എരിതീയിൽ നിന്ന് വറചട്ടിയിലേക്ക്; ജനത്തിന് മേൽ വീഴുന്നത് 4000 കോടിയുടെ അധിക ബാധ്യത

തിരുവനന്തപുരം: വറുതികൾക്കും പ്രതിസന്ധികൾക്കും നടുവിൽ നട്ടംതിരിയുന്ന സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിതമയമാക്കുന്നതാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ്. തെരഞ്ഞെടുപ്പില്ലാത്ത വർഷം നോക്കി സാധ്യമായ എല്ലാ മേഖലയിലും കൈവെച്ചതിന് പുറമെ വൻ വിലക്കയറ്റത്തിന് വഴിവെച്ച് പെട്രോൾ -ഡീസൽ വിലയും കൂട്ടി. ജീവിതഭാരം വർധിക്കാനും ചെലവ് കുതിച്ചുയരാനും ഇത് വഴിയൊരുക്കും. സമീപകാല ചരിത്രത്തിലൊന്നും ഇത്ര വലിയ ജീവിതഭാരം ഒരു സർക്കാറും ഒറ്റയടിക്ക് അടിച്ചേൽപിച്ചിട്ടില്ല. വെള്ളക്കരം, വൈദ്യുതി ചാർജ്, ബസ് ചാർജ് ഒക്കെ വർധിപ്പിച്ചതിന് പിറകെയാണ് ഈ കടുംനടപടി.

ഏകദേശം 4000 കോടി രൂപ വരുന്ന അധിക ബാധ്യതയാണ് ജനത്തിന് മുകളിൽ വീഴുന്നത്. കെട്ടിട നികുതി വർധന അടക്കം വരുന്നതിനാൽ പ്രാബല്യത്തിൽ വരുമ്പോൾ കുറേക്കൂടി ആഘാതമുണ്ടാകും. കേന്ദ്ര സർക്കാർ അടിക്കടി ഇന്ധന വില ഉയർത്തുമ്പോൾ കേരളത്തിൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ പ്രതിഷേധം ഉയർന്നിരുന്നു. സംസ്ഥാന നികുതിയിൽ ഇളവ് ആവശ്യം ഉയർന്നപ്പോൾ സംസ്ഥാനം തയാറായതുമില്ല. നിലവിൽ റോഡ് സെസ് അടക്കം വാങ്ങുന്നതിന് പുറമെയാണ് ഓരോ ലിറ്റർ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം വർധിപ്പിച്ചത്.

750 കോടിയാണ് ഇതിലൂടെ ലക്ഷ്യമെന്ന് പറയുന്നുണ്ടെങ്കിലും അതിൽ കൂടുതൽ ലഭിക്കും. ഇന്ധന വില വർധിക്കുന്നതിന് പുറമെ ബസ് ചാർജ്, ടാക്സി, ഓട്ടോ നിരക്ക്, കടത്തുകൂലി അടക്കം ഉയരും. ക്ഷേമ പെൻഷൻ വിതരണത്തിനാണ് ഇന്ധന സെസും മദ്യസെസും ഏർപ്പെടുത്തിയതെന്ന് പറയുന്നുണ്ടെങ്കിലും രണ്ടുവർഷമായി പെൻഷൻ കൂട്ടിയിട്ടില്ല. പെൻഷൻ കമ്പനി വഴി കടമെടുപ്പിന് കേന്ദ്രം നിയന്ത്രണം കൊണ്ടുവന്നപ്പോഴാണ് പെൻഷൻ ബാധ്യത മറ്റ് രീതിയിൽ സർക്കാർ ജനങ്ങളുടെ മുകളിലിട്ടത്. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന ജനങ്ങളുടെ മുകളിലേക്കാണ് ഈ കടുംനടപടി വീണത്.

ഭൂമി ഇടപാടുകൾ ഏറെ ചെലവേറിയതാക്കാൻ ബജറ്റ് വഴിയൊരുക്കും. ന്യായവില 20 ശതമാനം വർധിക്കുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് ബാധ്യത അത്രതന്നെ വർധിക്കും. ഒന്നിലധികം വീടുള്ളവർക്കും വീട് അടച്ചിട്ടവർക്കും പ്രത്യേക നികുതി കൊണ്ടുവരാനുള്ള നീക്കവും വലിയ ബാധ്യത വരുത്തും.

വമ്പൻ നികുതി വർധനക്കിടയിലും ക്ഷേമ-വികസന രംഗങ്ങളിൽ പുതിയ വമ്പൻ പദ്ധതികളില്ല. അടിസ്ഥാന സൗകര്യ വികസനത്തിൽ നിലവിലെ പദ്ധതികളുടെ വിപുലീകരണത്തിനാണ് ഊന്നൽ. പ്രധാനപ്പെട്ട ചില ദിശാസൂചനകൾ ബജറ്റ് മുന്നോട്ടുവെക്കുന്നുമുണ്ട്. വിലക്കയറ്റം നേരിടാൻ നടപടി, വ്യവസായ ഇടനാഴികൾ, ഐ.ടി പദ്ധതികൾ എന്നിവയൊക്കെയുണ്ട്. സമ്പദ്വ്യവസ്ഥ തിരിച്ചുവരവിന്‍റെ പാതയിലാണെന്ന സൂചനയാണ് സാമ്പത്തികാവലോകനത്തിൽ അവകാശപ്പെട്ടിരുന്നത്. കാര്യങ്ങൾ ഭദ്രമല്ലെന്നും ഖജനാവ് മെച്ചമല്ലെന്നുമാണ് നികുതി വർധന നിർദേശങ്ങൾ വഴി ധനമന്ത്രി നൽകുന്നത്.

നികുതി കുടിശ്ശിക പിരിക്കാൻ ഊർജിത ശ്രമം ഉണ്ടാകുന്നില്ല. വർഷങ്ങളായി നൽകുന്ന ആംനസ്റ്റി പദ്ധതികൊണ്ട് കാര്യമായ ഗുണമുണ്ടായിട്ടില്ല. 13000 കോടിയിലേറെ രൂപയുടെ നികുതി കുടിശ്ശികയാണ്. അത് പിരിച്ചിരുന്നെങ്കിൽ ഇത്ര വലിയ ഭാരം ജനത്തിനുമേൽ അടിച്ചേൽപിക്കേണ്ടി വരുമായിരുന്നില്ല. കടക്കെണിയിലല്ലെന്നും കടത്തിന്‍റെ തോത് കുറയുകയാണെന്നുമൊക്കെയാണ് സർക്കാർ അവകാശവാദം. എന്നാൽ, പൊതുകടം രണ്ട് വർഷത്തിനകം (24-25ൽ) 455727.77 കോടിയായി വർധിക്കുമെന്നാണ് രേഖകൾ. അടുത്ത കൊല്ലം 411053.11 കോടിയിലെത്തും. 

Tags:    
News Summary - Kerala budget 2023 review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.