സന്ദേശ് വണ്‍ നല്‍കുന്ന സന്ദേശം

മനസ്സും വിദ്യാഭ്യാസവുമുണ്ട്. പക്ഷേ, എവിടെനിന്ന് എങ്ങനെ തുടങ്ങണമെന്ന് ഒരു എത്തും പിടിയുമില്ല. സംരംഭകയാകാന്‍ കൊതിക്കുന്ന കേരളവനിതകള്‍ പണ്ടുമുതല്‍ അനുഭവിക്കുന്ന പ്രതിസന്ധിയാണിത്. പരമ്പരാഗത ബിസിനസ് കുടുംബങ്ങളിലെ അംഗമോ പങ്കാളിയുടെ അകമഴിഞ്ഞ സഹായം ലഭിക്കുന്നവരോയൊക്കെയാണ് നമ്മുടെ നാട്ടില്‍ മികച്ച വനിതാ സംരംഭകരായി മാറിയിട്ടുള്ളത്. എന്നിട്ടും ചില പ്രത്യേക മേഖലകളില്‍ മാത്രമായി ഈ സാന്നിധ്യം ഒതുങ്ങിനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ വേണം കേരള വനിത വികസന കോര്‍പറേഷന്‍ വിവിധ ഏജന്‍സികളുടെ സഹായ സഹകരണത്തോടെ ആരംഭിച്ച സന്ദേശ് വണ്‍പദ്ധതിയെ കാണാന്‍. സംരംഭകത്വം സ്വപ്നം കാണുന്ന വനിതകളുടെ ഉറച്ച പങ്കാളിയാവാനുള്ള ശ്രമമാണ് സന്ദേശ് വണിലൂടെ സര്‍ക്കാര്‍ നടത്തുന്നത്. സ്ത്രീ സാക്ഷരതാനിരക്ക് വര്‍ധിച്ചതും ഉന്നത വിദ്യാഭ്യാസം നേടിയിട്ടും തൊഴില്‍രഹിതരായി കഴിയുന്ന വനിതകളുടെ എണ്ണം പെരുകിയതും സംരംഭകത്വ സംസ്കാരം കേരളവനിതകളില്‍ വ്യാപകമാക്കാനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്.  എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത അഭ്യസ്ത വിദ്യരില്‍ 60 ശതമാനത്തിലധികവും ഇന്ന് സ്ത്രീകളാണ്. 
വിവിധോദ്ദേശ്യ വികസന പരിശീലന സ്വയംതൊഴില്‍ പ്രോത്സാഹന കേന്ദ്രമാണ് സന്ദേശ് വണ്‍ കേന്ദ്രങ്ങള്‍. സ്വയം തൊഴില്‍ പദ്ധതികളും, വായ്പാ സൗകര്യങ്ങളും, മികച്ച ഉല്‍പന്നങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച 125ല്‍ പരം തൊഴിലധിഷ്ഠിത കോഴ്സുകള്‍, ആധുനിക രീതിയിലുള്ള കോഴി, മീന്‍, ആട് വളര്‍ത്തല്‍ കേന്ദ്രങ്ങള്‍, എയ്റോ ബിക്സ്- ഡാന്‍സ് മൂവ്മെന്‍റ് തെറപ്പി യോഗ സെന്‍ററുകള്‍, മഴവെള്ള സംഭരണികള്‍, ബയോഗ്യാസ്, പൈപ്പ് കംമ്പോസ്റ്റ്, ബക്കറ്റ് കമ്പോസ്റ്റ്, വാട്ടര്‍ പ്യൂരിഫയര്‍ തുടങ്ങി നിരവധി ന്യൂതന സേവനങ്ങളും ഉല്‍പന്നങ്ങളും സന്ദേശ് വണ്‍ സെന്‍ററുകളില്‍നിന്ന് ലഭ്യമാകണമെന്നതാണ് ഈ പദ്ധതി വിഭാവന ചെയ്യുന്നത്. അങ്കണവാടി, കുടുംബശ്രീ, അക്ഷയകേന്ദ്രം തുടങ്ങിയവപോലെ സമൂഹത്തിന്‍െറ താഴെ തട്ടില്‍  സ്ഥാപിക്കപെടുന്ന വികസന പദ്ധതി പ്രോത്സാഹന കേന്ദ്രങ്ങളായിട്ടാണ് സന്ദേശ് വണ്‍ വിഭാവന ചെയ്തിരിക്കുന്നത്. മറ്റ് മൂന്നു കേന്ദ്രങ്ങള്‍ സാമൂഹിക വികസനത്തിനാണ് ഊന്നല്‍ നല്‍കുന്നതെങ്കില്‍ സാമ്പത്തിക വികസനമാണ് സന്ദേശ്വണ്‍ വിഭാവന ചെയുന്നത്.  