വാഷിങ്ടൺ: അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയ ബെർനാഡ് മാഡോഫ് അന്തരിച്ചു. ഫെഡറൽ മെഡിക്കൽ സെന്‍ററിൽ ചികിത്സയിലിരിക്കെ 82ാം വയസിലാണ് അന്ത്യം സംഭവിച്ചത്.
ഗുരുതരമായ വൃക്ക രോഗം ബാധിച്ചതിനെ തുടർന്ന് മാഡോഫ് ദീർഘകാലമായി ചികിത്സയിലായിരുന്നു. ഒരു തവണ നാസ്ഡാക്കിന്റെ ചെയർമാനായ മാഡോഫ് വാൾസ്ട്രീറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നാണ് നടത്തിയത്.
1990കൾ മുതലാണ് വൻ തുക തിരികെ നൽകുമെന്ന് പ്രഖ്യാപിച്ച് മാഡോഫ് നിക്ഷേപം സ്വീകരിക്കാൻ തുടങ്ങിയത്. 1990, 1998 തുടങ്ങിയ വർഷങ്ങളിൽ മാഡോഫിന്‍റെ നിക്ഷേപ പദ്ധതികളിലേക്ക് വൻ തോതിൽ പണമൊഴുകി. 2001ലെ വേൾഡ് ട്രേഡ് സെന്‍റർ ആക്രമണ സമയത്തും ജനങ്ങൾ വലിയ രീതിയിൽ മാഡോഫിനെ വിശ്വസിച്ച് പണമിറക്കി. എന്നാൽ, 2008ൽ മാഡോഫിന്‍റെ നിക്ഷേപ പദ്ധതികളുടെ പൊള്ളത്തരം വെളിവായി.
ഓഹരി വിപണിയിൽ നിക്ഷേപിക്കുമെന്ന് അവകാശപ്പെട്ട് സ്വീകരിച്ച പണമെല്ലാം എവിടെയും നിക്ഷേപിച്ചിട്ടില്ലെന്ന് വെളിപ്പെടുകയും തുടർന്ന് മാഡോഫ് തന്നെ കുറ്റസമ്മതം നടത്തുകയും ചെയ്തു. 65 ബില്യൺ ഡോളറിന്‍റെ തട്ടിപ്പാണ് മാഡോഫ് നടത്തിയതെന്നാണ് സൂചന. 150 വർഷത്തെ ജയിൽശിക്ഷയാണ് മാഡോഫിന് കോടതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.