ലണ്ടൻ: രാജ്യത്തെ പ്രധാന വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞു. നഷനൽ സ്റ്റോക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലും 2.45 ശതമാനം ഇടിവിലാണ് വ്യാഴാഴ്ച ഓഹരി വ്യാപാരം നടന്നത്.
സൈബർ ആക്രമണം നേരിട്ട സബ്സിഡിയറി കമ്പനിയായ ജാഗ്വർ ആൻഡ് ലാൻഡ് ലോവർ (ജെ.എൽ.ആർ) ഇൻഷൂർ ചെയ്തിരുന്നില്ലെന്ന ഫിനാൻഷ്യൽ ടൈംസ് വാർത്തക്ക് പിന്നാലെയാണ് നിക്ഷേപകർ ഓഹരികൾ വിറ്റഴിച്ചത്.
സൈബർ ആക്രമണത്തിന് പിന്നാലെ ഉത്പാദനം നിർത്തി ഫാക്ടറി താൽകാലികമായി പൂട്ടിയത് കാരണം രണ്ട് ബില്ല്യൻ യൂറോ അതായത് 9000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനി നേടിയ മുഴുവൻ ലാഭവും ഈ സംഭവത്തിൽ നഷ്ടപ്പെടുമെന്നും ഫിനാൻഷ്യൽ ടൈംസ് പറയുന്നു. റിപ്പോർട്ടിനോട് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.
സൈബർ ആക്രമണത്തിന്റെ ആഘാതത്തിൽനിന്ന് പൂർണമായും മുക്തമാകാൻ ജെ.എൽ.ആറിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അടച്ചുപൂട്ടിയ ഫാക്ടറി വീണ്ടും തുറക്കുന്നത് ഒക്ടോബർ ഒന്നുവരെ നീട്ടിയിരിക്കുകയാണ്. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് ഉത്പാദനം പുനരാരംഭിക്കാനുള്ള ശ്രമത്തിലാണെന്ന് ഉടമകളായ ടാറ്റ മോർട്ടോർസ് നേരത്തെ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിരുന്നു.
ബ്രിട്ടനിൽ മൂന്ന് ഫാക്ടറികളാണ് ജെ.എൽ.ആറിനുള്ളത്. 1000 കാറുകളാണ് ഈ ഫാക്ടറികൾ ഓരോ ദിവസവും പുറത്തിറക്കിയിരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ടാറ്റ മോട്ടോർസിന്റെ വരുമാനത്തിൽ 72 ശതമാനവും നൽകിയത് ജെ.എൽ.ആർ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.