മുംബൈ: രൂപക്ക് 2025 സമ്മാനിച്ചത് വലിയ തിരിച്ചടി. വിദേശ നിക്ഷേപകർ വൻതോതിൽ ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് പണം പിൻവലിച്ചതും അന്താരാഷ്ട്ര വിപണിയിൽ ഡോളർ കരുത്താർജിച്ചതും കാരണം ഈ വർഷം രൂപയുടെ മൂല്യത്തിൽ അഞ്ചു ശതമാനത്തിന്റെ ഇടിവുണ്ടായി. ഏഷ്യയിലെത്തന്നെ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച കറൻസികളിലൊന്നായി രൂപ മാറി.
2025ലെ അവസാന വ്യാപാര ദിനമായ ബുധനാഴ്ച, രൂപയുടെ മൂല്യം 13 പൈസ ഇടിഞ്ഞ് ഡോളറിന് 89.88 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. 2024 ഡിസംബർ 31ന് 85.64 എന്ന നിലയിലായിരുന്ന രൂപ, ഒരു വർഷംകൊണ്ട് 4.95 ശതമാനം ഇടിഞ്ഞു. ഒരു ഘട്ടത്തിൽ രൂപയുടെ മൂല്യം 91.08 വരെ താഴ്ന്നിരുന്നു. രൂപയുടെ തകർച്ച വലിയതോതിൽ ബാധിക്കാതിരിക്കാൻ വിപണിയിൽ ഇടപെടലുകൾ നടത്തിയിരുന്നു.
വിദേശ നിക്ഷേപകർ ഈ വർഷം ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് ഏകദേശം 1650 കോടി യു.എസ് ഡോളർ (ഏകദേശം 1.37 ലക്ഷം കോടി രൂപ) പിൻവലിച്ചത് രൂപക്ക് വലിയ തിരിച്ചടിയായി. ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും വ്യാപാര തർക്കങ്ങളുമാണ് നിക്ഷേപകരെ അകറ്റിയത്. എണ്ണ, സ്വർണം, പ്രതിരോധം എന്നീ മേഖലകളിലെ ഇറക്കുമതിക്കായി ഡോളറിന് ആവശ്യക്കാർ ഏറിയതും രൂപയുടെ വിലയിടിവിന് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.