വിപണികളിൽ തിരിച്ചടി; വരും ദിവസങ്ങളിലെ പ്രതീക്ഷകളെന്ത് ​?

ചരിത്ര നേട്ടങ്ങൾ കൈപിടിയിൽ ഒതുക്കിയ ശേഷം ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ തകർച്ചയിലേക്ക് വീണു. ആഭ്യന്തര ധനകാര്യസ്ഥാപനങ്ങൾ മുൻ നിര ഓഹരികളിൽ നിക്ഷേപകരായി നിലകൊണ്ട അവസരത്തിൽ വിദേശ ഓപ്പറേറ്റർമാർ ബാധ്യതകൾ വിറ്റുമാറാൻ കാണിച്ച തിടുക്കം വാരത്തിന്റെ രണ്ടാം പകുതിയിൽ വിപണിയുടെ ദിശ തന്നെ മാറ്റി മറിച്ചു. ബോംബെ സെൻസെക്‌സ്‌ സൂചിക 1144 പോയിന്റും നിഫ്‌റ്റി സൂചിക 322 പോയിന്റും കഴിഞ്ഞവാരം ഇടിഞ്ഞു.

റിയാലിറ്റി, ബാങ്ക് സൂചികകൾക്ക്‌ തിരിച്ചടിനേരിട്ടു. എച്ച്.ഡി.എഫ്.സി ബാങ്ക്‌ ഓഹരി വില പത്ത്‌ ശതമാനത്തിന്‌ അടുത്ത്‌ ഇടിഞ്ഞ്‌ 1478 രൂപയായി. ഇൻഡസ്‌ ബാങ്ക്‌ എട്ട്‌ ശതമാനം കുറഞ്ഞ്‌ 1534 രൂപയായി. എസ്.ബി.ഐ, ആക്‌സിസ്‌ ബാങ്ക്‌, എച്ച്.യു.എൽ, ടാറ്റാ സ്‌റ്റീൽ, ആർ.ഐ.എൽ തുടങ്ങിയവക്കും കരുത്ത്‌ നഷ്‌ടപ്പെട്ടു.

എച്ച്.സി.എൽ ടെക്‌, ഇൻഫോസിസ്‌, ടെക്‌ മഹീന്ദ്ര, വിപ്രോ, എയർടെൽ, സൺ ഫാർമ്മ, എൽ ആൻറ്‌ ടി, ടാറ്റാ മോട്ടേഴ്‌സ്‌, മാരുതി, എം ആൻറ്‌ എം തുടങ്ങിയവയിൽ വാങ്ങൽ താൽപര്യം ദൃശ്യമായി. എൽ.ഐ.സി ഓഹരി വില എക്കാലത്തെയും ഉയർന്ന നിരക്കായ 936 രൂപയിലെത്തി.

നിഫ്‌റ്റി മുൻവാരത്തിലെ 21,894 പോയിന്റിൽ നിന്നും 22,055 ലെ പ്രതിരോധം മറികടന്ന്‌ പുതിയ റെക്കോഡായ 22,123 പോയിന്റ് വരെ ചുവടുവെച്ചു. ഈ അവസരത്തിൽ വിദേശ ഓപ്പറേറ്റർമാർ വിൽപ്പനകാരായി രംഗത്ത്‌ അണിനിരന്നതോടെ സൂചികയ്‌ക്ക്‌ 21,605ലെ ആദ്യ താങ്ങ്‌ നഷ്‌ടപ്പെട്ടു. വിപണിയിലെ തകർച്ച അവസരമാക്കി ഊഹക്കച്ചവടക്കാർ പുതിയ ബയ്യിങിന്‌ രംഗത്ത്‌ ഇറങ്ങിയതിൻറ ചുവട്‌ പിടിച്ച്‌ നിഫ്‌റ്റി 21,285 ൽ നിന്നും വെളളിയാഴ്‌ച്ച 21,683 ലേയ്‌ക്ക്‌ തിരിച്ചു വരവ്‌ നടന്നു.

