ന്യൂഡൽഹി: പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷം ആരംഭിച്ചതിനുശേഷം ആദ്യമായി ഇന്ത്യയുടെ ശരാശരി ക്രൂഡ് ഓയിൽ ഇറക്കുമതി വില ബാരലിന് 70 ഡോളറിൽ താഴെയായി കുറഞ്ഞു. എന്നാൽ, പെട്രോൾ, ഡീസൽ വിലയിൽ ഉടനടി കുറവുണ്ടാകാൻ സാധ്യതയില്ലെന്നാണ് വൃത്തങ്ങൾ പറയുന്നത്. എണ്ണക്കമ്പനികൾ നേരത്തെയുണ്ടായ നഷ്ടം നികത്താൻ ശ്രമിക്കുന്നതും, ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി സർക്കാർ വഹിച്ച സാമ്പത്തിക ബാധ്യതയുടെ ഒരു ഭാഗം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതുമാണ് ഇതിന് കാരണം.
ഫെബ്രുവരി 28ന് സംഘർഷം ആരംഭിച്ചതിനെത്തുടർന്ന് മാർച്ച് 23ന് ബാരലിന് 157.04 ഡോളർ എന്ന നിലവാരത്തിലെത്തിയ ക്രൂഡ് ഓയിൽ വില, വെള്ളിയാഴ്ചയോടെ 56 ശതമാനത്തിലധികം കുറഞ്ഞ് 68.86 ഡോളറിലെത്തി. വലിയ നഷ്ടത്തിലായിരുന്ന പൊതുമേഖലാ എണ്ണ വിപണന കമ്പനികൾക്ക് ഈ വിലക്കുറവ് ആശ്വാസമായിട്ടുണ്ട്. നിലവിൽ ഈ കമ്പനികൾക്ക് പെട്രോൾ ലിറ്ററിന് ഏകദേശം 5-6 രൂപ വരെ ലാഭമുണ്ടെങ്കിലും, ഡീസൽ വിൽപ്പനയിൽ ലിറ്ററിന് ഏകദേശം 8-10 രൂപ നഷ്ടം തുടരുന്നുണ്ടെന്ന് വിവരങ്ങൾ സൂചിപ്പിക്കുന്നു.
രാജ്യത്താവശ്യമായ ക്രൂഡ് ഓയിലിന്റെ 88 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുകയാണ്. ആഗോളതലത്തിൽ എണ്ണവില കുതിച്ചുയർന്നപ്പോഴും റീട്ടെയിൽ ഇന്ധനവിലയിൽ വലിയ മാറ്റമില്ലാതിരുന്നത് എണ്ണക്കമ്പനികൾക്ക് വലിയ നഷ്ടമുണ്ടാക്കി. ഇന്ധനവിലയിലെ നഷ്ടം നികത്തുന്നതിനായി മാർച്ച് 27ന് സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കുറച്ചിരുന്നു. പെട്രോളിന് ലിറ്ററിന് 26 രൂപയും ഡീസലിന് 81.90 രൂപയും വരെ നഷ്ടം ഉയർന്ന സാഹചര്യത്തിലായിരുന്നു ഇത്.
ലോകമെമ്പാടുമുള്ള എണ്ണ വ്യാപാരത്തിന്‍റെ അഞ്ചിലൊന്ന് നടക്കുന്ന ഹുർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള ക്രൂഡ് ഓയിൽ വില വീണ്ടും വർധിച്ചു. എക്സൈസ് തീരുവ കുറച്ചിട്ടും നഷ്ടം വർധിച്ചതിനെത്തുടർന്ന്, മെയ് 15നും മെയ് 25നും ഇടയിൽ കമ്പനികൾ പെട്രോളിന് 7.35 രൂപയും ഡീസലിന് 7.53 രൂപയും വീതം വർധിപ്പിച്ചിരുന്നു.
യു.എസ്-ഇറാൻ സമാധാന ഉടമ്പടിക്കുള്ള സാധ്യതകൾ തെളിയുകയും, ജൂൺ പകുതിയോടെ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവെക്കുകയും ചെയ്തതോടെ എണ്ണവില കുറയാൻ തുടങ്ങി. ഹുർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ ഗതാഗതം പുനരാരംഭിച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയുകയും ഇന്ത്യയുടെ ഊർജ വിതരണ സാഹചര്യം മെച്ചപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.