ആഗോള വിപണിയിൽ തിരിച്ചടി; സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു

മുംബൈ: തുടർച്ചയായ വിദേശ ഫണ്ടിങ്ങും ആഗോള വിപണിയിലെ മന്ദഗതിയിലുള്ള പ്രവണതകളിലും തിരിച്ചടി നേരിട്ട് ആഗോള ഓഹരി വിപണി. ബി.എസ്.ഇയിലെ 30 ഓഹരികളിൽ ഇടിവ് രേഖപ്പെടുത്തി. ബോംബെ സൂചിക സെൻസെക്‌സ് 179.06 പോയിന്റ് ഇടിഞ്ഞ് 63,603.74ലിലും ദേശീയ സൂചിക നിഫ്റ്റി 49.25 പോയിന്‍റ് താഴ്ന്ന് 18,998ലും എത്തി.

ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി, പവർ ഗ്രിഡ്, ബജാജ് ഫിനാൻസ്, ലാർസൻ ആൻഡ് ടർബോ, ടൈറ്റൻ, ആക്‌സിസ് ബാങ്ക് എന്നീ സ്ഥാപനങ്ങളുടെ ഓഹരികൾ തിരിച്ചടി നേരിട്ടു. റിലയൻസ് ഇൻഡസ്ട്രീസ്, ടെക് മഹീന്ദ്ര, അൾട്രാടെക് സിമന്റ്, ടാറ്റ കൺസൾട്ടൻസി സർവീസസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഏഷ്യൻ, ടോക്കിയോ, ഹോങ്കോങ് വിപണികൾ ഇടിവിലാണ് വ്യാപാരം നടത്തിയത്. സിയോൾ, ഷാങ്ഹായ് വിപണികൾ നേട്ടത്തിലാണ്. യു.എസ് വിപണികൾ വെള്ളിയാഴ്ച നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്.

ആഗോള എണ്ണ വില ബ്രെന്റ് ക്രൂഡ് ഓയിലിന് 1.23 ശതമാനം ഇടിഞ്ഞ് ബാരലിന് 89.37 ഡോളറിലെത്തി. യു.എസ് ട്രഷറി ആദായത്തിലെ കുതിച്ചുചാട്ടവും ഇസ്രായേൽ-ഹമാസ് സംഘർഷത്തെ തുടർന്നുള്ള അനിശ്ചിതാവസ്ഥയും കാരണം വിദേശ നിക്ഷേപകർ ഈ മാസം ഇന്ത്യൻ ഇക്വിറ്റികളിൽ നിന്ന് 20,300 കോടി രൂപ പിൻവലിച്ചു.

ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം വിലയിരുത്തിയാല്‍ ഒക്ടോബറില്‍ മാത്രമുണ്ടായ നഷ്ടം 9.8 ലക്ഷം കോടി രൂപയോളം വരും. സെക്ടറല്‍ സൂചികകളെല്ലാം നഷ്ടത്തിലാണ്. നിഫ്റ്റി മീഡിയ, റിയാല്‍റ്റി എന്നിവ രണ്ടു ശതമാനത്തിലേറെ താഴ്ന്നു. എഫ്.എം.സി.ജി, ഐടി, മെറ്റല്‍, ഫാര്‍മ, പൊതുമേഖല ബാങ്ക്, ഓട്ടോ സൂചികകള്‍ 0.80 ശതമാനം മുതല്‍ 1.80 ശതമാനം വരെ നഷ്ടത്തിലാണ്.

ഇന്ത്യ നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വിദേശ നിക്ഷേപകരുടെ വിറ്റൊഴിയല്‍ തുടരുന്നതും പ്രതീക്ഷിച്ചതിലും ദുര്‍ബലമായ രണ്ടാം പാദഫലങ്ങളുമാണ് വിപണിയെ ദുര്‍ബലമാക്കിയത്. പശ്ചിമേഷ്യയിലെ സംഘര്‍ഷം ദീര്‍ഘകാലം നീളാനിടയായാല്‍ ആഗോള വളര്‍ച്ചയെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാം.

Tags:    
News Summary - A setback in global markets; Sensex and Nifty fell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT