മുൻകൂർ അനുമതി വാങ്ങി ജീവനക്കാർക്ക് മറ്റ് ജോലികൾ ചെയ്യാമെന്ന് ഇൻഫോസിസ്

ന്യൂഡൽഹി: മാനേജ്മെന്റിന്റെ മുൻകൂർ അനുവാദം വാങ്ങി ജീവനക്കാർക്ക് പുറംജോലികൾ ഏറ്റെടുക്കാമെന്ന് ഇൻഫോസിസ്. കമ്പനിയേയോ അതിന്റെ ക്ലയന്റുകളേയോ ബാധിക്കുന്നതല്ലെങ്കിൽ പുറം ജോലികൾ ചെയ്യാവുന്നതാണെന്ന് ഇൻഫോസിസ് വ്യക്തമാക്കി.

ജീവനക്കാരുമായുള്ള ആശയവിനിമയം വഴി എങ്ങനെ ഇത്തരം ജോലികൾ ഏറ്റെടുക്കാമെന്ന് കമ്പനി വിശദീകരിച്ചു. ഈ നീക്കം കമ്പനിയും ജീവനക്കാരും തമ്മിലുള്ള ഉരസലുകൾ ഇല്ലാതാക്കാൻ സഹായിച്ചേക്കാമെന്നാണ് അനലിസ്റ്റുകൾ പറയുന്നത്.

ഇത് ജീവനക്കാരെ അധിക വരുമാനം കണ്ടെത്താനും തൊഴിലിനോടുള്ള അഭിനിവേശം ഊട്ടിയുറപ്പിക്കാനും സഹായിക്കുന്നതാണ്. എന്നാലും കമ്പനി പുറം ജോലികൾ (ഗിഗ് വർക്ക്) എന്നത് എന്താണെന്ന് നിർവചിക്കുകയോ അതിനെ 'മൂൺലൈറ്റിങ്' (സമാന്തര ജോലി) എന്ന് വിശേഷിപ്പിക്കുകയോ ചെയ്തിട്ടില്ല. മൂൺലൈറ്റിങ്ങിനെ കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുന്ന സമയത്താണ് കമ്പനിയുടെ പുതിയ നീക്കം.

കമ്പനി മൂൺലൈറ്റിങ്ങിനെ പിന്തുണക്കുന്നില്ലെന്നും കഴിഞ്ഞ 12 മാസമായി സമാന്തര ജോലിയിൽ ഏർപ്പെട്ടിരുന്ന ജീവനക്കാരെ പിരിച്ചുവിട്ടതായും ഇൻഫോസിസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

വ്യാഴാഴ്ച ജീവനക്കാർക്ക് അയച്ച ഇമെയിലിലാണ് പുറം ജോലികൾ ചെയ്യുന്നതിന് കമ്പനി സമ്മതം മൂളിയത്. "ഗിഗ് വർക്ക് ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന ഏതൊരു ജീവനക്കാരനും, അവരുടെ മാനേജരുടെയും ബി.പി-എച്ച്‌.ആറിന്റെയും മുൻകൂർ സമ്മതത്തോടെ അവരുടെ വ്യക്തിപരമായ സമയത്ത് ജോലി ചെയ്യാം. ഈ ജോലി ഇൻഫോസിസ് അല്ലെങ്കിൽ ഇൻഫോസിസിന്റെ ക്ലയന്റുകളുമായി മത്സരിക്കുന്ന തരത്തിലുള്ളതാവരുത്. കമ്പനിക്കുവേണ്ടി ഫലപ്രദമായി പ്രവർത്തിക്കാനുള്ള ജീവനക്കാരുടെ കഴിവിനെ ബാധിക്കില്ലെന്ന് ഉറപ്പാക്കണമെന്നും ഇൻഫോസിസ് പറഞ്ഞു.

'അതേസമയം, ഇൻഫോസിസ് തൊഴിൽ കരാർ പ്രകാരം, കമ്പനിയു​ടെ താൽപര്യത്തിന് ഹാനികരമാകുന്ന തരത്തിൽ ജീവനക്കാർക്ക് ജോലി ചെയ്യാൻ സാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി.

പുതിയ കഴിവുകൾ നേടാനും അനുഭവ പരിചയമുണ്ടാക്കാനുമുള്ള ജീവനക്കാരുടെ താൽപര്യത്തെ ഒരു സ്ഥാപനമെന്ന നിലയിൽ ഇൻഫോസിസ് വിലമതിക്കുന്നു. ജീവനക്കാർ അവരുടെ വ്യക്തിപരമായ സമയത്ത് കൂടുതൽ പ്രൊജക്ടുകൾ ഏറ്റെടുക്കുന്നതിനെ കമ്പനി പിന്തുണക്കുന്നത് സ്വാഭാവികമാണെന്നും ഇൻഫോസിസ് പറഞ്ഞു.

Tags:    
News Summary - Infosys Allows Staff To Take Up "Gig" Jobs With Managers' Prior Consent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.