ന്യൂഡൽഹി: ഇറാനെതിരായ യു.എസ്-ഇസ്രയേൽ യുദ്ധവും ഹുർമുസ് കടലിടുക്കിന്‍റെ അടച്ചിടലും മൂലം ഉണ്ടായ പ്രതിസന്ധികൾക്കിടയിൽ, രാജ്യത്തെ ഇന്ധന ലഭ്യത ഉറപ്പാക്കാൻ ഈ മാസം ആദ്യം ഏർപ്പെടുത്തിയ അടിയന്തര നടപടികൾക്ക് വിരാമമിട്ടുകൊണ്ട് ജൂലൈ 1 മുതൽ പെട്രോൾ, ഡീസൽ വിൽപ്പനയിലെ താൽക്കാലിക നിയന്ത്രണങ്ങൾ ഇന്ത്യ പിൻവലിക്കും. ഇന്ധനക്ഷാമം ഉണ്ടാകുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിരുന്ന ഈ നിയന്ത്രണങ്ങൾ പ്രകാരം, വാണിജ്യ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ഉപഭോക്താക്കൾക്ക് റീട്ടെയിൽ ഫ്യുവൽ സ്റ്റേഷനുകളിൽ നിന്ന് പെട്രോളും ഡീസലും വാങ്ങുന്നതിന് വിലക്കുണ്ടായിരുന്നു.
പൊതുജനങ്ങൾക്ക് ഇന്ധനം തടസമില്ലാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികൃതർ ഡീസൽ വാങ്ങുന്നതിന് പ്രതിദിന പരിധിയും ഏർപ്പെടുത്തിയിരുന്നു. ഗൾഫ് മേഖലയിലെ യു.എസ്-ഇസ്രായേൽ യുദ്ധം ആഗോള ഊർജ്ജ വിതരണ ശൃംഖലയെ തകിടം മറിക്കുകയും അത് ഇന്ധന ലഭ്യതയെ ബാധിക്കുകയും ചെയ്യുമെന്ന ഭീതിയിലാണ് ഈ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.
കഴിഞ്ഞയാഴ്ച, വാണിജ്യ എൽ.പി.ജി വിതരണം പ്രതിസന്ധിക്ക് മുമ്പുള്ള അവസ്ഥയിലേക്ക് കേന്ദ്രസർക്കാർ തിരികെ കൊണ്ടുവന്നു. യു.എസ്-ഇസ്രയേൽ യുദ്ധം ആഗോള ഊർജ വിതരണ ശൃംഖലയെ തടസപ്പെടുത്തിയതിനെ തുടർന്ന് മാർച്ചിൽ ഏർപ്പെടുത്തിയ താൽക്കാലിക നിയന്ത്രണങ്ങൾ പിൻവലിച്ചതായി മന്ത്രാലയം അറിയിച്ചു.
വീടുകളിലെ പാചകവാതക ലഭ്യതക്ക് മുൻഗണന നൽകുന്നതിനായി കൊണ്ടുവന്ന നിയന്ത്രണങ്ങൾ, വാണിജ്യ ഉപഭോക്താക്കൾക്കുള്ള വിഹിതം കുറച്ചിരുന്നു. ഇത് ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ, വ്യവസായങ്ങൾ എന്നിവയെ ഡീസൽ, കൽക്കരി തുടങ്ങിയ ബദൽ മാർഗങ്ങളിലേക്ക് മാറാൻ നിർബന്ധിതരാക്കിയിരുന്നു. വിതരണം സ്ഥിരപ്പെട്ടതോടെ, ഗാർഹികേതര പാക്കറ്റ് എൽ.പി.ജി സിലിണ്ടറുകളുടെ വിതരണം പൂർണമായും പുനരാരംഭിക്കാൻ എണ്ണ വിതരണ കമ്പനികളോട് സർക്കാർ നിർദ്ദേശിച്ചു. കൂടാതെ, ബൾക്ക് എൽ.പി.ജി നിയന്ത്രണങ്ങളിൽ ഭാഗികമായി ഇളവ് വരുത്തുകയും പ്രതിസന്ധിക്ക് മുമ്പുണ്ടായിരുന്നതിന്‍റെ 50 ശതമാനം വരെ ഉപയോഗിക്കാൻ അനുമതി നൽകുകയും ചെയ്തു. പി.എൻ.ജിയിലേക്ക് ഇതിനകം മാറിയിട്ടുള്ള വാണിജ്യ-വ്യവസായ ഉപഭോക്താക്കളെ വീണ്ടും എൽ.പി.ജിയിലേക്ക് മാറാൻ അനുവദിക്കില്ല. പി.എൻ.ജി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.