എന്നാൽ ശനിയാഴ്‌ച്ച നടന്ന പ്രത്യേക വ്യാപാരത്തിൽ സൂചിക വീണ്ടും ഇടിഞ്ഞ്‌ 21,571 ൽ ക്ലോസിങ്‌ നടന്നു. ഈവാരം വിൽപ്പന സമ്മർദ്ദം തുടർന്നാൽ നിഫ്‌റ്റി 21,202 ലേയ്‌ക്കും ഫെബ്രുവരിയിൽ 20,833 പോയിന്റിലേയ്‌ക്കും തിരുത്തലിന്‌ മുതിരാം. ഫണ്ടുകൾ വീണ്ടും വാങ്ങലുകാരായി രംഗത്ത്‌ അണിനിരന്നാൽ നിഫ്‌റ്റി 22,034 ലേയ്‌ക്ക്‌ തിരിച്ചു വരവിന്‌ ശ്രമിക്കും. വിപണിയുടെ മറ്റ്‌ സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രൻറ്‌, പാരാബോളിക്ക്‌ എന്നിവ സെല്ലർമാർക്ക്‌ അനുകൂലമായി.

സെൻസെക്‌സ്‌ 72,568 ൽ നിന്നും 72,720 ലെ മുൻ റെക്കോർഡ്‌ മറികടന്ന്‌ 73,410 വരെ ഉയർന്ന്‌ പുതിയ റെക്കോർഡിട്ടു. ഇതിനിടയിൽ വിദേശ ഫണ്ടുകൾ ബ്ലൂചിപ്പ്‌ ഓഹരികൾ വിറ്റുമാറാൻ മത്സരിച്ച്‌ ഇറങ്ങിയതോടെ സൂചിക 70,665 ലേയ്‌ക്ക്‌ ഇടിഞ്ഞു. വാരാന്ത്യം സെൻസെക്‌സ്‌ 71,423 പോയിന്റിലാണ്. ഈവാരം 70,255 - 69,087 ലും വിപണിക്ക്‌ താങ്ങ്‌ നിലവിലുണ്ട്‌, മുന്നേറാൻ ശ്രമിച്ചാൽ 72,990 ൽ പ്രതിരോധം തല ഉയർത്താം.

കറൻസി വിപണിയിൽ രൂപക്ക്‌ വീണ്ടും തിരിച്ചടി. രൂപയുടെ മൂല്യം 82.92 ൽ നിന്നും 82.77 ലേയ്‌ക്ക്‌ തുടക്കത്തിൽ മികവ്‌ കാണിച്ചെങ്കിലും പിന്നീട്‌ 83.15 ലേയ്‌ക്ക്‌ ഇടിഞ്ഞ ശേഷം വാരാന്ത്യം ഡോളറിന്‌ മുന്നിൽ രൂപ 83.07 ലാണ്‌.

ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 12,621 കോടി രൂപയുടെ ഓഹരികൾ വാങ്ങുകയും 1909 കോടിയുടെ വിൽപ്പനയും നടത്തി. വിദേശ ഫണ്ടുകൾ 1743 കോടി നിക്ഷേപിച്ചു. അവരുടെ മൊത്തം വിൽപ്പന 24,716 കോടി രൂപയാണ്‌. ഈ വർഷം വിദേശ ഫണ്ടുകൾ വിറ്റഴിച്ചത്‌ 49,113 കോടി രൂപയുടെ ഓഹരികളാണ്‌. വിദേശ നാണയകരുതൽ ശേഖരം ഉയർന്നു. കരുതൽ ധനം ജനുവരി 12 ന്‌ അവസാനിച്ച വാരം 1.634 ബില്യൺ ഡോളർ ഉയർന്ന് 618.937 ബില്യൺ ഡോളറായി ഉയർന്നുവെന്ന്‌ റിസർവ്‌ ബാങ്ക്‌ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT