ന്യൂഡൽഹി: ഇന്ത്യയിലെ അതിസമ്പന്നരായ വനിതകളുടെ പട്ടിക പുറത്ത്. 2025ലെ ഹുറൂൺ റിച്ച് ലിസ്റ്റ് പ്രകാരം അരിസ്ത നെറ്റ്‍വർക്ക് സി.ഇ.ഒയും പ്രസിഡന്റുമായ ജയശ്രീ ഉള്ളാൽ ആണ് ഒന്നാംസ്ഥാനത്ത്. 50,170 കോടി രൂപയുടെ സമ്പത്തുമായാണ് ജയശ്രീ ഒന്നാമതെത്തിയത്. സോഹോയുടെ അധിപ രാധ വെമ്പുവാണ് പട്ടികയിൽ രണ്ടാംസ്ഥാനത്ത്. 46,580 കോടി രൂപയാണ് രാധയുടെ ആസ്തി. 39,810 കോടി രൂപയുടെ സ്വത്തുക്കളുള്ള നൈക്കയുടെ ഫാൽഗുനി നയ്യാർ ആണ് മൂന്നാമതുള്ളത്. 29,330 കോടി രൂപയുടെ ആസ്തിയുമായി കിരൺ മസുംദാർ ഷാ നാലാംസ്ഥാനത്തും ഉണ്ട്.
2008 മുതൽ കംപ്യൂട്ടർ നെറ്റ്‌വർക്കിങ് സ്ഥാപനമായ അരിസ്റ്റ നെറ്റ്‌വർക്കിന്റെ പ്രസിഡന്റും സി.ഇ.ഒയുമാണ് ജയശ്രീ ഉള്ളാൽ. പൊതുമേഖലാ സ്ഥാപനമായ അരിസ്റ്റ നെറ്റ്‌വർക്ക്സ് കഴിഞ്ഞ വർഷം 7 ബില്യൺ ഡോളർ വരുമാനം നേടി. ക്ലൗഡ് കംപ്യൂട്ടിങ് കമ്പനിയായ സ്നോഫ്ലേക്കിന്റെ ഡയറക്ടർ ബോർഡിലും ജയശ്രീ ഉണ്ട്. അരിസ്റ്റയുടെ ഓഹരിയുടെ ഏകദേശം മൂന്ന് ശതമാനം അവർക്കാണ്. അവർ മുമ്പ് സിസ്‌കോ സിസ്റ്റംസ്, സെമികണ്ടക്ടർ സ്ഥാപനമായ അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ്, ഫെയർചൈൽഡ് സെമികണ്ടക്ടർ എന്നിവയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സ്വകാര്യ ഉടമസ്ഥതയിലുള്ള സോഹോ കോർപറേഷനിൽ രാധ വെമ്പുവിന് വലിയ തോതിൽ ഓഹരികളുണ്ട്. 1996 ൽ അഡ്വെന്റ്നെറ്റ് എന്ന പേരിൽ ബിസിനസ് ആരംഭിച്ച അവരുടെ മൂത്ത സഹോദരൻ ശ്രീധർ വെമ്പുവാണ് സോഹോയുടെ സഹസ്ഥാപകൻ. മദ്രാസ് ഐ.ഐ.ടിയിൽ നിന്ന് ഇൻഡസ്ട്രിയൽ മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് രാധ.
2022ൽ ഇൻവെസ്റ്റ്‌മെന്റ് ബാങ്കർ ജോലി ഉപേക്ഷിച്ചതിന് ശേഷമാണ് ഫാൽഗുനി നയാർ സൗന്ദര്യവർദ്ധക വസ്തുക്കളുടെ റീട്ടെയിലറായ നൈക തുടങ്ങിയത്. ഇന്ത്യയിലുടനീളമുള്ള 200 ഓളം സ്റ്റോറുകൾ വഴി ആയിരക്കണക്കിന് ബ്രാൻഡുകൾ നൈക ഓൺലൈനായി വിൽപ്പന നടത്തുന്നുണ്ട്. യു.എസ് സ്വകാര്യ ഇക്വിറ്റി ഭീമനായ ടി.പി.ജി ഗ്രോത്ത്, ശതകോടീശ്വരൻമാരായ ഹർഷ് മാരിവാല, ഹാരി ബംഗ എന്നിവരും നൈകയുടെ മാർക്യൂ നിക്ഷേപകരിൽ ഉൾപ്പെടുന്നു.
ബയോടെക്നോളജിയിൽ നാലു പതിറ്റാണ്ടിലേറെ പരിചയമുള്ള സംരംഭകയാണ് കിരൺ മജുംദാർ ഷാ. 1978 ലാണ് അവർ ബയോടെക് തുടങ്ങിയത്. ബയോകോൺ ലിമിറ്റഡിന്റെയും ബയോകോൺ ബയോളജിക്സ് ലിമിറ്റഡിന്റെയും എക്സിക്യൂട്ടീവ് ചെയർപേഴ്‌സണാണ് ഇപ്പോൾ.
