പാകിസ്താന്‍റെ വിദേശ കടം 10 വർഷത്തിനിടെ ഇരട്ടിയായി; കടം നൽകിയവരിൽ ചൈന ഒന്നാമത്

പാക്കിസ്താന്‍റെ വിദേശ കടം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഏകദേശം ഇരട്ടിയായി 135.1 ബില്യൻ ഡോളറിലെത്തി. കടം നൽകിയതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ചൈനയാണ്. തങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പാക്കിസ്താൻ വിദേശ വായ്പകളെ കൂടുതൽ ആശ്രയിക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.

2015ൽ 68.67 ബില്യൺ ഡോളറായിരുന്ന പാക്കിസ്താന്‍റെ വിദേശ കടം 2025ൽ 135.1 ബില്യൻ ഡോളറായി ഉയർന്നു, അതായത് ഏകദേശം 97 ശതമാനത്തിന്‍റെ വർദ്ധനവ്. ഇത് മുൻവർഷത്തേക്കാൾ 4% കൂടുതലാണ്. ലോകബാങ്കിന്‍റെ 'ഇന്റർനാഷണൽ ഡെബ്റ്റ് റിപ്പോർട്ട് 2026' പ്രകാരം, സർക്കാറിന്‍റെയും പൊതുമേഖലയുടെയും വായ്പകൾ, ഗ്യാരന്റിയില്ലാത്ത സ്വകാര്യ വായ്പകൾ, ഹ്രസ്വകാല ബാധ്യതകൾ എന്നിവ ഉൾപ്പെടുന്നതാണ് പാകിസ്താന്‍റെ മൊത്തം വിദേശ കടം. ഇതിൽ 107.07 ബില്യൺ ഡോളർ സർക്കാർ/പൊതുമേഖലാ വായ്പകളും, 17.58 ബില്യൺ ഡോളർ സ്വകാര്യ വായ്പകളും, 10.45 ബില്യൺ ഡോളർ ഹ്രസ്വകാല കടങ്ങളുമാണ്.

2025ലെ കണക്കനുസരിച്ച് 22.42 ബില്യൺ ഡോളറിന്‍റെ കടവുമായി ചൈനയാണ് പാതിസ്താന്‍റെ ഏറ്റവും വലിയ ഒറ്റ വിദേശ ദാതാവ്. ലോകബാങ്കിന്‍റെ ഇന്റർനാഷനൽ ഡവലപ്‌മെന്‍റ് അസോസിയേഷൻ (19.21 ബില്യൻ ഡോളർ), ഏഷ്യൻ ഡെവലപ്‌മെന്‍റ് ബാങ്ക് (16.83 ബില്യൻ ഡോളർ) എന്നിവ നൽകിയ തുകയേക്കാൾ കൂടുതലാണിത്. എന്നാൽ മറ്റ് ഉഭയകക്ഷി വായ്പദാതാക്കളേക്കാൾ ബഹുരാഷ്ട്ര സ്ഥാപനങ്ങൾ കൂട്ടായി പാകിസ്താന് വലിയ തുക വായ്പ നൽകിയിട്ടുണ്ട്.

വായ്പാദാതാക്കളുടെ വിവരങ്ങൾ വിശകലനം ചെയ്യുമ്പോൾ, 2025ൽ ബഹുരാഷ്ട്ര സ്ഥാപനങ്ങളോട് 56.83 ബില്യൻ ഡോളറും മറ്റ് രാജ്യങ്ങളോട് 42.44 ബില്യൻ ഡോളറും പാകിസ്താൻ കടപ്പെട്ടിരിക്കുന്നു. ബഹുരാഷ്ട്ര വായ്പകളിൽ, ലോകബാങ്ക്-ഐ.ഡി.എ 19.21 ബില്യൻ ഡോളറും ഏഷ്യൻ ഡവലപ്‌മെന്‍റ് ബാങ്ക് 16.83 ബില്യൻ ഡോളറും നൽകിയിട്ടുണ്ട്. മറ്റ് ബഹുരാഷ്ട്ര സ്ഥാപനങ്ങൾ നൽകിയ വായ്പ 20.79 ബില്യൻ ഡോളറാണ്.

രാജ്യങ്ങൾ നൽകുന്ന ഉഭയകക്ഷി വായ്പകളിൽ 22.42 ബില്യൻ ഡോളർ നൽകി ചൈന ഏറ്റവും വലിയ വായ്പാദാതാവായി മാറി. മറ്റ് രാജ്യങ്ങൾ നൽകിയ കടം 11.85 ബില്യൻ ഡോളറാണ്, കൂടാതെ ഒന്നിലധികം വായ്പാദാതാക്കൾ ചേർന്നുള്ള വായ്പകൾ 8.17 ബില്യൻ ഡോളറാണ്. പാകിസ്താന്‍റെ വിദേശ ധനസഹായത്തിൽ ചൈനയ്ക്കുള്ള നിർണായക സ്ഥാനം ഈ കണക്കുകൾ അടിവരയിടുന്നു. എങ്കിലും, രാജ്യത്തിന്‍റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ബഹുരാഷ്ട്ര സ്ഥാപനങ്ങളുടെ പ്രാധാന്യവും ഇത് കാണിക്കുന്നു.

