എൽ&ടി ചെയർമാന്റെ ശമ്പളം 51 കോടി; കമ്പനിയിലെ ജീവനക്കാരുടെ ശരാശരി ശമ്പളത്തേക്കാൾ 534 ഇരട്ടി അധികം !

ന്യൂഡൽഹി: അടിസ്ഥാന സൗകര്യ വികസന മേഖലയിലെ പ്രമുഖ കമ്പനിയായ എൽ&ടിയുടെ ചെയർമാൻ എസ്.എൻ സുബ്രമണ്യം കമ്പനിയിൽ നിന്നും വാങ്ങുന്നത് പ്രതിവർഷം 51 കോടി രൂപ. ശമ്പള ഇനത്തിലാണ് അദ്ദേഹം ഇത്രയും തുക വാങ്ങുന്നത്. കമ്പനിയിൽ ആറ് ശതമാനം നിരക്കിലാണ് ജീവനക്കാർക്ക് ഇൻക്രിമെന്റ് നൽകുന്നതെന്നും എൽ&ടി നൽകിയ കണക്കുകളിൽ നിന്ന് വ്യക്തമാകും.

മാനേജ്മെന്റ് പോസ്റ്റുകൾ ഒഴികെയുള്ള ജോലികൾ ചെയ്യുന്ന എൽ&ടിയിലെ ജീവനക്കാർക്ക് പ്രതിവർഷം നാല് ലക്ഷം രൂപയാണ് ശരാശരി ശമ്പളമായി ലഭിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇവരുടെ ശമ്പളത്തിൽ 1.74 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിട്ടുള്ളത്.

എന്നാൽ, മാനേജ്മെന്റ് പോസ്റ്റിലുള്ള ജീവനക്കാർക്ക് 20.38 ശതമാനം ശമ്പള വർധന ലഭിച്ചു. ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് എൽ&ടിയിൽ കൂടുതൽ ശമ്പള വർധന ലഭിക്കുന്നതെന്ന് കണക്കുകളിൽ നിന്നും വ്യക്തമാകും.

ഇതിന് പുറമേ ഉയർന്ന മാനേജ്മെന്റ് പോസ്റ്റുകളിൽ ജോലി ചെയ്യുന്നവർക്ക് പ്രൈവറ്റ് ജെറ്റ് ഉൾപ്പടെയുള്ള സൗകര്യങ്ങളും ലഭിക്കും. എൽ&ടി ജീവനക്കാരുടെ ശരാശരി ശമ്പളമെന്നത് പ്രതിവർഷം ഒമ്പത് ലക്ഷമാണെന്നും കമ്പനി നൽകിയ കണക്കുകളിൽ നിന്നും വ്യക്തമാകും. ഇതിന്റെ 534 ശതമാനം അധിക ശമ്പളമാണ് ​എൽ&ടി ചെയർമാൻ വാങ്ങുന്നത്. ശമ്പളത്തിന് പുറമേ കമ്പനിയിലെ ഓഹരികൾക്കുള്ള ലാഭവിഹിതവും അദ്ദേഹത്തിനും ഭാര്യക്കും ലഭിക്കും.

ജീവനക്കാർ 90 മണിക്കൂർ ജോലി​ ചെയ്യണമെന്ന് എൽ&ടി ചെയർമാൻ പറഞ്ഞതോടെയാണ് കമ്പനിയിലെ ജീവനക്കാരുടെ ഉൾപ്പടെ ശമ്പളം വീണ്ടും ചർച്ചയായത്.

ആഴ്ചയിൽ 90 മണിക്കൂർ സമയം ജോലി ചെയ്യണമെന്ന നിർദേശവുമായി എൽ&ടി ചെയർമാൻ എസ്.എൻ. സുബ്രഹ്മണ്യൻ രംഗത്തെത്തിയിരുന്നു. ആവശ്യമെങ്കിൽ ഞായറാഴ്ചത്തെ അവധി പോലും ഒഴിവാക്കി ജീവനക്കാർ ജോലിക്കെത്തണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു.

ഞായറാഴ്ചകളിൽ നിങ്ങൾക്ക് ജോലി ചെയ്യിക്കാൻ സാധിക്കാത്തതിൽ ഞാൻ ഖേദിക്കുന്നു. അതിന് സാധിച്ചാൽ ഞാൻ കൂടുതൽ സന്തോഷിക്കും. കാരണം, ഞാൻ ഞായറാഴ്ചകളിൽ ജോലി ചെയ്യുന്നുണ്ട്. വീട്ടിലിരുന്ന് നിങ്ങൾ എന്താണ് ചെയ്യുന്നത്. എത്രനേരം നിങ്ങൾ നിങ്ങളുടെ ഭാര്യയെ നോക്കിനിൽക്കും. ഓഫിസിൽ വന്ന് ജോലി തുടങ്ങൂ...​''-എന്നാണ് സുബ്രഹ്മണ്യൻ ജീവനക്കാരോട് പറഞ്ഞത്.

അടുത്തിടെ ചൈനീസ് സ്വദേശിയുമായി നടത്തിയ സംഭാഷണത്തെ കുറിച്ചും ഇദ്ദേഹം എടുത്തുപറഞ്ഞു. ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യുന്ന ചൈനക്കാർ ആഴ്ചയിൽ 50 മണിക്കൂർ മാത്രം ജോലി ചെയ്യുന്ന അമേരിക്കക്കാരെ മറികടക്കുമെന്നാണ് ആ വ്യക്തി പറഞ്ഞത്. അപ്പോൾ ലോകത്തിന്റെ നെറുകയിലെത്തണമെങ്കിൽ ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്നും സുബ്രഹ്മണ്യൻ പറഞ്ഞിരുന്നു.

Tags:    
News Summary - Chairman SN Subrahmanyan’s annual pay stands out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.