യു.പി.ഐ ഫീസ്; മടങ്ങിവരുമോ കറൻസിക്കാലം

2000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് 0.04 ശതമാനം മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആർ) ഈടാക്കുമെന്ന പ്രഖ്യാപനം വ്യാപാരികളിലും കുറച്ചൊക്കെ സാധാരണക്കാരിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വ്യക്തിഗത ഇടപാടുകൾക്കും 2000 രൂപയിൽ താഴെയുള്ള ഇടപാടുകൾക്കും ഫീസില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതൊക്കെ വഴിയേ വരും എന്ന് കരുതുന്നവർ ഏറെയാണ്. ജിയോ സൗജന്യം നൽകിയപോലെ തുടക്കത്തിൽ ഫീസൊഴിവാക്കി യു.പി.ഐ ഇടപാടുകൾ പതിയെ ശീലമാക്കി അതൊഴിവാക്കാൻ പറ്റാത്ത അവസ്ഥയിലെത്തുമ്പോൾ പണമൂറ്റാനാണ് പദ്ധതിയെന്ന ആശങ്ക നേരത്തെ തന്നെ സാധാരണക്കാരിലുണ്ട്.

എന്നാൽ, അങ്ങനെയല്ലെന്നും യു.പി.ഐ അടിസ്ഥാന സൗകര്യ വികസനത്തിനും ഗവേഷണത്തിനും പ്രത്യേകം ഫണ്ടില്ലാത്തതിനാൽ നാമമാത്ര തുക ഈടാക്കുകയാണ് ചെയ്യുന്നതെന്നാണ് സർക്കാർ വാദം. ഒക്ടോബർ 15 മുതൽ പുതിയ നിരക്കുകൾ നിലവിൽ വന്നാലും കറൻസി പണമിടപാടുകൾ വർധിക്കാനോ യു.പി.ഐ ഇടപാടുകൾ കുറയാനോ കാരണമാകില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. രാജ്യത്തെ ആകെ യു.പി.ഐ ഇടപാടുകളിൽ അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ് 2000 രൂപക്ക് മുകളിലുള്ളത്. പലചരക്ക്, ഓട്ടോ, പൊതുഗതാഗതം തുടങ്ങി സാധാരണ ദൈനംദിന ഇടപാടുകൾ 2000 രൂപയിൽ താഴെയാണ് വരാറുള്ളത്.

യു.പി.ഐ വ്യവസായത്തിന് ഓരോ വർഷവും 10000 -12000 കോടി രൂപയുടെ ചെലവുണ്ടെന്നും സർക്കാർ സബ്സിഡിയെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാനാവില്ലെന്നുമാണ് സർക്കാർ വൃത്തങ്ങളും ഫിൻടെക് കമ്പനികളും പറയുന്നത്. കോടികൾ കയ്യിൽ വരുന്നത് മുന്നിൽകണ്ട് പേടിഎം, മൊബിക്വിക്, ഫോൺപേ തുടങ്ങിയ ഫിൻടെക് കമ്പനികൾ അടിസ്ഥാന സൗകര്യ വികസനത്തിനും ബിസിനസ് വിപുലീകരണത്തിനും പദ്ധതി തയാറാക്കിയിട്ടുണ്ട്. ഫോൺപെ 20,000 പുതിയ സെയിൽസ് ജീവനക്കാരെ നിയമിക്കും. അടുത്ത ഒരുവർഷത്തിനുള്ളിൽ അഞ്ചുദശലക്ഷം പേയ്‌മെന്റ് ഉപകരണങ്ങൾ (സൗണ്ട്‌ബോക്സുകൾ, പി.ഒ.എസ്. മെഷീനുകൾ) സ്ഥാപിക്കും. മോബിക്വിക്ക് 2027-'28 സാമ്പത്തികവർഷത്തിൽ 120 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു. പൈൻ ലാബ്സ് പത്തുലക്ഷം സൗണ്ട്‌ബോക്സുകൾ വിന്യസിക്കാൻ പദ്ധതിയിടുന്നു.

ഉപഭോക്താക്കൾക്ക് നഷ്ടം വരുമോ?

എം.ഡി.ആർ തുക ഉപഭോക്താക്കളിൽനിന്ന് ഈടാക്കാൻ പാടില്ലെന്നും അത് വ്യാപാരിയുടെ ചെലവാണെന്നും അധികൃതർ ഊന്നിപ്പറയുന്നുണ്ടെങ്കിലും വില വർധനയുടെ രൂപത്തിൽ ഇത് ഉപഭോക്താക്കളിലേക്ക് തന്നെ എത്തും. വിപണിയെ ഉത്തേജിപ്പിക്കാൻ അടുത്തിടെ നിരവധി ഉൽപന്നങ്ങൾക്ക് ജി.എസ്.ടി കുത്തനെ കുറച്ചപ്പോൾ തൽക്കാലം വില കുറഞ്ഞെങ്കിലും പിന്നീട് വില കൂട്ടി. ഫലത്തിൽ നികുതി കുറച്ചത് വ്യാപാരിയുടെ ലാഭമായി. എം.ഡി.ആറിന്റെ പേരിൽ ഉൽപന്നത്തിന് വില വർധിക്കുമ്പോൾ 2000 രൂപക്ക് താഴെ സാധനങ്ങൾ വാങ്ങുന്നവരും സഹിക്കേണ്ടിവരും.

