നിലവിലെ സാഹചര്യത്തിൽ നിക്ഷേപകർ ട്രേഡിങിൽ ഒഴിവാക്കേണ്ട 5 അബദ്ധങ്ങൾ

മുംബൈ: ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വിപണിയിൽ ഉണ്ടാക്കുന്ന ചാഞ്ചാട്ടങ്ങൾ ഇത് നിക്ഷേപകരുടെ അച്ചടക്കത്തെയും തീരുമാനമെടുക്കാനുള്ള കഴിവിനെയും സങ്കീർണമാക്കുന്നു. അനിശ്ചിതത്വങ്ങൾ അവസരങ്ങൾ സൃഷ്ടിക്കുമെങ്കിലും, ചെറിയ തെറ്റുകൾ വലിയ നഷ്ടങ്ങൾക്കും വഴിവെച്ചേക്കാം. ഭൗമരാഷ്ട്രീയ പ്രതിസന്ധി ഘട്ടങ്ങളിൽ നിക്ഷേപകർ ഒഴിവാക്കേണ്ട അഞ്ച് പ്രധാന അബദ്ധങ്ങൾ താഴെ പറയുന്നവയാണ്.

1.ഓരോ വാർത്തകൾക്കും അനുസരിച്ചുള്ള ഓവർ ട്രേഡിങ് ഒഴിവാക്കുക

ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ വിപണിയിൽ പെട്ടെന്നുള്ള മാറ്റങ്ങൾക്ക് കാരണമാകും. ഒരു ദിവസം ആശങ്കകൾ കാരണം വിപണി താഴുന്നു, അടുത്ത ദിവസം അയവുണ്ടാകുമെന്ന പ്രതീക്ഷയിൽ ഉയരുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഓരോ വാർത്തക്കും അനുസരിച്ച് തുടർച്ചയായി ഓഹരികൾ വാങ്ങുന്നതും വിൽക്കുന്നതും ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് വീർ ഗ്രോത്ത് ഫണ്ട് സി.ഐ.ഒയും മംഗൾ കേശവ് ഫിനാൻഷ്യൽ സർവീസസ് ചെയർമാനുമായ പരേഷ് ഭഗവതി പറയുന്നത്,. "ഇത്തരം അനിശ്ചിതത്വങ്ങൾക്കിടയിൽ നിരന്തരം വ്യാപാരം ചെയ്യുന്നത് ട്രാൻസാക്ഷൻ ചെലവ് കൂട്ടുകയും ദീർഘകാല ലാഭത്തെ ബാധിക്കുകയും ചെയ്യും. പകരം, നിക്ഷേപകർ തങ്ങളുടെ ലക്ഷ്യങ്ങളിലും ആസ്തി വിഹിതത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണം," അദ്ദേഹം പറയുന്നു.

2. വിപണിയിലെ ട്രെന്‍റുകളെ അന്ധമായി പിന്തുടരരുത്

പ്രധാന വാർത്തകളോട് പ്രതികരിച്ചുകൊണ്ട് നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വാങ്ങാനോ വിൽക്കാനോ ഓടുമ്പോൾ, അതിന്റെ പ്രഭാവം അപ്പോഴേക്കും വിപണി വിലയിൽ പ്രതിഫലിച്ചു കഴിഞ്ഞിട്ടുണ്ടാകും. മറ്റുള്ളവരെ പിന്തുടരുന്നത് തെറ്റായ സമയത്ത് നിക്ഷേപത്തിലേക്ക് നയിച്ചേക്കാം. സ്വന്തം ഗവേഷണം, ഓഹരികളുടെ മൂല്യം വിലയിരുത്തൽ, റിസ്ക് എടുക്കാനുള്ള ശേഷി, ദീർഘകാല ലക്ഷ്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണം നിക്ഷേപ തീരുമാനങ്ങൾ എടുക്കേണ്ടത്.

3. ഭയപ്പെട്ട് വിപണിയിൽ നിന്ന് പൂർണമായും പുറത്തുപോകരുത്

അനിശ്ചിതത്വ കാലത്ത് പൂർണമായും പണമായി സൂക്ഷിക്കുന്നത് താൽക്കാലിക ആശ്വാസം നൽകുമെങ്കിലും, വിപണി തിരിച്ചുകയറുമ്പോൾ ലഭിക്കാവുന്ന അവസരങ്ങൾ നഷ്ടപ്പെടാൻ ഇത് കാരണമാകും. ഓഹരികളിൽ നിന്ന് പൂർണ്ണമായും പിന്മാറുന്നതിന് പകരം, പോർട്ട്‌ഫോളിയോയുടെ ഗുണനിലവാരം പരിശോധിച്ച്, ന്യായമായ വിലയിൽ ലഭ്യമായ കമ്പനികളിൽ നിക്ഷേപിക്കുന്നതാണ് ഉചിതം," ഭഗവതി പറയുന്നു.

4. അനിശ്ചിതത്വമുള്ള വിപണിയിൽ കടം വാങ്ങി നിക്ഷേപിക്കുന്നത് ഒഴിവാക്കുക

വിപണിയിലെ അനിശ്ചിതത്വത്തിനിടയിൽ കടം വാങ്ങിയോ വലിയ തോതിലുള്ള 'ലിവറേജ്' പൊസിഷനുകൾ എടുത്തോ നിക്ഷേപിക്കുന്നത് റിസ്ക് പലമടങ്ങ് വർദ്ധിപ്പിക്കും. ഓഹരികൾ, ചരക്കുകൾ, കറൻസികൾ എന്നിവയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ ഇത്തരം നിക്ഷേപകരെ മോശം സമയത്ത് വിപണിയിൽ നിന്ന് പുറത്താക്കാൻ നിർബന്ധിതരാക്കിയേക്കാം. അതിനാൽ, അനിശ്ചിതത്വം കൂടുമ്പോൾ മൂലധന സംരക്ഷണത്തിന് മുൻഗണന നൽകുന്നതാണ് ബുദ്ധി.

5. കൃത്യമായ പഠനമില്ലാതെ പ്രശസ്തമായ തീമുകളെ പിന്തുടരരുത്

ഭൗമരാഷ്ട്രീയ പ്രതിസന്ധികളിൽ പ്രതിരോധം, ഊർജ്ജം, കമോഡിറ്റികൾ തുടങ്ങിയ മേഖലകൾ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. ഈ മേഖലകളെക്കുറിച്ചുള്ള വാർത്തകൾ ആകർഷകമാണെന്ന് തോന്നിയാലും, വില കൂടുന്നത് കൊണ്ട് മാത്രം അതൊരു നല്ല നിക്ഷേപ അവസരമാകണമെന്നില്ല. അതിനാൽ, നിക്ഷേപിക്കുന്നതിന് മുമ്പ് കമ്പനിയുടെ പ്രവർത്തനമികവ്, ഭാവിയിലെ വരുമാന സാധ്യത, മൂല്യം എന്നിവ ശ്രദ്ധാപൂർവ്വം വിലയിരുത്തുക.

Tags:    
News Summary - 5 mistakes to avoid by investers in the time of Global geopolitical conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.