44 ബില്യൺ ഡോളറിന്റെ ഏറ്റെടുപ്പ് കരാർ പൂർത്തിയാകാനിരിക്കെ ട്വിറ്റർ മേധാവിയായ ഇലോൻ മസ്ക് സാൻഫ്രാൻസിസ്കോയിലുള്ള ഹെഡ് ക്വാർട്ടേഴ്സ് സന്ദർശിച്ചു. ട്വിറ്റർ ഹെഡ് ക്വാർട്ടേഴ്സിന്റെ ഹാളിലൂടെ ഒരു സിങ്കും വഹിച്ചുകൊണ്ടാണ് ഇലോൺ മസ്ക് നടന്നത്. അതിന്റെ വിഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് 'ട്വിറ്റർ ഹെഡ് ക്വാർട്ടേഴ്സിൽ പ്രവേശിക്കുന്നു. അതിൽ ലയിക്കട്ടെ' എന്ന് കുറിച്ചു.
ഒക്ടോബർ 28 നാണ് ട്വിറ്റർ വാങ്ങാനുള്ള കരാർ കാലാവധി അവസാനിക്കുക. അതിനിടെ നിരവധി നാടകീയ സംഭവങ്ങൾ അരങ്ങേറിയിരുന്നു. ഏപ്രിലിലാണ് ട്വിറ്റർ വാങ്ങുന്നുവെന്ന് ഇലോൺ മസ്ക് പ്രഖ്യാപിച്ചത്.
ജൂലൈയിൽ കരാറിൽ നിന്ന് പിൻവാങ്ങുകയാണെന്ന് മസ്ക് പറഞ്ഞു. ട്വിറ്റർ നേതൃത്വം കരാർ ലംഘിച്ചുവെന്നും സ്പാം അക്കൗണ്ടുകളുടെയും വ്യാജ അക്കൗണ്ടുകളുടെയും എണ്ണം തെറ്റായാണ് പുറത്തുവിട്ടതെന്നുമായിരുന്നു മസ്കിന്റെ ആരോപണം. ഇല്ലാത്ത ആരോപണമുന്നയിച്ച് കരാറിൽ നിന്ന് ഒഴിവാകാൻ ശ്രമിക്കുകയാണ് ഇലോൺ മസ്കെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റർ കേസ് നൽകി.
തുടർന്ന് കഴിഞ്ഞയാഴ്ച കരാറുമായി മുന്നോട്ടുപോകാമെന്ന് ഇലോൺ മസ്ക് അറിയിച്ചു. ഒക്ടോബർ 28നാണ് കരാർ കാലാവധി അവസാനിക്കുക. അതിനാൽ ഒക്ടോബർ 28 വരെ നിയമ നടപടി നിർത്തിവെച്ചിരിക്കുകയാണ്. അതിനുള്ളിൽ ട്വിറ്റർ ഏറ്റെടുത്തില്ലെങ്കിൽ ഇലോൺ മസ്ക് നിയമ നടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.