ട്രംപിന് പുല്ലുവില; ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ വർധന, ലാഭത്തിലും

മുംബൈ: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഇടിഞ്ഞതും റഷ്യൻ ഇറക്കുമതി വർധിച്ചതും ഇന്ത്യക്ക് സമ്മാനിച്ചത് ബംപർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ധന ഇറക്കുമതി വർധിച്ചിട്ടും ചെലവിൽ 14.7 ശതമാനത്തിന്റെ കുറവാണുണ്ടായത്. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയായ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ 60.7 ബില്ല്യൻ ഡോളർ അതായത് 5,38,983 കോടി രൂപയുടെ അസംസ്കൃത എണ്ണയാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 71.2 ബില്ല്യൻ ഡോളറാണ് ഇറക്കുമതിക്ക് നൽകിയത്.

എന്നാൽ, ഇന്ധന ഇറക്കുമതി 120.7 ദശലക്ഷം ടണിൽനിന്ന് 121.2 ദശലക്ഷം ടണായി കുതിച്ചുയർന്നു. അതുപോലെ ഈ വർഷം ആഭ്യന്തര വിപണിക്ക് ആവശ്യമായ ഇന്ധനത്തിന്റെ 88.4 ശതമാനവും രാജ്യം ഇറക്കുമതി ചെയ്തതാണെന്നും ​പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് തയാറാക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേസമയം, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി നിൽനിൽക്കെ ഇന്ത്യയുടെ റഷ്യൻ ഇന്ധന ഇറക്കുമതിയിലും വൻ വർധനയുണ്ടായി. ഒക്ടോബർ ആദ്യ പകുതിയിൽ ദിനംപ്രതിയുള്ള ഇറക്കുമതി 1.8 ദശലക്ഷം ബാരലായാണ് വർധിച്ചത്. ജൂലായിൽ1.59 ദശലക്ഷവും ആഗസ്റ്റിൽ 1.68 ദശലക്ഷവും സെപ്റ്റംബറിൽ 1.54 ദശലക്ഷവും ബാരലായി അസംസ്കൃത എണ്ണയുടെ ഇറക്കുമതി കുറഞ്ഞിരുന്നു.

നാവിക വ്യാപാരം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്ന കെപ്ലർ കമ്പനിയാണ് ഇന്ധന ഇറക്കുമതി കണക്കുകൾ പുറത്തുവിട്ടത്. വിലക്കുറവ് കാരണമാണ് ഇന്ത്യയിലെ കമ്പനികൾ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്തതെന്നും കമ്പനികളുടെ നയത്തിൽ മാറ്റമുണ്ടാകാനുള്ള സൂചനയില്ലെന്നും കെപ്ലറിലെ മുഖ്യ റിസർച്ച് അനലിസ്റ്റ് സുമിത് റിതോലിയ പറഞ്ഞു.

Tags:    
News Summary - INDIA'S OIL BILL DECLINES IN THE FIRST HALF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.