ന്യൂഡൽഹി: യു.എസ് ഡോളർ ദുർബലമായതിനെ തുടർന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 7 പൈസ ഉയർന്ന് 95.64 എന്ന നിരക്കിലെത്തി. എന്നാൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്നത് മൂല്യത്തിൽ വലിയ കുതിപ്പിന് തടസമായി. ഡോളർ സൂചിക കുറഞ്ഞെങ്കിലും ബ്രെന്‍റ് ക്രൂഡ് ഓയിൽ വിലയും ഇറക്കുമതിക്കാരുടെ വർധിച്ച ആവശ്യകതയും രൂപയുടെ നേട്ടം പരിമിതപ്പെടുത്തിയതായി വിദേശനാണ്യ വ്യാപാരികൾ പറഞ്ഞു.
ഇറാന്‍റെ എണ്ണവ്യാപാരം, ബാങ്കിങ് ശൃംഖല, കപ്പൽ ഗതാഗത പാതകൾ എന്നിവ ലക്ഷ്യമിട്ട് യു.എസ് പുതിയ ഉപരോധങ്ങൾ പ്രഖ്യാപിക്കാനിരിക്കെ നിക്ഷേപകർ ജാഗ്രത പുലർത്തുന്നുണ്ട്. വെള്ളിയാഴ്ച ഡോളറിനെതിരെ 3 പൈസ ഉയർന്ന് 95.71 എന്ന നിരക്കിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.
6 പ്രധാന വിദേശ കറൻസികൾക്കെതിരെയുള്ള ഡോളറിന്‍റെ മൂല്യം അളക്കുന്ന ഡോളർ സൂചിക 0.03 ശതമാനം ഉയർന്ന് 98.82ലാണ് വ്യാപാരം നടത്തുന്നത്. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് 1.32 ശതമാനം ഇടിഞ്ഞ് ബാരലിന് 93.14 ഡോളറിലെത്തി. ആഭ്യന്തര ഓഹരി വിപണിയിൽ തുടക്കത്തിൽ സെൻസെക്സ് 202.42 പോയിന്‍റ് ഉയർന്ന് 77,744.15 ലും, നിഫ്റ്റി 55.35 പോയിന്‍റ് ഉയർന്ന് 24,309 ലും വ്യാപാരം നടത്തി.
ഓഹരി വിപണിയിലെ കണക്കുകൾ പ്രകാരം വിദേശ നിക്ഷേപകർ വെള്ളിയാഴ്ച 542.71 കോടി രൂപയുടെ ഓഹരികൾ അറ്റാടിസ്ഥാനത്തിൽ വിറ്റഴിച്ചു. ഓഗസ്റ്റ് 14 ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 9.905 ശതകോടി ഡോളർ വർധിച്ച് 716.907 ശതകോടി ഡോളറിലെത്തിയതായി റിസർവ് ബാങ്ക് വെള്ളിയാഴ്ച അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.