4ജിക്കുവേണ്ടി അംബാനി സഹോദരങ്ങള്‍ സ്പെക്ട്രം പങ്കുവെക്കും

മുംബൈ: ഏറെക്കാലമായി കാത്തിരിക്കുന്ന 4ജി സേവനങ്ങള്‍ക്കുവേണ്ടി തന്‍െറ സഹോദരന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോയുമായി സ്പെക്ട്രം പങ്കുവെക്കാന്‍ തയാറെടുക്കുകയാണെന്ന് റിലയന്‍സ് കമ്യൂണിക്കേഷന്‍ ചെയര്‍മാന്‍ അനില്‍ അംബാനി. കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരി ഉടമകളെ അഭിസംബോധന ചെയ്യവെയാണ് സഹോദരനുമായി വീണ്ടും വ്യവസായ പങ്കാളിത്തത്തിന് ശ്രമിക്കുന്ന വിവരം അനില്‍ അംബാനി വെളിപ്പെടുത്തിയത്. ഇക്കാര്യത്തില്‍ ജ്യേഷ്ഠസഹോദരനില്‍നിന്ന് കിട്ടിയ നിര്‍ലോഭ പിന്തുണക്കും മാര്‍ഗനിര്‍ദേശത്തിനും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
2005ല്‍ ധീരുഭായ് അംബാനിയുടെ റിലയന്‍സ് വ്യവസായ സാമ്രാജ്യം പങ്കിട്ടതിനെ തുടര്‍ന്ന് ലാഭനഷ്ടങ്ങളുടെ പേരില്‍ പിണങ്ങിയ ഇരുവരും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വീണ്ടും പരസ്പരം സഹകരിക്കുന്നുണ്ട്. റിലയന്‍സ് ജിയോയും ആര്‍കോമും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ടെലികോം മേഖലയിലെ സാങ്കല്‍പികമായ സംയോജനമാണെന്നും അനില്‍ പഞ്ഞു. ദേശവ്യാപക പങ്കുവെക്കല്‍-വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. ഇത് ഉപഭോക്താക്കള്‍ക്ക് ഇരു നെറ്റ്വര്‍ക്കുകളിലും റോമിങ് സുഗമമാക്കും. റിലയന്‍സ് ജിയോയുടെ 4ജി സേവനങ്ങള്‍ കുറഞ്ഞ ചെലവില്‍ ആസ്വദിക്കാന്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കുകയും ചെയ്യും. ആര്‍കോമിന്‍െറ 800-850 മൊാഹെര്‍ട്സ് സ്പെക്ട്രം ഉപയോഗിക്കാനാകുന്നത് റിലയന്‍സ് ജിയോക്കും പ്രയോജനം ചെയ്യും. സ്വത്ത് വീതംവെക്കലിനെ തുടര്‍ന്ന് ധീരുഭായ് അംബാനിയുടെ ടെലികോം ബിസിനസ് അനില്‍ അംബാനിക്കായിരുന്നു ലഭിച്ചത്. ഒരേ മേഖലയില്‍ പരസ്പരം മത്സരിക്കില്ളെന്ന വീതംവെക്കലിലെ ധാരണ അവസാനിപ്പിച്ച് 2010ലാണ് മുകേഷ് അംബാനി ടെലികോം മേഖലയിലേക്ക് പ്രവേശിച്ചത്. 2013ല്‍ എത്തിയ ധാരണയനുസരിച്ച് നിലവില്‍ ഇരു കമ്പനികളും ടവറുകള്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ കേബ്ള്‍ തുടങ്ങി വിവിധ സേവനങ്ങള്‍ പരസ്പരം പങ്കുവെക്കുന്നുണ്ട്. ടെലികോം മേഖലയിലെ ഓപറേറ്റര്‍മാരുടെ എണ്ണം കുറയേണ്ടതുണ്ടെന്നും എസ്.എസ്.ടി.എല്‍-എം.ടി.എസ് ലയന ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും അനില്‍ അംബാനി പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.