ജാപ്പനീസ് വാഹന ഭീമനായ ഹോണ്ട മോട്ടോർ (Honda Motor) തങ്ങളുടെ പുതിയ തലമുറ വാഹനങ്ങൾക്കായി ടാറ്റ ഗ്രൂപ്പിന്റെ ടാറ്റ ടെക്നോളജീസുമായി (Tata Technologies) കരാറിലൊപ്പിട്ടു. ഹോണ്ടയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ എഞ്ചിനീയറിങ് സ്ഥാപനത്തിന് എൻഡ്-ടു-എൻഡ് വെഹിക്കിൾ പ്ലാറ്റ്‌ഫോം നിർമാണ ചുമതല നൽകുന്നത്.
പെട്രോൾ/ഡീസൽ (ഐ.സി.ഇ), ഹൈബ്രിഡ്, ഇലക്ട്രിക് (ഇവി) പവർട്രെയിനുകളെ പിന്തുണക്കുന്ന രീതിയിലാണ് ഈ പുതിയ മൾട്ടി-പവർട്രെയിൻ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്യുന്നത്. ഇത് വാഹനത്തിന്റെ നിർമാണച്ചെലവ് ഗണ്യമായി കുറക്കാനും ഉൽപ്പന്നങ്ങൾ വിപണിയിൽ വേഗത്തിൽ എത്തിക്കാനും സഹായിക്കും. ഇന്ത്യ ഉൾപ്പെടെയുള്ള പ്രധാന വിപണികളിൽ മാരുതി സുസുക്കി, ടൊയോട്ട തുടങ്ങിയ എതിരാളികളോട് കടുത്ത മത്സരം കാഴ്ചവെക്കാൻ ഇത് ഹോണ്ടയെ പ്രാപ്തമാക്കുമെന്നാണ് വിലയിരുത്തൽ.
ആഗോള വാഹനവിപണിയിൽ നിലവിലുള്ള മത്സരങ്ങളിൽ പിടിച്ചുനിൽക്കുന്നതിനും നൂതന സാങ്കേതികവിദ്യകൾ വേഗത്തിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനും ഇത്തരം സഹകരണങ്ങൾ അനിവാര്യമാണെന്ന് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ടാറ്റയുടെ ഇന്ത്യൻ വിപണിയിലെ ശക്തമായ അടിത്തറയും ഹോണ്ടയുടെ എഞ്ചിനീയറിങ് മികവും ജാപ്പനീസ് സാങ്കേതിക വൈദഗ്ധ്യവും സംയോജിക്കുമ്പോൾ വാഹനപ്രേമികൾക്ക് മികച്ച യാത്രാനുഭവവും പുതിയ മോഡലുകളും പ്രതീക്ഷിക്കാവുന്നതാണ്.
നിലവിൽ ഹോണ്ട അമേസ്, സിറ്റി, എലിവേറ്റ്, ഇസഡ്ആർ- വി തുടങ്ങിയ വാഹനങ്ങളാണ് ഹോണ്ടയിൽ നിന്നും ഇന്ത്യൻ വിപണിയിൽ വിൽപ്പന നടത്തുന്നത്. അതിൽ സെഡാൻ വകഭേദത്തിൽ വിപണിയിൽ വലിയ ഓളം സൃഷ്ട്ടിച്ച ഹോണ്ടയുടെ സിറ്റി ഇന്നും വാഹന പ്രേമികൾക്ക് ജനപ്രിയമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ ടാറ്റ മോട്ടോർസ് ആഭ്യന്തര വിപണിക്ക് പുറമെ വിദേശ വിപണിയിലും ശക്തമായ സാന്നിധ്യം നിലനിർത്തുന്നുണ്ട്. കൂടാതെ പെട്രോൾ, ഡീസൽ, ഇലക്ട്രിക്ക്, സി.എൻ.ജി തുടങ്ങിയ വിവിധ പവർട്രെയിനുകളിൽ വിപണിയിൽ എത്തുന്ന വാഹനങ്ങളുടെ ഹൈബ്രിഡ് വകഭേദംകൂടെ അവതരിപ്പിച്ചാൽ സർവ മേഖലയിലും ആധിപത്യം പുലർത്താൻ ടാറ്റക്ക് സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.