റീടെയിൽ പണപ്പെരുപ്പം റെക്കോഡ് താഴ്ചയിൽ; ജി.എസ്.ടി കുറച്ചത് മൂലമെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഇന്ത്യയിലെ റീടെയിൽ പണപ്പെരുപ്പം റെക്കോഡ് താഴ്ചയിൽ. 0.25 ശതമാനമായാണ് പണപ്പെരുപ്പം കുറഞ്ഞത്. സെപ്തംബറിൽ 1.54 ശതമാനമുണ്ടായിരുന്ന പണപ്പെരുപ്പമാണ് കുറഞ്ഞത്. ജി.എസ്.ടി നിരക്ക് കുറഞ്ഞതിനാലാണ് പണപ്പെരുപ്പവും ഇടിഞ്ഞതെന്ന് കേന്ദ്രസർക്കാർ അവകാശപ്പെട്ടു.

തുടർച്ചയായ നാലാം മാസമാണ് പണപ്പെരുപ്പം ആർ.ബി.ഐ ലക്ഷ്യത്തിനും താഴെ നിൽക്കുന്നത്. പണപ്പെരുപ്പം 0.48 ശതമാനമായി കുറയുമെന്നായിരുന്നു പ്രവചനം. ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതാണ് പണപ്പെരുപ്പം ഇടിയുന്നതിന് ഇടയാക്കിയതി​നുള്ള പ്രധാനകാരണം. ഒക്ടോബറിൽ ഭക്ഷ്യവസ്തുക്കളു​ടെ വിലക്കയറ്റത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

എണ്ണ, പച്ചക്കറികൾ, പഴവർഗങ്ങൾ, മുട്ട, ചെരുപ്പ് തുടങ്ങി നിരവധി ഉൽപന്നങ്ങൾക്ക് ജി.എസ്.ടി കുറച്ചതോടെ വില കുറഞ്ഞിട്ടുണ്ട്. ഇതാണ് പണപ്പെരുപ്പം കുറയുന്നതിന് ഇടയാക്കിയതെന്ന് കേന്ദ്രസർക്കാർ വിശദീകരിച്ചു. ഏപ്രിൽ -ഒക്ടോബർ മാസത്തിൽ ഇന്ത്യയിൽ എട്ട് ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് പണപ്പെരുപ്പം സംബന്ധിച്ച കണക്കുകളും പുറത്ത് വരുന്നത്.

പച്ചക്കറി വിലയിൽ 27.5 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസവും പച്ചക്കറി വില കുറഞ്ഞിരുന്നു. 21 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. അ​തേസമയം അടുത്ത സാമ്പത്തിക വർഷത്തിൽ 2.6 ശതമാനമായിരിക്കും പണപ്പെരുപ്പമെന്നാണ് ആർ.ബി.ഐ അനുമാനം. പണപ്പെരുപ്പത്തിന് അനുസരിച്ച് വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്തുമെന്ന് ആർ.ബി.ഐ അറിയിച്ചു.

ജി.എസ്.ടിയിൽ സമഗ്രമാറ്റം കേന്ദ്രസർക്കാർ വരുത്തിയിരുന്നു. ഇനി മുതൽ ജി.എസ്.ടിയിൽ അഞ്ച് ശതമാനം, 18 ശതമാനം എന്നീ രണ്ട് സ്ലാബുകൾ മാത്രമാവും ഉണ്ടാവുക. 12, 28 ശതമാനം എന്നിങ്ങനെ രണ്ട് സ്ലാബുകൾ കേന്ദ്രസർക്കാർ ഒഴിവാക്കി. ഇതിനൊപ്പം ചുരുക്കം ചില ഉൽപന്നങ്ങൾക്കായി 40 ശതമാനം എന്ന നികുതിയും കൊണ്ടു വന്നിട്ടുണ്ട്.

Tags:    
News Summary - Retail inflation slows to a record low of 0.25% in October

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.