സ്വകാര്യ വായ്പകൾ പാക്കിസ്താന് കൂടുതൽ ഭാരമാകുന്നു

ഔദ്യോഗിക വായ്പാദാതാക്കളിൽ നിന്നും സ്വകാര്യ വായ്പാദാതാക്കളിൽ നിന്നും ലഭിക്കുന്ന വായ്പകളുടെ പലിശ നിരക്കിലെ വ്യത്യാസമാണ് കട റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു പ്രധാന ആശങ്ക. 2025ൽ ഔദ്യോഗിക വായ്പാദാതാക്കളിൽ നിന്നുള്ള പുതിയ വായ്പകളുടെ ശരാശരി പലിശ നിരക്ക് 3.6% ആയിരുന്നെങ്കിൽ, സ്വകാര്യ വായ്പാദാതാക്കളുടേത് 8.6% ആയിരുന്നു. ഇവ തിരിച്ചടയ്ക്കുന്നതിനുള്ള കാലാവധിയിലും വലിയ വ്യത്യാസമുണ്ട്.

ഔദ്യോഗിക വായ്പാദാതാക്കളിൽ നിന്നുള്ള പുതിയ വായ്പകൾക്ക് തിരിച്ചടവിനായി ശരാശരി 16 വർഷത്തെ കാലാവധിയും 4 വർഷത്തെ ഇളവ് കാലയളവും ലഭിച്ചിരുന്നു. എന്നാൽ സ്വകാര്യ വായ്പാദാതാക്കൾ തിരിച്ചടവിന് 3 വർഷത്തെ ശരാശരി കാലാവധിയും 1 വർഷത്തെ ഇളവും മാത്രമാണ് നൽകിയത്. ഉയർന്ന പലിശനിരക്കും കുറഞ്ഞ തിരിച്ചടവ് കാലാവധിയുമുള്ള സ്വകാര്യ വായ്പകൾ തിരിച്ചടയ്ക്കാനായി പണം കണ്ടെത്തേണ്ടത് പാക്കിസ്താന് വലിയ സാമ്പത്തിക സമ്മർദ്ദമുണ്ടാക്കുന്നു.

പാകിസ്താന്‍റെ വിദേശ കടത്തിന്‍റെ സിംഹഭാഗവും സർക്കാറോ സർക്കാറിന്‍റെ ഗ്യാരന്‍റിയുള്ള സ്ഥാപനങ്ങളോ എടുത്ത വായ്പകളാണ്. 2025ൽ സർക്കാർ / സർക്കാറിന്‍റെ ഗ്യാരന്‍റിയുള്ള കടം 107.07 ബില്യൻ ഡോളറാണ്, ഇത് മൊത്തം വിദേശ കടത്തിന്റെ 79% വരും. ഗ്യാരന്റിയില്ലാത്ത സ്വകാര്യ കടം 17.58 ബില്യൻ ഡോളറും ഹ്രസ്വകാല ബാധ്യതകൾ 10.45 ബില്യൻ ഡോളറുമാണ്. ഈ വായ്പകൾ തിരിച്ചടയ്ക്കാനുള്ള ഉത്തരവാദിത്തം സർക്കാന്നോറി അല്ലെങ്കിൽ സർക്കാർ ഗ്യാരന്‍റിയുള്ള സ്ഥാപനങ്ങൾക്കോ ആയതുകൊണ്ടാണ് ഈ തരംതിരിവ് പ്രസക്തമാകുന്നത്.

ചൈനയും ഐ.എം.എഫും നൽകുന്ന ആശ്വാസം

വിദേശ വായ്പാദാതാക്കളിൽ നിന്ന് പാകിസ്താന് ചില താൽക്കാലിക ആശ്വാസങ്ങളും ലഭിച്ചിട്ടുണ്ട്. 2025ൽ തിരിച്ചടയ്‌ക്കേണ്ടിയിരുന്ന 2 ബില്യൻ ഡോളറോളം വരുന്ന വായ്പകളുടെ കാലാവധി ചൈന നീട്ടി നൽകിയതായി ലോകബാങ്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത്തരം കാലാവധി നീട്ടിനൽകലുകൾ പാകിസ്താന് തിരിച്ചടവ് ബാധ്യതകൾ നിറവേറ്റാൻ കൂടുതൽ സമയം നൽകുന്നു.

കൂടാതെ, എക്സ്റ്റെൻഡഡ് ഫണ്ട് ഫെസിലിറ്റി, റസീലിയൻസ് ആന്‍റ് സസ്റ്റൈനബിലിറ്റി ഫെസിലിറ്റി എന്നിവക്ക് കീഴിൽ അന്താരാഷ്ട്ര നാണയ നിധി 2.3 ബില്യൻ ഡോളർ 2025ൽ പാകിസ്താന് അനുവദിച്ചിട്ടുണ്ട്. വിദേശ ധനകാര്യ ആവശ്യങ്ങൾ നിയന്ത്രിക്കാനും സാമ്പത്തിക സ്ഥിരത കൈവരിക്കാനുമുള്ള പാകിസ്ഥാന്റെ ശ്രമങ്ങൾക്ക് ഈ പിന്തുണ ആശ്വാസമേകുന്നു.

Tags:    
News Summary - Pakistan's foreign debt has doubled in 10 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.