തിരിച്ചുവരവിന്‌ അവസരമില്ലാതെ റബർ വിപണി

പ്രതികൂല കാലാവസ്ഥയിൽ ഏഷ്യൻ രാജ്യങ്ങളിൽ റബർ ടാപ്പിങ്‌ സ്‌തംഭിച്ചിട്ടും പ്രമുഖ എക്‌സ്‌ചേഞ്ചുകളിൽ ഷീറ്റ്‌ വില തുടർച്ചയായ മൂന്നാം വാരവും തളർന്നു. വാരാന്ത്യം പശ്ചിമേഷ്യൻ സംഘർഷാവസ്ഥക്ക്‌ ഇടയിൽ ക്രൂഡ്‌ ഓയിൽ വില കത്തിക്കയറിയത്‌ നേട്ടമാക്കാൻ റബർ ശ്രമം നടത്തിയെങ്കിലും ടയർ ലോബിയുടെ പിൻതുണ ഉറപ്പുവരുത്താനായില്ല. ഈ അവസരത്തിൽ കൃത്രിമ റബർ വിലയിൽ ഉണർവ്‌ ദൃശ്യമായി, എന്നാൽ സ്വാഭാവിക റബറിന്‌ കരുത്ത്‌ തിരിച്ചുപിടിക്കാനായില്ല.

സംസ്ഥാനത്ത്‌ വേനൽമഴ ചെറിയ അളവിൽ ലഭ്യമായെങ്കിലും റബർ ടാപ്പിങ്‌ പുനരാരംഭിക്കാൻ കാലവർഷം വരെ കാത്തിരിക്കേണ്ടി വരുമെന്ന നിലപാടിലാണ്‌ കർഷകർ. പകൽ താപനില ഉയർന്നതിനാൽ മരങ്ങളിൽനിന്നുള്ള യീൽഡ്‌ നാമമാത്രമാണ്‌. കേരളത്തിൽ ചുരുങ്ങിയ ദിവസങ്ങളിൽ നാലാം ഗ്രേഡ്‌ റബർവില 18,400ൽനിന്നും 17,900ലേക്ക്‌ ഇടിഞ്ഞു. അഞ്ചാം ഗ്രേഡ്‌ 17,700 രൂപയിൽ വിപണനം നടന്നു.

അന്താരാഷ്‌ട്ര മാർക്കറ്റിൽ ഈവർഷം വിയറ്റ്‌നാം കുരുമുളക്‌ ലഭ്യത ചുരുങ്ങുമെന്ന്‌ വ്യക്തമായത്‌ ഇറക്കുമതി രാജ്യങ്ങളെ സമ്മർദത്തിലാക്കുന്നു. കഴിഞ്ഞ വർഷം അമേരിക്ക അരലക്ഷം ടണ്ണിൽ അധികം മുളക്‌ വിയറ്റ്‌നാമിൽനിന്ന് ശേഖരിച്ചിരുന്നു. പ്രതികൂല കാലാവസ്ഥയിൽ ഉൽപാദനം കുറഞ്ഞതിനാൽ യു.എസ്‌, യൂറോപ്യൻ വ്യാപാരികൾ ഇതര ഉൽപാദന രാജ്യങ്ങളെ കുരുമുളകിനായി ആശ്രയിക്കുമെന്നത്‌ വിലക്കയറ്റത്തിന്‌ അവസരം ഒരുക്കും. കേരളത്തിലെയും കർണാടകത്തിലെയും കർഷകർ പിന്നിട്ട ഏതാനും ആഴ്‌ചകളായി കൈവശമുള്ള മുളക്‌ വിപണിയിൽ ഇറക്കാൻ താൽപര്യം കാണിക്കുന്നില്ല. ഓഫ്‌ സീസണിലെ ഉയർന്ന വില മുന്നിൽ കണ്ട്‌ വിൽപന കുറച്ചു. ഉത്തരേന്ത്യൻ വ്യവസായികൾ രംഗത്തുണ്ട്‌. കൊച്ചിയിൽ അൺ ഗാർബിൾഡ്‌ കുരുമുളക്‌ 53,300 രൂപ.

ബഹുരാഷ്‌ട്ര ചോക്ലറ്റ്‌ നിർമാതാക്കൾ കാർഷിക മേഖലകളിൽനിന്നും കൊക്കോ സംഭരണത്തിന്‌ ഉത്സാഹം കാണിച്ചില്ല. അതേസമയം, ചെറുകിട വ്യവസായികളുടെ നിറഞ്ഞ സാന്നിധ്യം കൊക്കോയെ വാരാന്ത്യം സർവകാല റെക്കോഡ്‌ നിലവാരത്തിലേക്ക്‌ ഉയർത്തി. ഉണക്ക കൊക്കോ കിലോ 960 രൂപയായും പച്ച 400 രൂപക്ക്‌ മുകളിലുമാണ്‌. മില്ലുകാർ വെളിച്ചെണ്ണവില വർധിപ്പിച്ചെങ്കിലും അതിന്‌ അനുസൃതമായി കൊപ്രവില ഉയർത്താൻ വ്യവസായികൾ തയാറായില്ല. തമിഴ്‌നാട്‌ ലോബി എണ്ണവില ഉയർത്തിയതി​ന്റെ ചുവടുപിടിച്ച്‌ കൊച്ചിയിൽ നിരക്ക്‌ 15,100 വരെ കയറി. എന്നാൽ, കൊപ്രക്ക്‌ 10,000 രൂപക്ക്‌ മുകളിൽ ഇടം പിടിക്കാനായില്ല.

ആഭരണ വിപണികളിൽ സ്വർണം കാഴ്‌ച്ചവെച്ച കുതിച്ചു ചാട്ടം വിവാഹ പാർട്ടികളെ ഞെട്ടിച്ചു. പവൻ 53,200ൽ നിന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 54,520 ലേക്ക്‌ വെള്ളിയാഴ്‌ച ചുവടുവെച്ചു. ന്യൂയോർക്കിൽ സ്വർണവില ട്രോയ്‌ ഔൺസിന്‌ 2418 ഡോളർവരെ കയറി.

Tags:    
News Summary - market News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT