ദീപാവലി ധമാക്ക; ആഗോള വിപണി തകർന്നടിയുമ്പോഴും നേട്ടമുണ്ടാക്കി നിഫ്റ്റിയും സെൻസെക്‌സും
മുംബൈ: ആഗോള വിപണികൾ തകർന്നടിയുമ്പോഴും നേട്ടമുണ്ടാക്കി ഇന്ത്യൻ ഓഹരി വിപണി. സെൻസെക്സും നിഫ്റ്റിയും 0.5 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ നേടിയ വൻ വിജയത്തിന് പിന്നാലെ എണ്ണവില കുറഞ്ഞതും ആഗോളതലത്തിൽ എ.ഐ ഓഹരികളിൽ നിന്നുള്ള മാറ്റവുമാണ് ഇന്ത്യൻ ഓഹരി വിപണിക്ക് കരുത്തായത്.
സെൻസെക്സ് 500 പോയിന്റിലേറെ ഉയർന്നപ്പോൾ നിഫ്റ്റി 24,650ന് മുകളിലെത്തി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സൂചികകൾ ഏഴ് ശതമാനം വരെ ഉയർന്നു. സെൻസെക്സിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്. ഇവരുടെ ഓഹരികൾ അഞ്ച് ശതമാനം ഉയർന്നു. ടൈറ്റൻ, ഇൻഫോസിസ്, എച്ച്.സി.എൽ ടെക്, ടി.സി.എസ്, ഭാരതി എയർടെൽ എന്നിവയും രണ്ട് ശതമാനം വീതം നേട്ടമുണ്ടാക്കി. എന്നാൽ, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, പവർ ഗ്രിഡ് എന്നിവ 2 ശതമാനത്തിലേറെയാണ് ഇടിഞ്ഞത്.
അതേസമയം, സെൻസെക്‌സും നിഫ്റ്റിയും ഉയർന്നെങ്കിലും വിശാല വിപണി തകർന്നു. നിഫ്റ്റി സ്മോൾക്യാപ് 250 രണ്ട് ശതമാനത്തോളം ഇടിഞ്ഞപ്പോൾ നിഫ്റ്റി മിഡ്ക്യാപ് 100 ഒരു ശതമാനത്തിലേറെ തകർച്ച നേരിട്ടു. എൻ.എസ്.ഇയിൽ 824 ഓഹരികൾ മാത്രം ഉയർന്നപ്പോൾ 2,236 ഓഹരികൾ ഇടിഞ്ഞു. 94 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു.
മേഖലകളിൽ നിഫ്റ്റി മെറ്റൽ രണ്ട് ശതമാനത്തിലേറെ ഇടിഞ്ഞ് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയപ്പോൾ നിഫ്റ്റി ഐ.ടി 1.5 ശതമാനം ഉയർന്നു. വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിക്സ് ഏഴ് ശതമാനത്തോളം ഉയർന്ന് 17ന് അടുത്തെത്തി.
അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് ആഗോള വിപണിയെ സാരമായി ബാധിക്കുന്നുണ്ടെങ്കിലും ഇന്ത്യൻ വിപണിയാണ് ഏറ്റവും കുറവ് ബാധിക്കുക എന്നതാണ് വിലയിരുത്തൽ. ഡാറ്റ സെന്റർ നിക്ഷേപത്തിൽ വലിയ മാന്ദ്യം വരുമെന്ന ആശങ്കയാണ് ആഗോള വിപണിയിലെ തകർച്ചക്ക് കാരണം. എന്നാൽ, ടെക് തകർച്ച ഇന്ത്യക്ക് ഗുണകരമായേക്കും.
നിലവിൽ ഇന്ത്യയിൽ വിദേശ നിക്ഷേപം തിരിച്ചുവരുന്നതിന്റെ സൂചനകളാണ് കാണിക്കുന്നത്. കഴിഞ്ഞ അഞ്ച് വ്യാപാര ദിവസങ്ങളിൽ വിദേശ നിക്ഷേപകർ 35,781 കോടി രൂപയുടെ ഓഹരികൾ വാങ്ങിയിട്ടുണ്ട്. ഇത് ഇന്ത്യൻ വിപണിക്ക് കരുത്ത് പകരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.