2015 ജനുവരിയില്‍ കേരളത്തില്‍ തുടങ്ങിയ ഈ പദ്ധതിയുടെ ആദ്യഘട്ടമായി കേരളത്തിലെ ആയിരത്തില്‍ പരം വനിതകള്‍ക്ക് സ്വയം തൊഴില്‍ കണ്ടത്തൊനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍, ഏറെ വൈകി രണ്ടുമാസം മുമ്പുമാത്രമാണ് പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഒരു പഞ്ചായത്തില്‍ ഒരു കേന്ദ്രമാണ് ലക്ഷ്യമിടുന്നതെങ്കിലും ഇപ്പോള്‍ കേരളത്തില്‍ കൊല്ലം, ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലായി 29 കേന്ദ്രങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായി പ്രോജക്ട് കോഓഡിനേറ്റര്‍ എം.എസ്. വിനോദ് പറഞ്ഞു. ആദ്യപടിയായി രണ്ട് ബാച്ചുകള്‍ക്കാണ് പരിശീലനം നല്‍കിയത്. അതിനുതന്നെ അഞ്ചുമാസം വേണ്ടിവന്നു. 29 കേന്ദ്രങ്ങളിലൂടെ 35 പദ്ധതികള്‍ പൈലറ്റ് സ്റ്റേജിലാണ്. പദ്ധതി തുടങ്ങുന്ന ഓരോ സംരംഭകക്കും വനിതാ വികസന കോര്‍പറേഷന്‍ ആറ് ശതമാനം പലിശയില്‍ ലോണ്‍ നല്‍കും. ഇതിനൊപ്പം കനറാ ബാങ്കും ഫെഡറല്‍ ബാങ്കും സഹകരിക്കുന്നുണ്ട്. 
തെരഞ്ഞെടുക്കപ്പെടുന്ന സംരംഭകര്‍ക്ക് രാജ്യത്തെ പ്രമുഖ പരിശീലന ഏജന്‍സിയായ ഐ.എല്‍ ആന്‍ഡ് എഫ്.എസ് സ്കില്‍സ്, പ്രമുഖ ബിസിനസ് സ്കൂളായ അഹ്മദാബാദിലെ ഐ.ഐ.എമ്മുമായി ചേര്‍ന്ന് മൂന്നുനാല് മാസത്തെ പരിശീലനം നല്‍കും. കാര്‍ഷിക മേഖലയിലെ ആധുനിക സാങ്കേതികവിദ്യകള്‍ സന്ദേശ് വണിലൂടെ നടപ്പാക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. ദീര്‍ഘകാലം നിലനില്‍ക്കുന്ന പച്ചക്കറി ചെടികളുടെ ശേഖരം ഹെര്‍ബല്‍ ചെടികള്‍ എന്നിവ ഈ കേന്ദ്രങ്ങളിലുണ്ടാവുമെന്നാണ് പദ്ധതി വിഭാവന ചെയ്യുന്നത്. ടെറസ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ ചെടികള്‍ വെക്കുന്നതിനുള്ള വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഉപകരണങ്ങള്‍, ഡ്രിപ് ഇറിഗേഷന്‍ സിസ്റ്റം എന്നിവ സന്ദേശ് പ്രോത്സാഹിപ്പിക്കുന്നു. 
വീടുനിര്‍മിക്കുന്നതിനുള്ള ആധുനിക സാങ്കേതിക വിദ്യയായ റാപ്പിഡ്വാള്‍, കോമ്പോസൈറ്റ് പാനല്‍ എന്നീ നിര്‍മാണ സാമഗ്രികള്‍ പരിചയപ്പെടുത്തുന്നതും പദ്ധതി പ്രവര്‍ത്തനത്തിന്‍െറ ഭാഗമാണ്. 
