ഡിസ്നിയിൽ വീണ്ടും പിരിച്ചുവിടലുകളോ? 20 ശതമാനം ചെലവ് ചുരുക്കാൻ മാനേജർമാർക്ക് നിർദ്ദേശം
വാൾട്ട് ഡിസ്നി കമ്പനി ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികളിലേക്ക് കടക്കുന്നതായി റിപ്പോർട്ട്. കമ്പനിയിലെ ചില മാനേജർമാരോട് പ്രതിവർഷം 20 ശതമാനം വരെ ചെലവ് ചുരുക്കാൻ ആവശ്യപ്പെട്ടുവെന്നാണ് വിവരം. ജീവനക്കാരെ ഒഴിവാക്കുന്നതിലൂടെയും മറ്റ് ചെലവുകൾ കുറയ്ക്കുന്നതിലൂടെയുമാണ് ഈ തുക കണ്ടെത്താൻ ലക്ഷ്യമിടുന്നത്.
തീം പാർക്കുകൾ, ടിവി ചാനലുകൾ, സിനിമാ സ്റ്റുഡിയോ തുടങ്ങിയ ഡിസ്നിയുടെ ചില മേഖലകളെയാവും ഇത് പ്രധാനമായും ബാധിക്കുക. ചെലവ് ചുരുക്കലിലൂടെ ലഭിക്കുന്ന തുകയുടെ ഒരു ഭാഗം സിനിമ, ടിവി പ്രോഗ്രാമുകൾ, സാങ്കേതികവിദ്യ, തീം പാർക്കുകൾ, ക്രൂയിസ് കപ്പൽ ബിസിനസ് എന്നിവയിൽ പുനർനിക്ഷേപിക്കാനാണ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ജോഷ് ഡി'അമാരോ ലക്ഷ്യമിടുന്നത്. നടപ്പു സാമ്പത്തിക വർഷത്തിൽ അഡ്ജസ്റ്റ് ചെയ്ത ഷെയർ വരുമാനത്തിൽ രണ്ടക്ക വളർച്ച കൈവരിക്കുമെന്ന് കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്.
എന്നാൽ ഈ വിഷയത്തിൽ പ്രതികരിക്കാൻ ഡിസ്നിയുടെ വക്താവ് വിസമ്മതിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി എ.ബി.സി, പിക്സാർ, ഇ.എ.എ.എസ്.പി.എൻ, ഫിലിം സ്റ്റുഡിയോ, എക്സ്പീരിയൻസസ് യൂണിറ്റ് എന്നിവയുൾപ്പെടെ എല്ലാ വിഭാഗങ്ങളിലും ഡിസ്നി കോടിക്കണക്കിന് ഡോളറിന്‍റെ ചെലവുകൾ ചുരുക്കുകയും ആയിരക്കണക്കിന് തസ്തികകൾ നിർത്തലാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ കമ്പനിക്ക് ലോകമെമ്പാടുമായി 2,31,000 ജീവനക്കാരാണുണ്ടായിരുന്നത്.
ഡിസ്നിയുടെ ടിവി ഡിവിഷനിലും, ലീഗൽ & ഗ്ലോബൽ അഫയേഴ്സ് യൂനിറ്റിലും പുനഃസംഘടന ആസൂത്രണം ചെയ്യുന്നതായി ഒക്ടോബർ 1-ന് 'വാൾ സ്ട്രീറ്റ് ജേർണൽ' റിപ്പോർട്ട് ചെയ്തിരുന്നു. പരമ്പരാഗത ടെലിവിഷനിൽ നിന്നുള്ള വരുമാനം കുറയുന്നതും സ്ട്രീമിങ് വരിക്കാരുടെ വളർച്ച മന്ദഗതിയിലായതും കാരണം നെറ്റ്ഫ്ലിക്സ്, സോണി പിക്ചേഴ്സ് എന്‍റർടൈൻമെന്‍റ്, സ്കൈഡാൻസ് കോർപ്പറേഷന്‍റെ പാരാമൗണ്ട്, വാർണർ ബ്രദേഴ്സ് തുടങ്ങിയ മറ്റ് വിനോദ കമ്പനികളും ജോലി വെട്ടിക്കുറച്ചിട്ടുണ്ട്. ആമസോൺ, ആപ്പി തുടങ്ങിയ ടെക് ഭീമന്മാരുടെ സ്ട്രീമിങ് സേവനങ്ങൾക്കും സോഷ്യൽ മീഡിയകൾക്കും ഓൺലൈൻ വിഡിയോകൾക്കും കൂടുതൽ കാഴ്ചക്കാരെ ലഭിക്കുന്നതും ഇവർ നേരിടുന്ന വലിയ വെല്ലുവിളിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.