ടെലികോം കമ്പനികൾക്ക് നെറ്റ് വർക്ക് നൽകാൻ ഉപഗ്രഹ കമ്പനികൾക്ക് പുതിയ ലൈസൻസ് ശുപാർശ ചെയ്ത് ടെലികോം റഗുലേറ്ററി അതോറിറ്റി
ഇന്ത്യയിൽ സാറ്റലൈറ്റ് കമ്യൂണിക്കേഷൻ നെറ്റ്വർക്കുകൾ നിർമിക്കാനും പ്രവർത്തിപ്പിക്കാനും അത് ടെലികോം ഓപ്പറേറ്റർമാർക്ക് വാടകയ്ക്ക് നൽകാനും അനുവദിക്കുന്ന പുതിയ ലൈസൻസ് ടെലികോം റഗുലേറ്ററി അതോറിറ്റി ശുപാർശ ചെയ്തു. ഈ കമ്പനികൾക്ക് ഉപഭോക്താക്കൾക്ക് നേരിട്ട് സേവനങ്ങൾ നൽകാൻ അനുവാദമുണ്ടായിരിക്കില്ല. 2023ലെ ടെലികോം നിയമത്തിന് കീഴിൽ 'സാറ്റലൈറ്റ് കമ്യൂണിക്കേഷൻ നെറ്റ്വർക്ക് പ്രൊവൈഡർ ഓതറൈസേഷൻ' ആണ് ട്രായ് നിർദ്ദേശിച്ചിരിക്കുന്നത്. ഈ ശുപാർശകൾ നിർബന്ധിതമല്ല, ടെലികോം വകുപ്പ് ഇത് അംഗീകരിച്ചാൽ മാത്രമേ പ്രാബല്യത്തിൽ വരികയുള്ളൂ.
ടെലികോം വകുപ്പ് ഈ ശുപാർശകൾ അംഗീകരിക്കുകയാണെങ്കിൽ, സ്റ്റാർലിങ്ക്, യൂട്ടൽസാറ്റ് വൺവെബ് തുടങ്ങിയ ആഗോള ഉപഗ്രഹ കമ്പനികൾക്ക് നെറ്റ്വർക്ക് പ്രൊവൈഡർമാരായി മാത്രം ഇന്ത്യയിലേക്ക് പ്രവേശിക്കാനാകും. റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ ടെലികോം കമ്പനികൾക്ക് സ്വന്തമായി സാറ്റലൈറ്റ് നെറ്റ്വർക്കുകൾ നിർമിക്കാതെ തന്നെ ഉപഗ്രഹ സേവനങ്ങൾ നൽകാനും സാധിക്കും.
ട്രായുടെ നിർദ്ദേശം അനുസരിച്ച്, ലൈസൻസ് ഉടമകൾക്ക് സാറ്റലൈറ്റുകളുമായി ആശയവിനിമയം നടത്തുന്ന ഗേറ്റ്വേ എർത്ത് സ്റ്റേഷനുകൾ, നെറ്റ്വർക്ക് ഉപകരണങ്ങൾ, സ്പെക്ട്രം എന്നിവയുൾപ്പെടെയുള്ള സാറ്റലൈറ്റ് നെറ്റ്വർക്കിന്റെ 'ഗ്രൗണ്ട് സെഗ്മെന്റ്' ഇന്ത്യയിൽ പ്രവർത്തിപ്പിക്കാം. തുടർന്ന് ഈ നെറ്റ്വർക്ക് മൊബൈൽ ഓപ്പറേറ്റർമാർ അല്ലെങ്കിൽ ഇന്റർനെറ്റ് സർവിസ് പ്രൊവൈഡർമാർ പോലുള്ള ലൈസൻസുള്ള ടെലികോം കമ്പനികൾക്ക് വാടകക്ക് നൽകാം. ടെലികോം കമ്പനികൾ തങ്ങളുടെ സ്വന്തം ബ്രാൻഡുകൾക്ക് കീഴിൽ സാറ്റലൈറ്റ് ഇന്റർനെറ്റ്, കോളുകൾ, അല്ലെങ്കിൽ മെസേജിങ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് വിൽക്കും.
ഈ ലൈസൻസിന് യോഗ്യത നേടുന്നതിന് ഒരു കമ്പനിക്ക് ബഹിരാകാശ വകുപ്പിന്റെ സാറ്റലൈറ്റ് അനുമതി ഉണ്ടായിരിക്കണം, അല്ലെങ്കിൽ അത്തരം ഒരു കമ്പനിയുടെ അനുബന്ധ സ്ഥാപനമായിരിക്കണം, അല്ലെങ്കിൽ ഇന്ത്യയിൽ ഗേറ്റ്വേകൾ പ്രവർത്തിപ്പിക്കാൻ കരാറുണ്ടായിരിക്കണം എന്ന് ട്രായ് ശുപാർശ ചെയ്തിട്ടുണ്ട്. ഇത് 20 വർഷത്തേക്ക് കാലാവധിയുള്ളതും പുതുക്കാവുന്നതുമായ ഒരു ദേശീയ ലൈസൻസായിരിക്കും.
ഈ ലൈസൻസ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനോ പ്രവർത്തിപ്പിക്കുന്നതിനോ ഉള്ള അനുമതിയല്ല; അതിന്റെ അധികാരം ബഹിരാകാശ വകുപ്പിൽ തന്നെ തുടരും. ലൈസൻസ് ഉടമകൾക്ക് ഉപഭോക്താക്കൾക്ക് നേരിട്ട് സേവനങ്ങൾ വിൽക്കാൻ അനുവാദമില്ല. ഒരു വിദേശ സാറ്റലൈറ്റ് ഓപ്പറേറ്റർക്കായി ഗേറ്റ്വേകൾ പ്രവർത്തിപ്പിക്കുന്ന കമ്പനിക്കും യോഗ്യത നേടാമെന്നതിനാൽ ഇവർക്ക് സ്വന്തമായി സാറ്റലൈറ്റുകൾ ഉണ്ടായിരിക്കണമെന്നില്ല.