പശു, ആട്, കോഴി എന്നിവ ആധുനിക രീതിയില്‍ വളര്‍ത്തുന്നതിന് നിരവധി സംവിധാനങ്ങള്‍ ഇപ്പോഴുണ്ട്. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ ആടുകളെയും കോഴികളെയും വളര്‍ത്താനുള്ള കൂടും പശുവിനുള്ള ആധുനിക തൊഴുത്തും പാല്‍ കറക്കുന്നതിനുള്ള മെഷീനും ഈ കേന്ദങ്ങള്‍ വഴി ലഭ്യമാക്കും. കേരളത്തിലെ 90 ശതമാനം കിണറുകളിലും ഈ കോളി ബാക്ടീരിയകളുടെ അളവ് കൂടുതലാണെന്നതാണ് പഠനറിപ്പോര്‍ട്ട്. കൂടാതെ ഇരുമ്പിന്‍െറയും ഈയത്തിന്‍െറയും അംശവും കൂടുതലാണ്. ഇതിന് പരിഹാരമായി ഓരോ പ്രദേശത്തെയും വെള്ളത്തിന്‍െറ പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം കാണാനും ചെലവുകുറഞ്ഞ ജല ശുചീകരണ ഉപകരണങ്ങള്‍ ലഭ്യമാക്കാനും സന്ദേശ് വണ്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. വീടുകളില്‍ ചൂട് കുറക്കാനുള്ള പരമ്പരാഗത മാര്‍ഗങ്ങള്‍ പരിചയപെടുത്തുന്നതിനൊപ്പം കയര്‍പിത്ത് പോലുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാനും ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. വെര്‍ട്ടിക്കല്‍ ഫര്‍ണിചര്‍, അടുക്കളജോലി എളുപ്പമാക്കുന്ന മറ്റ് ഉല്‍പന്നങ്ങള്‍ തുടങ്ങിയവയും സന്ദേശിലൂടെ വിതരണം ചെയ്യും. ആളോഹരി ജല ലഭ്യതയുടെ കാര്യത്തില്‍ കേരളം വളരെ പിന്നിലാണ്, മരുഭൂ പ്രദേശമായ രാജസ്ഥാന്‍പോലും ഇക്കാര്യത്തില്‍ കേരളത്തെക്കാള്‍ മുന്നിലാണ്. നമ്മുടെ വെള്ളം പെട്ടെന്നുതന്നെ ഒഴുകി കടലില്‍ എത്തുന്നതാണ് ഇതിന് കാരണം. 
അതിനുള്ള പരിഹാരമായ ആധുനിക മഴവെള്ള സംഭരണമാര്‍ഗങ്ങളും കേന്ദ്രങ്ങളും തുടങ്ങാന്‍ പ്രോത്സാഹനം നല്‍കുമെന്നതും സന്ദേശിന്‍െറ പ്രവര്‍ത്തനങ്ങളാണ്. ജൈവ ഇന്ധനം ഉപയോഗിച്ചുള്ള അടുപ്പുകളാണ് മറ്റൊരു പ്രചാരണ പദ്ധതി. വീട്ടില്‍ അത്യാവശ്യത്തിനുവേണ്ട ലൈറ്റും ഫാനും പ്രവര്‍ത്തിപ്പിക്കാന്‍ പറ്റുന്ന നാനോ സോളാര്‍ സിസ്റ്റം സന്ദേശില്‍ ഉണ്ടാവും. ഒപ്പം കാര്യക്ഷമതകൂടിയ ലെഡ് ലൈറ്റും ലഭ്യമാക്കും. പാചകത്തിനുള്ള റാപ്പിഡ് സ്റ്റീമര്‍ സിസ്റ്റം, ആധുനിക വനവത്കരണ സംവിധാനം, അള്‍ട്രാലൈറ്റ് ഓസോണ്‍ സാങ്കേതിക വിദ്യയിലുള്ള ഫുഡ് സാനിറ്റൈസിങ് മെഷീന്‍, സീവീഡ് ഫാമിങ് എന്നിവയും സന്ദേശ് വണിലൂടെ ലഭ്യമാകും. സന്ദേശ് കേന്ദ്രങ്ങളിലൂടെ ഓരോ പ്രദേശത്തും മികച്ച ഭക്ഷണ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാനുള്ള കേന്ദ്രങ്ങളും നടപ്പാക്കാന്‍ പദ്ധതിയുണ്ട്. അള്‍ട്രാ ഹൈഡെന്‍സിറ്റി ഫിഷ് ഫാമുകളാണ് സന്ദേശ് കേന്ദ്രത്തിലൂടെ നടപ്പാക്കുന്ന മറ്റൊരു പദ്ധതി. 