ബജറ്റ് ഭാരം: വീട് നിർമാണം പൊള്ളും

തിരുവനന്തപുരം: ബാങ്ക് വായ്പകളും മറ്റും സംഘടിപ്പിച്ച് വീട് നിർമിക്കുന്നവർക്ക് പുതിയ ബജറ്റ് നിർദേശങ്ങൾ വരുത്താനിരിക്കുന്നത് വൻപ്രഹരം.സർക്കാർ സഹായത്തോടെയുള്ള വീട് നിർമാണത്തിനും ചെലവേറും. ബജറ്റിലെ ഇന്ധനസെസും മൈനിങ് ആൻഡ് ജിയോളജി മേഖലയിലെ റോയൽറ്റി പരിഷ്കാരങ്ങളുംമൂലം നിർമാണ സാമഗ്രികളുടെ വില വൻതോതിൽ ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കല്ല്, സിമന്‍റ്, പാറപ്പൊടി, എം സാന്‍റ്, കമ്പി തുടങ്ങിയ നിർമാണ വസ്തുക്കളുടെ വില കുത്തനെ ഉയരും. ഇത് ഇടത്തരം കുടുംബങ്ങളുടെ ഭവനനിർമാണത്തെയാണ് താളംതെറ്റിക്കുക.പി.എം.എ.വൈ, ലൈഫ് പദ്ധതികൾ പ്രകാരം വീടുകൾ നിർമിക്കുന്നവരും പ്രതിസന്ധിയിലാകും. ഈ പദ്ധതികൾക്കായി സർക്കാർ നൽകുന്നത് 4.5 ലക്ഷം രൂപയാണ്.

500-650 ചതുരശ്ര അടി നിർമിക്കണമെങ്കിൽ പോലും നിലവിലെ സാധനസാമഗ്രികളുടെ വിലയനുസരിച്ച് 11-12 ലക്ഷം രൂപയെങ്കിലും വേണ്ടിവരും.ദിവസംതോറും നിർമാണസാമഗ്രികളുടെ വിലവർധിക്കുന്നതിനിടെയാണ് ബജറ്റിലെ പുതിയ നിർദേശങ്ങൾ ഇരുട്ടടിയാകുന്നത്.

പല വീടുകളുടെയും നിർമാണം പാതിവഴിയിൽ നിലക്കും. 5.25 ലക്ഷം പേരാണ് പദ്ധതികളുടെ ഗുണഭോക്തൃ പട്ടികയിലുള്ളത്.നാല് ഗഡുക്കളായാണ് തുക സർക്കാർ അനുവദിക്കുന്നത്. 500 ചതുരശ്ര അടി വരെയുള്ള പദ്ധതിവീടുകൾക്ക് നികുതിയിളവുണ്ട്. 500 ചതുരശ്ര അടിക്ക് മുകളിൽ എല്ലാകെട്ടിടങ്ങൾക്കും നികുതി ബാധകമാണ്.

കെട്ടിടനികുതിയുടെ കാര്യത്തിലും വലിയ ആശങ്കയാണ് ജനങ്ങൾക്കുള്ളത്. ഒരു കെട്ടിടത്തിന് തദ്ദേശസ്ഥാപനങ്ങൾ ഒന്നിലേറെ നികുതികളാണ് ഈടാക്കുന്നത്.ഒറ്റത്തവണ നികുതി, കെട്ടിട നികുതി, സെസ് എന്നിവ കൂടാതെ രണ്ടാംനിലയുണ്ടെങ്കിൽ വേറെയും നികുതി കൊടുക്കണം.രണ്ടാംനിലയിൽ അടുക്കള ഉണ്ടെങ്കിൽ 25 ശതമാനം അധികനികുതി നൽകണം. വാണിജ്യ കെട്ടിടങ്ങൾക്ക് പ്രൊവിഷനൽ ടാക്സുമുണ്ട്.

കെട്ടിടനികുതിയിൽ ഈ വർഷം മുതൽ അഞ്ച് ശതമാനം വാർഷിക വർധന നടപ്പാക്കാനാണ് ലക്ഷ്യം. മുമ്പ് അഞ്ച് വർഷം കൂടുമ്പോൾ 25 ശതമാനമാണ് വർധിപ്പിച്ചിരുന്നത്.2011ലാണ് ഒടുവിൽ കെട്ടിട നികുതി പരിഷ്കരിച്ചതെങ്കിലും 2016 മുതലാണ് പ്രാബല്യം നൽകാനായത്.അതിനാൽ നികുതി പരിഷ്കരണം 10 വർഷത്തോളം വൈകിയെന്നാണ് തദ്ദേശ വകുപ്പിന്റെ നിലപാട്.

ഒഴിഞ്ഞ വീടുകൾ 12 ലക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് ആകെയുള്ള 77.16 ലക്ഷം വീടുകളിൽ 11.58 ലക്ഷവും ഒഴിഞ്ഞുകിടക്കുന്നതായാണ് ശാസ്ത്രസാഹിത്യ പരിഷത് 2017 ഒക്ടോബറിൽ ശേഖരിച്ച കണക്കിൽ പറയുന്നത്. അഞ്ച് വർഷത്തിനിപ്പുറം 10 ശതമാനം വർധന ഉണ്ടായിരിക്കുമെന്നാണ് കണക്കുകൂട്ടൽ.

ഒറ്റമുറി വീടുകളിൽ 1.26 ലക്ഷവും ഇരട്ടമുറി വീടുകളിൽ 3.39 ലക്ഷവും മൂന്നുമുറി വീടുകളിൽ 3.30 ലക്ഷവും അടഞ്ഞുകിടക്കുന്നതായാണ് കണക്ക്. എന്നാൽ 2017ന് ശേഷം 10 ശതമാനം വർധന കണക്കാക്കുമ്പോൾ 11 മുതൽ 18 ലക്ഷംവരെ വീടുകൾ ഒഴിഞ്ഞും അടഞ്ഞും കിടക്കുന്നുവെന്നാണ് അനുമാനം.

Tags:    
News Summary - Budget Burden: House construction will be difficult

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.