യു.എസ് ആക്രമണം എണ്ണ വില വർധിപ്പിക്കുമോ? ഇന്ത്യക്ക് ആശങ്ക

മുംബൈ: ലോകത്ത് അസംസ്കൃത എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ് വെന​സ്വേല. വെനസ്വേലക്കെതിരായ യു.എസ് അധിനിവേശം എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ​ക്ക് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. ആഭ്യന്തര വിപണിയിലെ എണ്ണക്കമ്പനികളുടെ ഓഹരികൾ വരും ദിവസങ്ങളിൽ ശക്തമായ വിൽപന സമ്മർദം നേരിടുമെന്ന് വിദഗ്ധർ ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ, വെനസ്വേലക്കെതിരായ യു.എസ് ആക്രമണം രാജ്യത്തെ എണ്ണക്കമ്പനികളെ ബാധിക്കില്ലെന്നാണ് സൂചന. കാരണം, യു.എസ് ഉപരോധത്തെ തുടർന്ന് നേരത്തെ തന്നെ ഇന്ത്യൻ കമ്പനികൾ വെനസ്വേലയിൽനിന്ന് ഇറക്കുമതി നിർത്തിയിരുന്നു. ആഗോള എണ്ണ വിപണിയിൽ വെനസ്വേലയുടെ വിൽപന വളരെ കുറവായതിനാൽ പുതിയ സംഭവ വികാസത്തിന്റെ പശ്ചാത്തലത്തിൽ വില വർധിക്കില്ല.

ഒരു കാലത്ത് റിലയൻസ് ഇൻഡസ്ട്രീസായിരുന്നു ഇന്ത്യയിൽ വെനസ്വേലയുടെ അസംസ്കൃത എണ്ണ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്തിരുന്നത്. വില കുറവും ഗുണമേന്മയുള്ളതും മികച്ച വരുമാനം നേടാനും കഴിയുന്നതുമാണ് വെനസ്വേലയുടെ അസംസ്കൃത എണ്ണ. എന്നാൽ, റിലയൻസ് വെനസ്വേലൻ അസംസ്കൃത എണ്ണ ഇറക്കുമതി അവസാനിപ്പിച്ചു. മറ്റ് ഇന്ത്യൻ കമ്പനികൾ നാമമാത്രം അളവിലാണ് എണ്ണ വാങ്ങുന്നത്.

അതേസമയം, ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ, പ്രകൃതി വാതക ഉത്പാദകരായ ഒ.എൻ.ജി.സിക്ക് വെനസ്വേലയിലെ സാൻ ക്രിസ്റ്റബൽ, കറാബോ-1 തുടങ്ങിയ എണ്ണപ്പാടങ്ങളിൽ ഓഹരിയുണ്ട്. ലാഭവിഹിതമായി 500 ദശലക്ഷം ഡോളറാണ് ഈ കമ്പനികളിൽനിന്ന് ഒ.എൻ.ജി.സിക്ക് ലഭിക്കാനുള്ളത്. എന്നാൽ, യു.എസ് ഉപരോധത്തെ തുടർന്ന് വ്യാപാര, സാമ്പത്തിക ഇടപാടുകൾ തടഞ്ഞതിനാൽ വർഷങ്ങളായി ഒ.എൻ.ജി.സിക്ക് ലാഭ വിഹിതം ലഭിക്കാറില്ല.

ഒരു ദിവസം ഒമ്പത് ലക്ഷം ബാരൽ അസംസ്കൃത എണ്ണയാണ് വെനസ്വേല ഉത്പാദിപ്പിക്കുന്നത്. ആഗോള വിപണിയിലെ മൊത്തം വിതരണത്തിന്റെ ഒരു ശതമാനം മാത്രമാണിത്. ദിനംപ്രതി 7.65 ലക്ഷം ബാരൽ എണ്ണ ചൈനയിലേക്ക് കയറ്റുമതി ചെയ്യുകയാണ് വെനസ്വേല. അതായത് മൊത്തം ഉത്പാദനത്തിന്റെ 76 ശതമാനം. കഴിഞ്ഞ വർഷം 17 ശതമാനം എണ്ണ വാങ്ങിയത് യു.എസാണ്. ബാക്കി ക്യൂബയിലേക്കും സ്​പെയിനിലേക്കും ഇറ്റലിയിലേക്കും കയറ്റുമതി ചെയ്തതായും നാവിക വ്യാപാര ഗവേഷണ സ്ഥാപനമായ കെപ്ലർ ഡാറ്റ പറയുന്നു.

വെനസ്വേലൻ എണ്ണ കയറ്റുമതി നിലച്ചാൽ വളരെ കുറച്ച് കമ്പനികളെ മാത്രമേ ബാധിക്കുകയുള്ളൂവെന്ന് വ്യവസായ മേഖലയിലെ വിദഗ്ധർ പറഞ്ഞു. നിലവിൽ ആഗോള വിപണിയിൽ ആവശ്യത്തിന് എണ്ണ ലഭ്യമായതിനാൽ വെനസ്വേലൻ കയറ്റുമതി തടസ്സപ്പെടുന്നത് മോശമായി ബാധിക്കില്ല. ബന്ധം വഷളായതിന് പിന്നാലെ, കഴിഞ്ഞ മാസമാണ് വെനസ്വേലൻ എണ്ണ വിതരണം യു.എസ് തടഞ്ഞത്.

Tags:    
News Summary - US attack on Venezuela unlikely to hit Indian refiners hard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.