കോഗ്നിസെന്റും കൂട്ടപ്പിരിച്ചുവിടലിലേക്ക്... 15,000 പേർക്ക് തൊഴിൽ നഷ്ടമാകും, ഇന്ത്യയിലെ ജീവനക്കാരെയും ബാധിക്കും

ന്യൂഡൽഹി: അമേരിക്കൻ ബഹുരാഷ്ട്ര ഐ.ടി കമ്പനിയായ കോഗ്നിസെന്റ് ജീവനക്കാരുടെ എണ്ണം കുറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യയിലെ വലിയൊരു വിഭാഗം ജീവനക്കാരെയും വെട്ടിക്കുറക്കൽ ബാധി​ച്ചേക്കും. ആഗോളതലത്തിൽ ഏകദേശം 12,000 മുതൽ 15,000 വരെ ജീവനക്കാരെ കുറക്കാനാണ് കമ്പനിയുടെ നീക്കം. കൂട്ടപ്പിരിച്ചുവിടലുകളിൽ ഭൂരിഭാഗവും ഇന്ത്യയിലായിരിക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്.

ഒറാക്കിൾ, ആമസോൺ എന്നിവക്ക് ശേഷം ഐ.ടി മേഖലയിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലായിരിക്കും കോഗ്നിസെന്റിലേത്. ലോകമെമ്പാടും 3,57,000 ത്തിലധികം ജീവനക്കാരാണ് കോഗ്നിസെന്റിനുള്ളത്. ഇതിൽ 2,50,000ത്തിലധികം ഇന്ത്യയിലാണ്.

ജീവനക്കാരുടെ കൂട്ടപിരിച്ചുവിടലിനായി 230 മില്ല്യൺ മുതൽ 320 മില്ല്യൺ ഡോളർ വരെ ചെലവ് കമ്പനി കണക്കാക്കുന്നതായി അടുത്ത വൃത്തങ്ങൾ പറയുന്നു. ഇന്ത്യയിലെ ഒരു ജീവനക്കാരന്റെ ശരാശരി വാർഷിക ശമ്പളം 15 ലക്ഷം രൂപയാണ്. പിരിച്ചുവിടുന്നവർക്ക് ആറ് മാസത്തെ ശമ്പളം ആനുകൂല്യമായി നൽകിയാൽ ഒരാൾക്ക് ഏകദേശം 7.5 ലക്ഷം രൂപ ലഭിക്കും. ഈ കണക്കനുസരിച്ച് നീക്കിവെച്ചിട്ടുള്ള തുക ഉപയോഗിച്ച് ഇന്ത്യയിൽ മാത്രം 12,000 മുതൽ 13,000 വരെ ജീവനക്കാരെ ഒഴിവാക്കാനാകുമെന്ന് അവർ പറയുന്നു.

പുതിയ ജീവനക്കാരെ അമിതമായി ആശ്രയിക്കുന്ന രീതിയിൽ നിന്ന് ക്ലയന്റുകൾ മാറി ചിന്തിക്കുന്നതാണ് പിരിച്ചുവിടലുകൾക്ക് കാരണമെന്ന് ഒരു എക്സിക്യൂട്ടീവ് പറഞ്ഞു. പുതിയ ഉദ്യോഗാർഥികൾക്ക് പരിശീലനം നൽകുന്നതിനുള്ള ചെലവ് വഹിക്കാൻ പല ക്ലയന്റുകളും തയാറാകുന്നില്ലെന്നും അവർ പറയുന്നു.

കൂട്ടപിരിച്ചുവിടൽ സംബന്ധിച്ച് കോഗ്നിസെന്റ് സി.ഇ.ഒ രവി കുമാർ എസും സൂചന നൽകി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് -ജീവനക്കാർ എന്നിവയുടെ മിശ്രിതമായിരിക്കും കമ്പനിയിലുണ്ടാകുകയെന്ന് അദ്ദേഹം അറിയിച്ചു. ഐ.ടി കമ്പനികൾ ഓട്ടോമേഷനിലേക്കും എ.ഐ അധിഷഠിത സേവനങ്ങളിലേക്കും മാറുന്നതിന്റെ ആദ്യ ചുവടുവെപ്പാണ് കൂട്ടപിരിച്ചുവിടൽ. 

Tags:    
News Summary - Cognizant eyes up to 15,000 job cuts India likely to see biggest impact

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.