ഫീസൊഴിവാക്കാൻ കുറുക്കുവഴികൾ!

  • എം.ഡി.ആർ ഒഴിവാക്കാൻ വ്യാപാരികൾ കുറുക്കുവഴികൾ സ്വീകരിച്ചേക്കാം. 2000 രൂപക്ക് മുകളിലുള്ള പേയ്മെന്റ് ഒന്നിലധികം ഇടപാടുകളായി വിഭജിച്ച് വാങ്ങാൻ സാധ്യതയുണ്ട്. ഇത് തടയാൻ തൽക്കാലം നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. ബില്ലുകൾ വിഭജിക്കുന്ന രീതി വ്യാപകമാകാൻ സാധ്യതയില്ലെന്നാണ് നാഷനൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ വിലയിരുത്തൽ.
  • എം.ഡി.ആർ മുഖേനയുള്ള അധിക ബാധ്യത മറികടക്കാനായി വ്യക്തിഗത സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാമെന്ന് കരുതുന്ന ഒരുവിഭാഗം ചെറുകിട വ്യാപാരികളുണ്ട്. എന്നാൽ, സാധാരണ സേവിങ്സ് അക്കൗണ്ടിൽ പ്രതിദിനം നടത്താവുന്ന യു.പി.ഐ ഇടപാടുകളുടെ എണ്ണം 20 ആയും, പരമാവധി തുക 1 ലക്ഷം രൂപയായും പരിമിതപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, വ്യക്തിഗത സേവിങ്സ് അക്കൗണ്ട് സ്ഥിരമായി ബിസിനസ് ഇടപാടുകൾക്കായി ഉപയോഗിച്ചാൽ അക്കൗണ്ട് മരവിപ്പിക്കാനിടയുണ്ട്. സേവിങ്സ് അക്കൗണ്ടിലേക്ക് വരുന്ന ഉയർന്ന ബിസിനസ് വരുമാനം ആദായനികുതി ബാധ്യതക്കും വഴിവെക്കും. വിശദീകരിക്കപ്പെടാത്ത വരുമാനമായി കണക്കാക്കി പിഴയീടാക്കാനും സാധ്യതയുണ്ട്.
  • റുപേ ഡെബിറ്റ് കാർഡുകൾ വഴിയുള്ള ഇടപാടുകൾക്ക് തുക എത്രയായാലും എം.ഡി.ആർ ഈടാക്കരുതെന്ന് കേന്ദ്ര സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. 
  • പ്രതിമാസം 1 ലക്ഷം രൂപ വരെ മാത്രം യു.പി.ഐ വരുമാനമുള്ള ചെറുകിട വ്യാപാരികളെ/വഴിയോര കച്ചവടക്കാരെ ഒഴിവാക്കിയിട്ടുണ്ട്.
  • എല്ലാ വ്യാപാരികളും നിര്‍ബന്ധമായും യു.പി.ഐ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുവായ വ്യവസ്ഥ നിലവിലില്ല. എന്നാൽ, നിയന്ത്രണം മുൻകൂട്ടി ഉപഭോക്താവിനെ അറിയിക്കണം. ചില സംസ്ഥാനങ്ങളിൽ ഇപ്പോൾ തന്നെ പെട്രോൾ പമ്പുകൾ ഉയർന്ന തുകയുടെ യു.പി.ഐ സ്വീകരിക്കുന്നില്ല. മത്സരം കടുത്ത വ്യാപാര ലോകത്ത് യു.പി.ഐ സ്വീകരിക്കില്ല എന്ന നിലപാട് പ്രായോഗികമല്ല. 

എത്രയാണ് നിരക്ക്

  • 2000 രൂപ വരെ: എം.ഡി.ആർ ഇല്ല
  • 2000ത്തിന് മുകളിൽ: 0.04 ശതമാനം
  • 10000 രൂപ: 40 രൂപ എം.ഡി.ആർ
  • 25000 രൂപ: 100 രൂപ എം.ഡി.ആർ
  • 50000 രൂപ: 200 രൂപ എം.ഡി.ആർ
  • 75000 രൂപ: 300 രൂപ
  • ഒരു ലക്ഷം: 300 രൂപ (പരമാവധി ഫീസ്)

റെയിൽവേ, ടെലികമ്മ്യൂണിക്കേഷൻസ്, ഇൻഷുറൻസ്, ഇന്ധനം, കാർഷിക ഇൻപുട്ടുകൾ തുടങ്ങിയ മേഖലകൾ അഞ്ച് രൂപയെന്ന ഫ്ലാറ്റ് നിരക്കാണ്

Tags:    
News Summary - UPI Fees: Will Charges Return?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.