വാഷിങ്ടൺ: ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ കമ്പനിയിൽ നിർണായക മാറ്റങ്ങളാണ് വരുത്തിയത് സി.ഇ.ഒ പരാഗ് അഗ്രവാളിനെയു പോളിസി ചീഫ് വിജയ ഗാഡെയേയും തൽസ്ഥാനത്ത് നിന്ന് മസ്ക് മാറ്റിയിരുന്നു. നേരത്തെ ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകൾ സംബന്ധിച്ച് ഇരുവരും തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്ന് മസ്ക് ആരോപണം ഉയർത്തിയിരുന്നു. ട്വിറ്റർ ഏറ്റെടുത്തിന് പിന്നാലെ ഇരുവരേയും മസ്ക് പുറത്താക്കുകയായിരുന്നു.
ചില പ്രമുഖ വ്യക്തികളെ ട്വിറ്ററിൽ നിന്നും ബ്ലോക്ക് ചെയ്തതിന് പിന്നിൽ ഗാഡെയാണെന്ന ആരോപണം മസ്ക് പരസ്യമായി നേരത്തെ തന്നെ ഉയർത്തിയിരുന്നു. മുൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ബ്ലോക്ക് ചെയ്തതാണ് മസ്കിനെ ചൊടിപ്പിച്ചതെന്നായിരുന്നു അന്ന് ഉയർന്ന ആരോപണം.
ഒരുഘട്ടത്തിൽ പരസ്യമായി തന്നെ ഗാഡെക്കെതിരെ മസ്ക് രംഗത്തെത്തുകയും ചെയ്തു. ട്വിറ്ററിൽ സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിനുള്ള അവസരം ഇല്ലാതാക്കുന്നുവെന്നായിരുന്നു മസ്കിന്റെ വിമർശനം. എന്നാൽ, ജീവനക്കാരിക്കെതിരെ വിമർശനം ഉയർന്നപ്പോൾ അവരെ സംരക്ഷിക്കാൻ ട്വിറ്റർ സി.ഇ.ഒ പരാഗ് അഗ്രവാൾ തന്നെ മുന്നിട്ടിറങ്ങി. ജീവനക്കാരുടെ കഠിനാധ്വാനത്തെ പ്രകീർത്തിച്ചായിരുന്നു ഗാഡെക്ക് അഗ്രവാൾ സംരക്ഷണമൊരുക്കിയത്. ട്വിറ്ററിന്റെ മുൻ സി.ഇ.ഒയും ഗാഡെയെ സംരക്ഷിച്ച് രംഗത്തെത്തി. എന്നാൽ, മസ്ക് ട്വിറ്ററിന്റെ ഉടമസ്ഥനായി എത്തുമ്പോൾ ആദ്യം തെറിച്ച കസേരകളിലൊന്ന് ഗാഡെയുടേതാവുകയായിരുന്നു.
1978ൽ ജനിച്ച ഗാഡെ അഭിഭാഷകയായാണ് കരിയർ ആരംഭിച്ചത്. 2011ൽ ട്വിറ്ററിൽ എത്തുന്നതിന് മുമ്പ് 10 വർഷത്തോളം മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. ട്വിറ്ററിന്റെ നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ വിജയ് ഗാഡെ നേതൃപരമായ പങ്ക് വഹിച്ചിരുന്നു. വിദ്വേഷ പ്രസംഗത്തിൽ ഉൾപ്പടെ ട്വിറ്ററിന്റെ ശക്തമായ നയങ്ങൾക്ക് പിന്നിലും അവരുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.