അസംസ്‌കൃത വസ്തുക്കളും ക്രെഡിറ്റുകളും നൽകുന്ന ഒരു ബി2ബി കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഓഫ്‌ബിസിനസിന്റെ സഹസ്ഥാപകയും സി.ഇ.ഒയുമാണ് രുചി കൽറ. ഓഫ്‌ബിസിനസ് സഹസ്ഥാപിക്കുന്നതിന് മുമ്പ്, കൽറ മക്കിൻസിയിൽ കൺസൾട്ടന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ശേഷം ഹൈദരാബാദിലെ ഐ.എസ്.ബിയിൽ നിന്ന് എം.ബി.എ നേടി.
90കളിലെ ബോളിവുഡ് താരറാണിയായിരുന്നു ജൗഹി ചൗള. ഇപ്പോൾ വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്റെ അധിപയാണവർ. ജൂഹിയുടെയും കുടുംബത്തിന്റെയും സമ്പത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 69ശതമാനം വർധനവുണ്ടായി.
അവരുടെ വരുമാനത്തിന്റെ ഒരു പ്രധാന ഭാഗം നൈറ്റ് റൈഡേഴ്‌സ് സ്‌പോർട്‌സിൽ നിന്നാണ്. ഷാരൂഖ് ഖാൻ കഴിഞ്ഞാൽ ബോളിവുഡിൽ ഏറ്റവും കൂടുതൽ സമ്പത്തുള്ള താരമാണ് ജൂഹി. 12,490 കോടി രൂപയാണ് ഷാരൂഖ് ഖാന്റെ ആസ്തി.
ലെൻസ്കാർട്ടിന്റെ സഹസ്ഥാപകയാണ് നേഹ ബൻസാൽ. നിലവിൽ കമ്പനിയുടെ വ്യാപാര, നിയമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഡി.എൻ.എസ് അഡ്വൈസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകയും ഡയറക്ടറുമായിരുന്നു അവർ. 2010 മുതൽ 2014 വരെ അതിൽ സേവനമനുഷ്ഠിച്ചു. ഡൽഹിയിൽ ജനിച്ചു വളർന്ന നേഹ ബികോം ഓണേഴ്‌സിൽ സ്കൂൾ വിദ്യാഭ്യാസവും ബിരുദവും പൂർത്തിയാക്കി.
പെപ്സിക്കോയുടെ സി.ഇ.ഒ ആയിരുന്ന ഇന്ദ്ര നൂയി 2019ലാണ് വിരമിച്ചത്. 24 വർഷം അവർ പെപ്സിക്കോയിലുണ്ടായിരുന്നു. സി.ഇ.ഒ എന്ന നിലയിൽ പെപ്സിക്കോയുടെ വിൽപന ഇരട്ടിയോളം വർധിപ്പിക്കാനും പലതരം ആരോഗ്യകരമായ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനും അവർക്ക് കഴിഞ്ഞു. 2019 ൽ ആമസോണിന്റെ ബോർഡിലും 2022 ൽ ഡച്ച് ബാങ്കിന്റെ ആഗോള ഉപദേശക സമിതിയിലും അവർ ചേർന്നു. 2023 ൽ എ.ഐ-പവർഡ് ഡാറ്റ സെക്യൂരിറ്റി ആൻഡ് മാനേജ്‌മെന്റ് സ്റ്റാർട്ടപ്പ് കോഹെസിറ്റിയുടെ പുതുതായി രൂപീകരിച്ച സി.ഇ.ഒ ഉപദേശക സമിതിയിലും ഉണ്ട്.
സ്ട്രീമിങ് ഡാറ്റാ ടെക്നോളജി സ്ഥാപനമായ കോൺഫ്ലൂനെറ്റിന്റെ സഹസ്ഥാപകയും മുൻ സി.ടി.ഒയുമാണ് നേഹ നാർഖെഡെ. ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമായ അപ്പാച്ചെ കാഫ്കയുടെ സഹസ്ഥാപകയും ഇപ്പോൾ കോൺഫ്ലൂനെന്റിന്റെ ബോർഡ് അംഗവുമാണ്. 2021 ൽ റിസ്ക് ഡിറ്റക്ഷൻ പ്ലാറ്റ്‌ഫോം ഡെവലപ്പറായ ഓസിലറിന്റെ സഹസ്ഥാപകയായിരുന്നു. കഴിഞ്ഞ വർഷം ഫോർബ്‌സ് അവരെ അമേരിക്കയിലെ സെൽഫ്-മെയ്ഡ് വനിതകളിൽ ഒരാളായി തെരഞ്ഞെടുത്തിരുന്നു. മഹാരാഷ്ട്രയിലെ പൂനെയിലാണ് ജനിച്ചത്.
ഇന്ത്യൻ ഓൺലൈൻ നിക്ഷേപ പ്ലാറ്റ്‌ഫോമായ അപ്‌സ്റ്റോക്‌സിന്റെ സഹസ്ഥാപകയാണ് കവിത സുബ്രഹ്മണ്യൻ. 2015 മുതൽ 2016 വരെ ലീപ്‌ഫ്രോഗ് ഇൻവെസ്റ്റ്‌മെന്റിന്റെ അസോസിയേറ്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ച അവർ ആക്റ്റിസ്, എസ്.കെ.എസ് മൈക്രോഫിനാൻസ് ലിമിറ്റഡിൽ ജോലി ചെയ്തിട്ടുണ്ട്. ബോംബെ ഐ.ഐ.ടി പൂർവ വിദ്യാർഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.