ന്യൂഡല്‍ഹി: പെൻഷൻ ഫണ്ട് ഒഴികെ, അംഗങ്ങൾക്ക് ഇ.പി.എഫ് തുക പൂർണമായി പിൻവലിക്കാൻ അനുവദിക്കുന്ന സുപ്രധാന തീരുമാനവുമായി ഇ.പി.എഫ്.ഒ. കഴിഞ്ഞ ദിവസം കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ നടന്ന സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സി.ബി.ടി) യോഗത്തിലാണ് തീരുമാനം.
പ്രധാന തീരുമാനങ്ങൾ
- തുക പിൻവലിക്കാനുള്ള ചുരുങ്ങിയ സർവിസ് കാലം 12 മാസമാക്കി കുറച്ചു. നേരത്തേ, തൊഴിലില്ലായ്മയോ വിരമിക്കലോ ഉണ്ടായാൽ മാത്രമേ പൂർണമായ പിൻവലിക്കൽ അനുവദിച്ചിരുന്നുള്ളൂ. തൊഴിലാളി, തൊഴിലുടമ വിഹിതം ഒരുപോലെ പിൻവലിക്കാം.
- അംഗത്തിന് ജോലിയില്ലാതെ വന്നാൽ ഒരു മാസത്തിനുശേഷം പി.എഫ് ബാലൻസിന്റെ 75 ശതമാനം പിൻവലിക്കാനും രണ്ടു മാസത്തിനുശേഷം ബാക്കി 25 ശതമാനം പിൻവലിക്കാനും അനുവാദമുണ്ടായിരുന്നു. വിരമിക്കുമ്പോൾ, ബാലൻസ് പരിധിയില്ലാതെ പണം പിൻവലിക്കാനും അനുവദിച്ചിരുന്നു. സാധാരണ രീതിയിൽ അനുവദനീയമായ പരമാവധി പിൻവലിക്കൽ അർഹമായ തുകയുടെ 90 ശതമാനമായിരുന്നു. ഭൂമി വാങ്ങുന്നതിനോ പുതിയ വീടിന്റെ നിർമാണത്തിനോ ഇ.എം.ഐ തിരിച്ചടവിനോവേണ്ടി ഭാഗികമായി പിൻവലിക്കൽ നടത്തുകയാണെങ്കിൽ ഇ.പി.എഫ് അംഗങ്ങൾക്ക് അവരുടെ അക്കൗണ്ടിലുള്ള തുകയുടെ 90ശതമാനം വരെ പിൻവലിക്കാൻ അനുവാദമുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ 100 ശതമാനമാക്കിയത്.
13ൽനിന്ന് മൂന്നിലേക്ക്
- ഇ.പി.എഫ് പദ്ധയിയിലെ തുക പിൻവലിക്കലിനുള്ള 13 ഇനങ്ങൾ ചുരുക്കി മൂന്ന് വിഭാഗമാക്കിയിട്ടുണ്ട്. അവശ്യ സാഹചര്യങ്ങൾ (അസുഖം, വിദ്യാഭ്യാസം, വിവാഹം), വീടു നിർമാണം, പ്രത്യേക ആവശ്യങ്ങൾ എന്നിവയാണിത്.
- വിവാഹത്തിന് അഞ്ചുതവണയും വിദ്യാഭ്യാസത്തിനുള്ള പിൻവലിക്കൽ 10 തവണവരെയുമാക്കി.
- അംഗങ്ങൾക്ക് എല്ലായ്‌പ്പോഴും 25 ശതമാനം മിനിമം ബാലൻസ് നിലനിർത്താനുള്ള സൗകര്യവും ഏർപ്പെടുത്തി. ഇതു പലിശയിന വരുമാന വർധനക്ക് സഹായകമാകും.
- അഞ്ചുവർഷത്തേക്ക് നാല് ഫണ്ട് മാനേജർമാരെ തെരഞ്ഞെടുക്കാനുള്ള ശിപാർശയും അംഗീകരിച്ചു. പി.എഫ് അടവിൽ വീഴ്ച വരുത്തിയ തൊഴിലുടമകൾക്കുള്ള പിഴത്തുക ഇളവു ചെയ്യുന്ന ‘വിശ്വാസ്’ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. പെൻഷൻകാർക്ക് വീട്ടിലിരുന്ന് ലൈഫ് സർട്ടിഫിക്കറ്റ് നൽകാൻ തപാൽ വകുപ്പുമായി ചേർന്ന് പദ്ധതി നടപ്പാക്കും.
- തൊഴിലുടമകളുടെ അഭ്യർഥന മാനിച്ച് സെപ്റ്റംബർ ശമ്പളത്തിന്റെ ഇ.പി.എഫ് റിട്ടേൺ അല്ലെങ്കിൽ ‘ഇലക്ട്രോണിക് ചലാൻ കം റിട്ടേൺ’ ഫയലിങ്ങിനുള്ള തീയതി ഒക്ടോബർ 22ലേക്ക് നീട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.