ന്യുഡൽഹി: മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും, ഈ ആഴ്ച മൊത്തത്തിൽ ക്രൂഡ് ഓയിൽ വില വർധനവിന്‍റെ പാതയിലാണ്. യു.എസും ഇറാനും പരസ്പരം വ്യോമാക്രമണങ്ങൾ നടത്തിയതോടെ മേഖലയിലെ സംഘർഷം രൂക്ഷമാവുകയും വിതരണ ശൃംഖലയെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. വർധിച്ചുവരുന്ന പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകൾ എണ്ണയുടെ ആവശ്യകതയെയും വിപണി വിലയെയും സമ്മർദ്ദത്തിലാക്കുന്നുണ്ട്. നിലവിലെ സംഘർഷം തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് വഴിയുള്ള ജലഗതാഗതം പുനരാരംഭിക്കുന്നത് വൈകാനിടയാക്കി. അതേസമയം, സ്ഥിതിഗതികൾ ശാന്തമാകുമെന്ന പ്രതീക്ഷ രാഷ്ട്രങ്ങളും പ്രകടിപ്പിക്കുന്നതിനാൽ അതീവ ജാഗ്രതയോടെയാണ് വിപണി പ്രതികരിക്കുന്നത്.
ബ്രെന്‍റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വില 0.08% ഇടിഞ്ഞ് ബാരലിന് 76.24 ഡോളറിലെത്തി. യു.എസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് വില 0.06% കുറഞ്ഞ് 72.04 ഡോളറായി. എങ്കിലും, ഈ ആഴ്ച മൊത്തത്തിൽ ബ്രെന്‍റ് ക്രൂഡ് വിലയിൽ 6 ശതമാനവും ഡബ്ല്യു.ടി.ഐ ക്രൂഡ് 5 ശതമാനവും വർധനയാണ് ഉണ്ടായിരക്കുന്നത്.
മൂന്ന് ആഴ്ച നീണ്ടുനിന്ന വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട്, ഇറാന്‍റെ തെക്കൻ തീരദേശ കിഴക്കൻ പ്രവിശ്യകളിൽ യു.എസ് നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി ഗൾഫ് രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ വ്യാഴാഴ്ച ഇറാന്‍റെ സായുധ സേന ആക്രമണം നടത്തിയിരുന്നു. ഇറാന്‍റെ ആണവനിലയം സ്ഥിതി ചെയ്യുന്ന ബുഷെഹർ ഉൾപ്പെടെയുള്ള തെക്കൻ ഇറാനിലെ പലയിടങ്ങളിലും ഒന്നിലധികം സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 28ന് യുദ്ധത്തിന്‍റെ ആദ്യ ദിനം കൊല്ലപ്പെട്ട ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖംനഈയുടെ ഒരാഴ്ച നീണ്ടുനിന്ന വിലാപയാത്രകൾക്കും റാലികൾക്കും ശേഷം അദ്ദേഹത്തിന്‍റെ ഭൗതികശരീരം സംസ്കരിച്ച ദിവസമാണ് വീണ്ടും ശക്തമായ പോരാട്ടം ആരംഭിച്ചത്. ഈ സംഘർഷം കാരണം ഹുർമുസ് കടലിടുക്ക് പൂർണമായി തുറക്കുന്നത് വൈകിയിരിക്കുകയാണ്. യുദ്ധത്തിന് മുൻപ് ആഗോളതലത്തിൽ ദിവസേനയുള്ള എണ്ണ, വാതക വിതരണത്തിന്‍റെ 20 ശതമാനവും കടന്നുപോയിരുന്നത് ഈ പ്രധാന ജലപാതയിലൂടെയായിരുന്നു.
ഇറാനിലെ സൈനിക താവളങ്ങൾക്ക് നേരെ യു.എസ് ആക്രമണം ശക്തമാക്കിയെങ്കിലും, ഇറാന്‍റെ ഊർജ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുന്നത് ഒഴിവാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനം വിപണിക്ക് നേരിയ ആശ്വാസം നൽകിയെന്ന് സാമ്പത്തിക വിദഗ്ദർ പറയുന്നു യുദ്ധം വീണ്ടും ആരംഭിക്കുമെന്ന് താൻ കരുതുന്നില്ലെന്നും എന്ത് സംഭവിച്ചാലും അത് വളരെ വേഗത്തിൽ അവസാനിക്കുമെന്നും" യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.