ഇത് എങ്ങനെ പ്രവർത്തിക്കും?
നിർദ്ദിഷ്ട മാതൃകയിൽ, സാറ്റലൈറ്റ് കമ്പനി നെറ്റ്വർക്ക് പ്രവർത്തിപ്പിക്കുമ്പോൾ, ടെലികോം പങ്കാളി സേവനം വിൽക്കുകയും ഉപഭോക്താക്കൾക്ക് ബില്ല് നൽകുകയും പരാതികൾ പരിഹരിക്കുകയും ചെയ്യും. എസ്.സി.എൻ പ്രൊവൈഡർക്ക് ഏത് ടെലികോം പങ്കാളിയെയാണോ സേവനം നൽകുന്നത് അവരുടെ പേര് വ്യക്തമാക്കി ടെലികോം വകുപ്പിൽ നിന്ന് സ്വന്തമായി സ്പെക്ട്രം അപേക്ഷിക്കാം, അല്ലെങ്കിൽ പങ്കാളിയുടെ കയ്യിലുള്ള സ്പെക്ട്രം ഉപയോഗിച്ച് ആ പങ്കാളിക്ക് മാത്രം സേവനം നൽകാം എന്ന് ട്രായ് നിർദ്ദേശിച്ചിട്ടുണ്ട്.
ലേലം വിളിക്കാതെ, അഡ്മിനിസ്ട്രേറ്റീവ് രീതിയിൽ 5 വർഷം വരെ കാലാവധിയിൽ സ്പെക്ട്രം അനുവദിക്കാനാണ് ട്രായ് ശുപാർശ ചെയ്തിരിക്കുന്നത്. ട്രായ് പുതിയ സ്പെക്ട്രം വില നിർദ്ദേശിച്ചിട്ടില്ല. സാറ്റലൈറ്റ് ഓപ്പറേറ്റർമാർക്കായി ടെലികോം വകുപ്പ് അന്തിമമായി തീരുമാനിക്കുന്ന തുക തന്നെ എസ്.സി.എൻ പ്രൊവൈഡർമാരും നൽകണമെന്ന് വ്യക്തമാക്കി. അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂവിന്റെ (AGR) 4% എന്ന ട്രായുടെ 2025 മെയിലെ നിർദ്ദേശത്തിൽ തീരുമാനം കാത്തിരിക്കുകയാണ്.
37.5 ലക്ഷം രൂപ എൻട്രി ഫീസും അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂവിന്റെ 8% ലൈസൻസ് ഫീസും ട്രായ് നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, ടെലികോം കമ്പനികൾ എസി.സി.എൻ പ്രൊവൈഡർമാർക്ക് നൽകുന്ന തുക തങ്ങളുടെ വരുമാനത്തിൽ നിന്ന് കുറയ്ക്കാൻ അനുവദിക്കണമെന്നും, ഒരേ തുകയ്ക്ക് രണ്ടുതവണ ഫീസ് ഈടാക്കുന്നത് ഒഴിവാക്കണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്.
സാധാരണ ഫോണുകളിൽ സാറ്റലൈറ്റ് സിഗ്നൽ
മൊബൈൽ ടവറുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ സാധാരണ സ്മാർട്ട്ഫോണുകളിലേക്ക് ഉപഗ്രഹങ്ങൾ നേരിട്ട് ബന്ധിപ്പിക്കുന്ന "ഡയറക്ട്-ടു-ഡിവൈസ്" സേവനങ്ങൾ അനുവദിക്കാനും ട്രായ് ശുപാർശ ചെയ്തു. ഈ നിർദ്ദേശപ്രകാരം, 2027ലെ വേൾഡ് റേഡിയോ കമ്യൂണിക്കേഷൻ കോൺഫറൻസിനായി കാത്തുനിൽക്കാതെ തന്നെ, മൊബൈൽ ഓപ്പറേറ്റർമാർക്ക് തങ്ങളുടെ നിലവിലുള്ള സ്പെക്ട്രം അധിക തുക നൽകാതെ ഇതിനായി ഉപയോഗിക്കാം. എന്നാൽ, ഒരേ ഫ്രീക്വൻസി ചാനൽ 22 ടെലികോം സർക്കിളുകളിലും ലഭ്യമായിരിക്കണം.
ഇന്ത്യയിലെ ഉപയോക്താക്കളിൽ നിന്നുള്ള എല്ലാ ഡാറ്റാ ട്രാഫിക്കും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഗേറ്റ്വേകൾ വഴി മാത്രമേ കടന്നുപോകാവൂ എന്നും, പ്രാദേശിക ഗേറ്റ്വേ തകരാറിലായാൽ പോലും വിദേശത്തേക്ക് റൂട്ട് ചെയ്യാനോ പകർപ്പുകളെടുക്കാനോ പാടില്ലെന്നും റഗുലേറ്റർ നിർദ്ദേശിച്ചിട്ടുണ്ട്. പ്രൊവൈഡർമാർ തത്സമയ നിരീക്ഷണത്തിനും നിയമപരമായ പരിശോധനകൾക്കും സൗകര്യമൊരുക്കണം. കൂടാതെ അനുമതി ലഭിച്ച് 12 മാസത്തിനുള്ളിൽ ഗേറ്റ്വേകൾ പ്രവർത്തനസജ്ജമാക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.