തൃശൂരിലെ ഇസാഫ് ഇനി ചെറുകിട ബാങ്ക്

തൃശൂര്‍: തൃശൂരിലെ മണ്ണുത്തിയില്‍ മുഖ്യ ഓഫിസും ചെന്നൈയില്‍ രജിസ്ട്രേഡ് ഓഫിസുമായി പ്രവര്‍ത്തിക്കുന്ന മൈക്രോ ഫിനാന്‍സ് സ്ഥാപനമായ ഇസാഫ് (ഇവാഞ്ചലിക്കല്‍ സോഷ്യല്‍ ആക്ഷന്‍ ഫോറം) ഇനി ചെറുകിട ബാങ്ക്. രാജ്യത്ത് ചെറുകിട ബാങ്കുകളായി (സ്മോള്‍ ബാങ്ക്) പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയ 10 ധനകാര്യ സ്ഥാപനങ്ങളില്‍ ഇസാഫുമുണ്ട്. ദക്ഷിണേന്ത്യയില്‍നിന്ന് ഈ പട്ടികയില്‍ ഇസാഫ് ഉള്‍പ്പെടെ നാല് സ്ഥാപനങ്ങളാണുള്ളത്. കേരളത്തില്‍നിന്ന് ഇസാഫ് മാത്രം.
ചാരിറ്റബ്ള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഇസാഫ് കേരള ഇവാഞ്ചലിക്കല്‍ ഗ്രാജ്വേറ്റ്സ് ഫെലോഷിപ്പിന് കീഴില്‍ 1992ലാണ് ആരംഭിച്ചത്. സ്ഥാപകന്‍ കെ. പോള്‍ തോമസാണ് നിലവില്‍ മാനേജിങ് ഡയറക്ടര്‍. ബംഗ്ളാദേശില്‍ പ്രഫ. മുഹമ്മദ് യൂനുസ് ആരംഭിച്ച ഗ്രാമീണ്‍ ബാങ്കാണ് ഇസാഫിന്‍െറ പ്രചോദനം. സംസ്ഥാനത്തെ ആദ്യ മൈക്രോ ഫിനാന്‍സ് സ്ഥാപനമായ ഇസാഫിന് 10 സംസ്ഥാനങ്ങളിലായി 225 ശാഖകളുണ്ട്. 102 ശാഖകള്‍ കേരളത്തിലാണ്. ഈ ശാഖകളത്രയും ചെറുകിട ബാങ്കുകളാകും. സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ അരലക്ഷം രൂപ വരെ വായ്പ നല്‍കുന്നതാണ് ഇപ്പോഴത്തെ രീതി. സമൂഹത്തിന്‍െറ അടിത്തട്ടിലുള്ളവര്‍ക്കാണ് വായ്പ നല്‍കുന്നത്. ചെറുകിട ബാങ്ക് ആവുമ്പോഴും ഇത് തുടരാനാവുമെന്ന് പോള്‍ തോമസ് പറയുന്നു.
ചെറുകിട ബാങ്കിന്‍െറ ഘടന രൂപകല്‍പന ചെയ്യാന്‍ കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒന്നര വര്‍ഷത്തിനകം ബാങ്ക് പ്രവര്‍ത്തനം തുടങ്ങാനാണ് ശ്രമം. ‘ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്’ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുക. ആസ്ഥാനം തൃശൂരില്‍ തന്നെ. ബാങ്കിങ് സേവനം എത്താത്ത പ്രദേശങ്ങളില്‍ ശ്രദ്ധയൂന്നും. അഞ്ച് വര്‍ഷത്തിനകം 5,000 കോടി വായ്പ ലഭ്യമാക്കും. നിലവില്‍ രാജ്യത്തെ താഴ്ന്ന വരുമാനക്കാരായ നാലര ലക്ഷത്തിലധികം സ്ത്രീകളുടെ ആശ്രയമാണ് ഇസാഫ് മൈക്രോ ഫിനാന്‍സ്.
നിക്ഷേപം സ്വീകരിക്കാനും വായ്പ നല്‍കാനും കഴിയുന്ന ചെറുകിട ബാങ്കുകള്‍ ആകെ വായ്പയുടെ 75 ശതമാനം കൃഷി, സ്വയംതൊഴില്‍, അസംഘടിത മേഖല എന്നിവക്ക് നല്‍കണമെന്ന് റിസര്‍വ് ബാങ്ക് വ്യവസ്ഥ ചെയ്തിട്ടുണ്ട്. മൊത്തം വായ്പയുടെ പകുതി 25 ലക്ഷത്തില്‍ താഴെയുള്ളതാകണം. ഇസാഫിനു പുറമെ ബംഗളൂരുവിലെ ജനലക്ഷ്മി ഫിനാന്‍ഷ്യല്‍, ഉജ്ജീവന്‍ ഫിനാന്‍ഷ്യല്‍, ചെന്നൈയിലെ ഇക്വിറ്റീസ് ഹോള്‍ഡിങ്സ് എന്നിവക്കാണ് ദക്ഷിണേന്ത്യയില്‍നിന്ന് ചെറുകിട ബാങ്കിന് അനുമതി ലഭിച്ചത്. എ.യു ഫിനാന്‍സിയേഴ്സ് ജയ്പുര്‍, കാപിറ്റല്‍ ലോക്കല്‍ ഏരിയ ബാങ്ക് ജലന്ധര്‍, ദിശ മൈക്രോഫിന്‍ അഹ്മദാബാദ്, ആര്‍.ജി.വി.എന്‍ മൈക്രോ ഫിനാന്‍സ് ഗുവാഹതി, സൂര്യോദയ് മൈക്രോ ഫിനാന്‍സ് മുംബൈ, ഉത്കര്‍ഷ് മൈക്രോ ഫിനാന്‍സ് വാരണാസി എന്നിവയാണ് അവ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.