മോദിയുടെ പ്രസ്താവന പ്രഹരമായി; ഓഹരി വിപണിയിൽ വൻ തകർച്ച, സെൻസെക്സ് 1300 പോയിന്റ് ഇടിഞ്ഞു

മുംബൈ: പശ്ചിമേഷ്യൻ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ധന ഉപഭോഗം കുറയ്ക്കണമെന്നും സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഇന്ത്യൻ ഓഹരി വിപണി കനത്ത നഷ്ടത്തില്‍. തിങ്കളാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ സെൻസെക്സ് 1300 പോയിന്റ് നഷ്ടം രേഖപ്പെടുത്തി. 76,008.22-ൽ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ സൂചികയായ നിഫ്റ്റി 360 പോയിന്റോളം താഴ്ന്ന് 23,811-ലാണ് ക്ലോസ് ചെയ്തത്.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ജ്വല്ലറി, പെട്രോളിയം മേഖലയിലുള്ള കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിയാൻ കാരണമായി. കല്യാൺ ജൂവലേഴ്സ്, സെൻകോ തുടങ്ങിയ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളുടെ ഓഹരികൾ 7.6 ശതമാനം മുതൽ 11 ശതമാനം വരെയാണ് താഴോട്ട് പോയത്. ബി.പി.സി.എൽ, എച്ച്.പി.സി.എൽ തുടങ്ങിയ എണ്ണക്കമ്പനികൾക്ക് 2.6 ശതമാനത്തോളം നഷ്ടമുണ്ടായി. ഇതിനുപുറമെ ഇന്ത്യൻ ഹോട്ടൽസ്, ചാലറ്റ് ഹോട്ടൽ, തോമസ് കുക്ക് തുടങ്ങിയ ടൂറിസം-ഹോട്ടൽ മേഖലയിലെ ഓഹരികളും അഞ്ച് ശതമാനത്തിലേറെ ഇടിഞ്ഞു.

വിപണിയിലെ പ്രധാനപ്പെട്ട 16 സെക്ടറുകളും കനത്ത വിൽപന സമ്മർദത്തെത്തുടർന്ന് തകർച്ചയെ നേരിട്ടു. സ്മോൾക്യാപ് 100 ഇൻഡക്സിൽ 1.9 ശതമാനവും മിഡ്ക്യാപ് സൂചികയിൽ 0.93 ശതമാനവുമാണ് കുറവുണ്ടായത്. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും വിദേശ നിക്ഷേപകർ ഒരൊറ്റ ദിവസം കൊണ്ട് 4,110.60 കോടി രൂപയുടെ നിക്ഷേപം പിൻവലിച്ചതും വിപണിയുടെ പതനത്തിന് ആക്കം കൂട്ടി. മറ്റു പല ഏഷ്യൻ വിപണികളും സമാനമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

Tags:    
News Summary - Modi's statement deals a blow; Major crash in stock market as Sensex plunges 1300 points

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT