വാഷിങ്ടൺ: ലോകത്തെ ലക്ഷക്കണക്കിന് ഓഹരി നിക്ഷേപകരുടെ കൺകണ്ട ദൈവമാണ് വാറൻ ബഫറ്റ്. ദീർഘകാലത്തെ ഓഹരി നിക്ഷേപത്തിലൂടെ വൻ സമ്പത്ത് കെട്ടിപ്പടുക്കാമെന്ന് അനുഭവം കൊണ്ട് തെളിയിച്ച വ്യക്തി. യു.എസിലെ ഒമാഹയിൽ ജനിച്ച ബഫറ്റ്, ഒറാക്കിൾ ഓഫ് ഒമാഹ എന്നാണ് അറിയപ്പെടുന്നത്. ബഫറ്റ് എടുക്കുന്ന ഓരോ തീരുമാനത്തിനും കാതോർത്തിരിക്കുകയാണ് ഓഹരി നിക്ഷേപകർ.
വമ്പൻ ഓഹരി നിക്ഷേപ പദ്ധതിയിലൂടെ വീണ്ടും വാർത്തയിൽ ഇടം പിടിച്ചിരിക്കുകയാണ് 95 കാരനായ അദ്ദേഹം. ബഫറ്റിന്റ കമ്പനിയായ ബെർക്ക്‌ഷെയർ ഹാത്‌വേ 10 ബില്ല്യൻ ഡോളർ അതായത് 88,670 കോടി രൂപയുടെ ഓഹരിയാണ് വാങ്ങാൻ പോകുന്നത്. യു.എസിലെ മുൻനിര ഇന്ധന ഉത്പാദന കമ്പനികളിലൊന്നായ ഓക്സിഡന്റൽ പെട്രോളിയം കമ്പനിയുടെ കെമിക്കൽ ബിസിനസിലാണ് നിക്ഷേപിക്കുക. ദിവസങ്ങൾക്കകം ഇടപാടിൽ തീരുമാനമാകുമെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
മൂന്ന് വർഷത്തിനിടെ ബഫറ്റ് നടത്തുന്ന ഏറ്റവും വലിയ ഓഹരി നിക്ഷേപമാണിത്. 2022 ൽ ഇൻഷൂറൻസ് കമ്പനിയായ അലിഗെയ്നി കോർപറേഷന്റെ ഓഹരികൾ 13.7 ബില്ല്യൻ ഡോളർ മുടക്കി അദ്ദേഹം വാങ്ങിയിരുന്നു. വൻകിട ഓഹരി ഇടപാടുകളിൽനിന്ന് മൂന്ന് വർഷത്തോളം മാറിനിന്ന ബഫറ്റിന്റെ തിരിച്ചുവരവ് യു.എസ് ഓഹരി വിപണിയിൽ ചൂടേറിയ ചർച്ചയാണ്. ഈ വർഷം അവസാനത്തോടെ ബെർക്ക്‌ഷെയർ ഹാത്‌വേയുടെ സി.ഇ.ഒ പദവി ഒഴിയാനിരിക്കെയാണ് പുതിയ നിക്ഷേപ പദ്ധതിക്ക് ഒരുങ്ങുന്നത്.
ഓക്സിഡന്റൽ പെട്രോളിയം കമ്പനിയിൽ ബഫറ്റിന് നിലവിൽ 11 ബില്ല്യൻ ഡോളർ നിക്ഷേപമുണ്ട്. അതായത് 28.2 ശതമാനം ഓഹരി. കോവിഡ് കാലത്ത് ഓഹരികൾക്ക് കനത്ത ഇടിവ് നേരിട്ടപ്പോഴാണ് അദ്ദേഹം വാങ്ങാൻ തുടങ്ങിയത്.
ഈയിടെ യുനൈറ്റഡ് ഹെൽത് ഗ്രോഅപ് എന്ന കമ്പനിയിലും 1.6 ബില്ല്യൻ ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു. ജൂൺ വരെയുള്ള കണക്ക് പ്രകാരം അക്കൗണ്ടിൽ 344 ബില്ല്യൻ ഡോളറുള്ള കമ്പനിയാണ് ബെർക്ക്‌ഷെയർ ഹാത്‌വേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.