20- 30 സെന്‍റ് സ്ഥലത്തുനിന്ന് എട്ടുമാസത്തിലൊരിക്കല്‍ അഞ്ചുലക്ഷം രൂപയുടെ ആദായമാണ് ഈ പദ്ധതിയിലൂടെ മത്സ്യ കര്‍ഷകന് ലഭ്യമാവുക. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിച്ച് ജയിന്‍ ഇറിഗേഷന്‍ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതല്‍ വിളവ് ലഭ്യമാക്കുന്ന അള്‍ട്രാ ഹൈഡെന്‍സിറ്റി പ്ളാന്‍േറഷന്‍ പദ്ധതി നടപ്പാക്കാനും സന്ദേശ് സാങ്കേതിക സഹായം നല്‍കും. പലതരം വേസ്റ്റ് മാനേജ്മെന്‍റ് പദ്ധതികള്‍ സംരംഭകത്വ മാതൃകയില്‍ ആരംഭിക്കാന്‍ സന്ദേശ് കേന്ദ്രങ്ങള്‍ ശ്രമിക്കും. പബ്ളിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ് മാതൃകയിലാണ് (പി.പി.പി) സന്ദേശ് വണ്‍ പ്രവര്‍ത്തിക്കുക. 20നും 45നും മധ്യേ പ്രായമുള്ള ബിരുദ ധാരികള്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ പരീക്ഷയും അഭിമുഖത്തിനുംശേഷം ഒരു പഞ്ചായത്തില്‍നിന്ന് ഒരു അപേക്ഷകയെയാണ് തെരഞ്ഞെടുക്കുക. 
സന്ദേശ്വണ്‍ സംരംഭകക്ക് ഇന്‍റര്‍നെറ്റ് കണക്ടിവിറ്റിയുള്ള 500 സ്ക്വയര്‍ഫീറ്റ് സ്ഥലസൗകര്യം വേണം. ‘ഐകെയര്‍’ എന്നപേരിലുള്ള നാലുമാസത്തെ പരിശീലനത്തിനുശേഷമാണ് സെന്‍ററുകള്‍ തുടങ്ങാന്‍ അനുവദിക്കുക. അഞ്ചു വര്‍ഷമാണ് പദ്ധതിയുടെ കാലാവധി, സംരംഭകള്‍ സ്ഥാപനങ്ങള്‍ ഉത്തരവാദിത്വത്തോടെ കൊണ്ടുപോകാനുദ്ദേശിച്ചാണ് ഈ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ രണ്ടുലക്ഷം രൂപയാണ് സംരംഭക മുടക്കേണ്ടത്, ഇതില്‍ ഒരു ലക്ഷം രൂപ പരിശീലനത്തിനുള്ള ചിലവാണ്. 
സന്ദേശ്വണ്‍  സംരംഭം തുടങ്ങാന്‍ WWW.sandeshone.com ലൂടെ ഓണ്‍ലൈന്‍ രജിസ്ട്രഷന്‍ നടത്തിയാല്‍ മതി. 500രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. വിശദീകരണയോഗത്തില്‍ പങ്കെടുത്തശേഷം പദ്ധതിയില്‍ താല്‍പര്യമില്ലങ്കില്‍ അപേക്ഷാഫീസ് തിരികെ നല്‍കും. സന്ദേശ് പദ്ധതിയില്‍ വനിതാ സംരംഭകക്കൊപ്പം പുരുഷന്മാര്‍ക്കും ബിസിനസ് പങ്കാളികളാകാന്‍ സാധിക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.