ചെന്നൈ: ചെന്നൈ ആസ്ഥാനമായ ഐ.ടി കമ്പനിയിലെ 500 ജീവനക്കാർ നിമിഷ നേരം കൊണ്ട്. കോടീശ്വരന്മാർ. സോഫ്റ്റ്വെയർ ആസ് എ സർവിസ്(സാസ്) സ്റ്റാർട്ടപ്പായ 'ഫ്രഷ് വർക്സി'ലെ ജീവനക്കാർക്കാണ് ഈ അസുലഭ ഭാഗ്യം. യു.എസിലെ സിലിക്കൺവാലിയിലും ഓഫിസുള്ള കമ്പനി അമേരിക്കയിലെ നാസ്ഡാക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തതാണ് ജീവനക്കാർക്ക് ഭാഗ്യം കൊണ്ടുവന്നത്.
36 ഡോളറിന് (2654 രൂപ) ലിസ്റ്റ് ചെയ്ത ഓഹരി തുടക്കത്തിൽ തന്നെ 43.5 ഡോളറിലേക്ക് (3209 രൂപ) കുതിച്ചതാണ് വൻ നേട്ടമായത്. ഇതോടെ കമ്പനിയുടെ വിപണിമൂല്യം 12.3 ബില്യൺ ഡോളർ (90,000 കോടി) ആയി ഉയർന്നു.
കമ്പനിയുടെ 4,300 ജീവനക്കാരിൽ 76 ശതമാനം പേരും 'ജീവനക്കാരുടെ ഓഹരി ഉടമസ്ഥാവകാശ പദ്ധതി' (ഇ.എസ്.ഒ.പി) പ്രകാരം ഓഹരികൾക്ക് അർഹത നേടിയിരുന്നു. ഇതിൽ 500ലേറെ ജീവനക്കാർ ഇന്ത്യയിലുള്ളവരാണ്. കോടീശ്വരന്മാരായ ഇന്ത്യക്കാരിൽ 69 പേർ മുപ്പതിന് താഴെയുള്ളവരാണ്. കുറച്ചുനാൾ മുമ്പ് കോളജ് വിട്ടവരും കൂട്ടത്തിലുണ്ട്. നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യൻ സാസ് കമ്പനിയാണിത്. ഗിരീഷ് മാതൃഭൂതമാണ് ഫ്രഷ് വർക്സിെൻറ സ്ഥാപകനും സി.ഇ.ഒയും. രജനികാന്തിെൻറ കടുത്ത ആരാധകനാണ് ഗിരീഷ്.
2010ൽ 'ഫ്രഷ് ഡെസ്ക്' എന്ന പേരിൽ ആറ് ജീവനക്കാരോടെ ചെന്നൈയിൽ തുടങ്ങിയ സ്ഥാപനം പിന്നീട് 'ഫ്രഷ് വർക്സ്' എന്ന് പേര് മാറ്റുകയായിരുന്നു. ഇൻറർനെറ്റ് വഴി സോഫ്റ്റ് വെയർ സേവനം നൽകുന്ന സ്ഥാപനങ്ങളെയാണ് 'സോഫ്റ്റ് വെയർ അസ് എ സർവിസ് ( സാസ്) എന്ന് വിളിക്കുന്നത്. എവിടെയിരുന്നും ഉപയോഗിക്കാവുന്ന ഇവരുടെ സോഫ്റ്റ് വെയറുകൾ എപ്പോഴും സാസ് കമ്പനിയുടെ സെർവറിൽ തന്നെയായിരിക്കുമെന്നതാണ് സവിശേഷത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.