റിക്ഷവലിക്കുന്നയാളിൽ നിന്നും ബിഹാറിലെ പ്രധാനപ്പെട്ട കമ്പനിയിലൊന്നിന്റെ സി.ഇ.ഒയായ കഥയാണ് യുവാവായ ദിൽകുഷിന് പറയാനുള്ളത്. 12ാം ക്ലാസിൽ പഠനം നിർത്തിയാണ് ദിൽകുഷ് കുമാർ എന്ന യുവാവ് റിക്ഷവലിക്കുന്നയാളായും പച്ചക്കറി കച്ചവടക്കാരനായുമെല്ലാം ജോലി നോക്കിയത്. എന്നാൽ, കഠിനാധ്വാനത്തിലൂടെ റോഡ്ബെസ് എന്ന കമ്പനിയുടെ സി.ഇ.ഒയായി മാറി ബിഹാറിലെ സ്റ്റാർട്ട് അപ് കമ്പനികളുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചിരിക്കുകയാണ് ദിൽകുഷ്.
ബിഹാറിലെ സഹാർസയിൽ നിന്നുള്ള ദിൽകുഷ് റോഡ്ബെസ് എന്ന പേരിൽ ടാക്സി സേവനത്തിന് തുടക്കം കുറിക്കുമ്പോൾ ആകെയുണ്ടായിരുന്നത് ഒരു പഴയ നാനോ കാറായിരുന്നു. എന്നാൽ ദിൽകുഷിന്റെ ബിസിനസ് മോഡൽ ഹിറ്റായതോടെ കമ്പനിക്ക് നിക്ഷേപം എത്തി തുടങ്ങി. ഏഴ് മാസത്തിനുള്ളിൽ നാല് കോടിയാണ് ദിൽകുഷ് കമ്പനിക്കായി സ്വരുപിച്ചത്. ഇന്ന് ഐ.ഐ.ടികളിലും ഐ.ഐ.എമ്മുകളിലും പഠിച്ചിറങ്ങിയവർ ദിൽകുഷിന്റെ കമ്പനിയിൽ ജീവനക്കാരാണ്.
ഓല, ഉബർ പോലുള ടാക്സി സർവീസുകളിൽ നിന്നും തീർത്തും വിഭിന്നമാണ് ദിൽകുഷിന്റെ റോഡ്ബെസ്. 50 കിലോ മീറ്ററിന് മുകളിലുള്ള ഔട്ട് സ്റ്റേഷൻ യാത്രക്കൾക്കാണ് ദിൽകുഷ് പ്രാധാന്യം നൽകുന്നത്. ഒരേ സ്ഥലത്തേക്ക് ദീർഘദൂര യാത്ര പോകുന്നവരെ ഒരുമിച്ച് ചേർത്തുള്ള കാർപൂൾ സംവിധാനത്തിലൂടെ കുറഞ്ഞ നിരക്കിൽ ആളുകൾക്ക് ടാക്സി സേവനം നൽകാൻ ദിൽകുഷിന് കഴിയുന്നുണ്ട്. ഭാവിയിൽ ബിഹാറിലെ ഓരോ ഗ്രാമത്തിലും സംസ്ഥാനത്തിന് പുറത്തേക്കും ടാക്സി സേവനം എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ദിൽകുഷ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.