മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ തുടർച്ചയായ രണ്ടാം ദിവസവും നേട്ടത്തിൽ. ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും നേട്ടത്തിലാണ്. വൻകിട ഓഹരികളായ റിലയൻസ് ഇൻഡസ്ട്രീസ്, ഏഷ്യൻ പെയിന്റ്സ്, ബി.പി.സി.എൽ തുടങ്ങിയവയുണ്ടാക്കിയ നേട്ടമാണ് വിപണിക്ക് കരുത്തായത്.
ബോംബെ സൂചിക സെൻസെക്സ് 609 പോയിന്റ് നേട്ടത്തോടെ 74,340.09 പോയിന്റിൽ വ്യപാരം അവസാനിപ്പിച്ചു. ദേശീയ സൂചിക നിഫ്റ്റി 207 പോയിന്റ് നേട്ടത്തോടെ 22,544ലാണ് വ്യാപാരം അവസാനിപ്പിച്ചത്. മെക്സികോ, കാനഡ തുടങ്ങിയ രാജ്യങ്ങൾക്കുമേൽ ഏർപ്പെടുത്തിയ 25 ശതമാനം തീരുവ നടപ്പാക്കുന്നതിന് ഒരു മാസത്തെ ഇളവ് ട്രംപ് അനുവദിച്ചിരുന്നു. ഇത് യു.എസ്, യുറോപ്യൻ, ഏഷ്യൻ വിപണികളുടെ കുതിപ്പിന് കാരണമായി. ഇതിന്റെ ചുവടുപിടിച്ച് തന്നെയാണ് ഇന്ത്യൻ വിപണിയും കുതിച്ചത്.
തുടർച്ചയായി എണ്ണവില കുറയുന്നതും ഇന്ത്യൻ വിപണിയെ സ്വാധീനിക്കുന്നുണ്ട്. ബ്രെന്റ് ക്രൂഡിന്റെ ഭാവി വിലകൾ മൂന്ന് വർഷത്തിനിടയിലാദ്യമായി 70 ബാരലിന് താഴേക്ക് പോയി. ഇത് ക്രൂഡോയിലിനെ ആശ്രയിക്കുന്ന ഓഹരികളുടെ വില ഉയരുന്നതിന് ഇടയാക്കിയിട്ടുണ്ട്.
ഇതിനൊപ്പം ബാങ്കിങ് മേഖലയിലേക്ക് 1.9 ട്രില്യൺ രൂപ നൽകുമെന്ന റിസർവ് ബാങ്ക് പ്രഖ്യാപനം ബാങ്കിങ്, എൻ.ബി.എഫ്.സി ഓഹരികളുടെ വില ഉയരുന്നതിന് കാരണമായി. വ്യാഴാഴ്ചയും ഡോളർ ഇൻഡക്സിൽ ഇടിവ് രേഖപ്പെടുത്തി. ഉയർന്ന നിരക്കിൽ നിന്നും ഡോളർ ഇൻഡക്സിൽ നാല് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.