്ഷണം, വസ്ത്രം, ചികിത്സ എന്നിവ ഒഴിവാക്കാൻ കഴിയാത്തതിനാൽ സ്മാർട്ട് ഫോണുകൾ ഉൾപ്പെടെ ഉൽപന്നങ്ങളിലാണ് കൈവെക്കുകയോ മാറ്റിവെക്കുകയോ ചെയ്യാവുന്നത്. രാജ്യത്ത് സമ്പന്നരും സാധാരണക്കാരും തമ്മിലുള്ള സാമ്പത്തിക അന്തരം വർധിക്കുകയാണ്. സമ്പത്തുള്ളവർക്ക് അത് വർധിപ്പിക്കാൻ ധാരാളം അവസരങ്ങളുണ്ട്. എന്നാൽ, സാധാരണക്കാരുടെ ജീവിതം ഓരോ ദിവസവും കൂടുതൽ ഇടുങ്ങിത്തീരുകയാണ്.

Tags:    
News Summary - Smartphone sales drop by a third; no dip in prices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT